കൊച്ചി: വിദേശ റിക്രൂട്ട്മെന്റുകളുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികളും കേസുകളും തടയാനൊരുങ്ങി കൊച്ചി സിറ്റി പോലീസ്. ഇതിന്റെ ഭാഗമായി കൊച്ചി സിറ്റി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അംഗീകൃത വിദേശ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുടെയും നടത്തിപ്പുകാരുടെയും യോഗം സിറ്റി പോലീസ് കമ്മീഷണറുടെ അധ്യക്ഷതയിൽ ചേർന്നു. റിക്രൂട്ട്മെന്റുകളുടെ മറവിൽ നടക്കുന്ന തെറ്റായ പ്രവണതകൾ തടയുമെന്നും അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ പറഞ്ഞു.
ഏതു രാജ്യത്തേക്കാണോ റിക്രൂട്ട്മെന്റ് നടത്തുന്നത് ആ രാജ്യത്തെ ഇന്ത്യൻ എംബസി സാക്ഷ്യപ്പെടുത്തിയ തൊഴിൽകരാർ, റിക്രൂട്ട്മെന്റ് നടത്തുന്നതിന് അനുവദിച്ചുകൊണ്ടുള്ള പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സിന്റെ അനുമതി എന്നിവ കർശനമായും ഏജൻസിയുടെ കൈവശം ഉണ്ടായിരിക്കണം. കൂടാതെ ഇന്റർവ്യൂ നടത്തുന്ന സ്ഥലവും തീയതിയും പോലീസിനെ മുൻകൂറായി അറിയിച്ച് അനുവാദം വാങ്ങേണ്ടതുമാണ്.
ഉദ്യോഗാർഥിക്ക് വാഗ്ദാനം ചെയ്യപ്പെട്ട തൊഴിൽതന്നെയാണ് ലഭിക്കുന്നതെന്നും വാഗ്ദാനം ചെയ്യപ്പെട്ട ശന്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്നും റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾ ഉറപ്പു വരുത്തേണ്ടതാണ്. വിദേശത്ത് എത്തിയശേഷം തൊഴിൽ ഉടമയിൽ നിന്ന് മോശം സാഹചര്യം നേരിട്ടാൽ റിക്രൂട്ട്മെന്റ് നടത്തിയ സ്ഥാപനത്തെ സമീപിക്കുന്ന ബന്ധുക്കളോളും സുഹൃത്തുക്കളോടും സൗഹൃദപരമായി ഇടപെട്ട് വിദേശത്തുള്ള ഉദ്യോഗാർഥിയുടെ പ്രശ്നപരിഹാരത്തിനായി ശ്രമിക്കേണ്ടത് സ്ഥാപനത്തിന്റെ ഉത്തരവാദിത്വമാണെന്നും പോലീസിന്റെ സഹായം ആവശ്യമുള്ള സാഹചര്യങ്ങളിൽ അത് ഉറപ്പാക്കണമെന്നും കമ്മീഷണർ അറിയിച്ചു.
ഓരോ റിക്രൂട്ട്മെന്റ് ഏജൻസികളുടെയും ലൈസൻസിൽ പറഞ്ഞിട്ടുള്ളത്ര പാസ്പോർട്ടുകൾ മാത്രമേ കൈവശം വയ്ക്കാവൂ, നിബന്ധനകൾ പ്രകാരമുള്ള ഫീസ് മാത്രം ഉദ്യോഗാർഥികളിൽ നിന്ന് ഈടാക്കുക തുടങ്ങിയ കാര്യങ്ങളും സ്ഥാപനങ്ങൾക്ക് ബാധകമായിരിക്കും. വിദൂര സ്ഥലങ്ങളിൽ ഹെഡ് ഓഫീസുള്ള സ്ഥാപനങ്ങൾക്ക് കൊച്ചിയിൽ അംഗീകൃത ബ്രാഞ്ച് ഓഫീസ് ഉണ്ടെങ്കിൽ മാത്രമേ റിക്രൂട്ട്മെന്റ് അനുമതി നൽകൂവെന്നും സബ് ഏജൻസികൾക്ക് റിക്രൂട്ട്മെന്റ് നൽകുന്ന പ്രവണത അംഗീകരിക്കില്ലെന്നും കമ്മീഷണർ വ്യക്തമാക്കി