പഴയന്നൂർ: വ്യാജ പട്ടയമുപയോഗിച്ച് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ ശ്രമിച്ചെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിനു തുടക്കമായി.കോലഴി അറയ്ക്കൽ സന്തോഷ് നൽകിയ പരാതിയിൽ തൃശൂർ വിജിലൻസ് കോടതിയുടെ ഉത്തരവിൻപ്രകാരമാണ് അന്വേഷണം. പരാതിക്കാരന്റെ വടക്കേത്തറ വില്ലേജ് റീസർവേ 462/11,12 ൽ ഉൾപ്പെട്ട 51.5 സെന്റ് മതിയായ തീറുനല്കി പഴയന്നൂർ സബ് രജിസ്ട്രാർ ഓഫീസിലെ 1697/1/2009 നന്പർ ആധാരപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്.
2012ൽ ഒന്നാം എതിർകക്ഷിയായ കോടത്തൂർ പാന്പ്രോത്ത് പറന്പിൽ ചാമി ഈ സ്ഥലത്ത് അതിക്രമിച്ചു കൈയേറി ആധിപത്യം സ്ഥാപിച്ചതിനെത്തുടർന്നാണ് പ്രശ്നങ്ങൾക്കു തുടക്കമായത്.സന്തോഷിന്റെ ഉടമസ്ഥതയിലുള്ള 21.5 സെന്റ് സ്ഥലം ചാമിക്കു ബി3/12458/1976 പട്ടയപ്രകാരം സിദ്ധിച്ചതാണെന്നായിരുന്നു അവകാശവാദം. വ്യാജപട്ടയത്തിനുള്ള രേഖകൾ വടക്കേത്തറ വില്ലേജ് ഓഫീസറും തലപ്പിള്ളി മുൻ അഡീഷണൽ തഹസിൽദാറും ചേർന്നു നൽകിയെന്നുമാണ് പരാതിക്കാരന്റെ ആരോപണം.
വ്യാജ പട്ടയമുപയോഗിച്ച് ഭൂമി തട്ടിയെടുക്കാനുള്ള സാഹചര്യം ഉണ്ടായപ്പോൾ പരാതിക്കാരൻ അനുകൂല വിധി ഹൈക്കോടതിയിൽനിന്നും നേടിയെടുക്കുകയുമുണ്ടായി. പരാതിക്കാരന്റെ പട്ടയപ്രകാരമാണ് പോക്കുവരവ് ചെയ്തു നൽകേണ്ടതെന്നും മൂന്നുമാസത്തെ കാലാവധിക്കുള്ളിൽ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള പരാതി തീർപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവ് നൽകിയിരുന്നു.
പരാതിക്കാരന്റെ സ്ഥലത്ത് അതിക്രമിച്ചു കടന്നാൽ പോലീസ് സംരക്ഷണം തേടാനും ഉത്തരവായി. ഒരേ സർവേയിലുള്ള വഹകൾക്കു വ്യത്യസ്ത അവകാശങ്ങൾ നിലവിലുള്ളതു പരിശോധിക്കാതെ എതിർകക്ഷികളുടെ താത്പര്യങ്ങൾക്ക് അനുകൂലമായി ഉദ്യോഗസ്ഥർ ചെയ്തുനൽകിയെന്നാണ് പരാതിക്കാരന്റെ ആക്ഷേപം. പഴയന്നൂർ കല്ലംപറന്പിൽ ശ്രീകുമാർ, റിട്ട. അസി. തഹസിൽദാർ പി.കെ. ഗോപാലൻ, വടക്കേത്തറ വില്ലേജ് ഓഫീസർ സുനിൽകുമാർ എന്നിവരാണ് എതിർകക്ഷികൾ.
അന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ് ഇൻസ്പെക്ടർ പി.ആർ. സരീഷിന്റെ നേതൃത്വത്തിൽ പഴയന്നൂർ സബ് രജിസ്ട്രാർ ഓഫീസും വടക്കേത്തറ വില്ലേജ് ഓഫീസും സന്ദർശിച്ചു.