അമരവിള: പെരുങ്കടവിളയിലെ വാഴകർഷകർക്ക് ലഭിക്കുന്ന വളം ഗുണനിലവാരമില്ലാത്തതെന്ന് പരാതി. ചടയമംഗലത്ത് പ്രവർത്തിക്കുന്ന കേരളാ സ്റ്റേറ്റ് റബർ മാർക്കറ്റിംഗ് ഫെഡറേഷൻ വഴി വിതരണം ചെയ്യുന്ന വളത്തിനാണ് ഗുണനിലവാരമില്ലെന്ന് കർഷകരുടെ പരാതി. കന്പനിയുടെ 8- 8- 16 വിഭാഗത്തിലെ മിക്സർ വളത്തിലാണ് ഗുരുതരമായ ക്രമക്കേടുണ്ടെന്നാണ് കർഷകർ ആരോപിക്കുന്നത്.
വളത്തിന്റെ പാക്കറ്റിന്റെ പുറത്ത് റബർ മിക്സെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും വാഴകർഷകരാണ് ഇത്തരം വളം കൂടുതലായി ഉപയോഗിക്കുന്നതെന്ന് കർഷകർ പറഞ്ഞു. എന്നാൽ വളത്തിന്റെ ദൗർലഭ്യം മനസിലാക്കി റബറിന് വേണ്ടി തയാറാക്കുന്ന വളം വാഴകർഷകരുടെ മേൽ അടിച്ചേൽപ്പിക്കുയാണെന്നും അരോപണമുണ്ട്.
ഒരു വർഷം മുന്പ് ഇതേ കന്പനി വിതരണം ചെയ്തിരുന്ന 18- 18 വിഭാഗത്തിൽ പെട്ട വളമാണ് കർഷകർക്ക് ലഭിച്ചിരുന്നത്. എന്നാൽ ഈ വളത്തിന് കമ്മീഷൻ കുറവായതിനാലാണ് ഗുണനിലവാരമില്ലാത്ത വളം കർഷകരുടെ മേൽ അടിച്ചേൽപ്പിക്കുന്നതെന്ന് കർഷകർ ആരോപിച്ചു.
100 കിലോ 8- 8- 16 വിഭാഗത്തിലെ വളത്തിന് 1220 രൂപയാണ് കർഷകർ നൽകേണ്ടത് . എന്നാൽ കഴിഞ്ഞ ദിവസം പാക്കറ്റിൽ നിന്നും ഒരു കിലോ വളം വെള്ളത്തിലിട്ട് കഴുകിയ കർഷകൻ വെള്ളം വറ്റിച്ച് കളഞ്ഞപ്പോൾ 650 ഗ്രാമോളം മണലും കല്ലും ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് വളം വിതരണം ചെയ്ത സഹകരണ സംഘത്തിലും കൃഷിഓഫീസിലും പരാതി നൽകി.
കൃഷി ഓഫീസർക്ക് വളത്തിന്റെ സാന്പിളും കർഷകൻ എത്തിച്ച് കൊടുത്തു. 100 കിലോ വളം കർഷകൻ വാങ്ങുന്പോൾ 50 വാഴകൾക്ക് പോലും പൂർണമായി വളം ഇടാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും കർഷകരെ പറ്റിക്കുന്ന ഇത്തരം കന്പനികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും പെരുങ്കടവിളയിലെ കാർഷക കൂട്ടായ്മ ആവശ്യപ്പെട്ടു.