ആലുവ: ഉറക്കമിളച്ച് വർഷങ്ങളോളം പഠിച്ച് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയിരുന്ന കാലംപോയി. കൈയിൽ കാശുണ്ടെങ്കിൽ ആലുവയിൽ വന്ന് ഏതു യൂണിവേഴ്സിറ്റിയുടെയും വ്യാജ ബിരുദ-ബിരുദാനന്തര സർട്ടിഫിക്കറ്റുമായി മടങ്ങാം. ഇതിനായി വർഷങ്ങളായി പ്രവർത്തിച്ചുവന്നിരുന്ന ഇന്റർനാഷണൽ അക്കാദമി ഓഫ് എൻജിനീയറിംഗ് ടെക്നോളജി ആൻഡ് മാനേജ്മെന്റ് (ഐ.എ.ഇ.ടി) എന്ന വ്യാജ വിദ്യാഭ്യാസ സ്ഥാപനം കുടുങ്ങി.
പോലീസ് റെയ്ഡ് നടത്തിയപ്പോഴാണ് തട്ടിപ്പുകൾ പുറത്തുവന്നത്. സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ കുട്ടമശേരി കുടിലിൽ വീട്ടിൽ ബാസിദ് (38) സഹോദരൻ ഗസ്നവി (36) എന്നിവരെയാണ് ആലുവ ഈസ്റ്റ് പോലീസ് കുടുക്കിയത്. അംഗീകാരമുള്ള സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിച്ച് വെബ്സൈറ്റിൽ പരസ്യം നല്കിയായിരുന്നു ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്.
എംജി, പെരിയാർ, അണ്ണാമലൈ തുടങ്ങിയ രാജ്യത്തെ പ്രമുഖ യൂണിവേഴ്സിറ്റികളുടെ വ്യാജ ബിരുദ-ബിരുദാനന്തര സർട്ടിഫിക്കറ്റുകൾ ഇവർ നല്കിയിരുന്നത്. വ്യാജ സർട്ടിഫിക്കറ്റിന് 25,000 രൂപയും എംബസി അറ്റസ്റ്റേഷന് 10,000 രൂപയുമാണ് ഈടാക്കിയിരുന്നത്.
ഇതിനായി ആലുവ ടാസ് റോഡിൽ വ്യാജവിദ്യാഭ്യാസ സ്ഥാപനവും നടത്തിയിരുന്നു. റൂറൽ എസ്പി രാഹുൽ ആർ. നായർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നു സ്ഥാപനത്തിൽ പരിശോധനയ്ക്ക് എത്തിയ പോലീസ് വ്യാജ യൂണിവേഴ്സിറ്റി ആസ്ഥാനം കണ്ട് ഞെട്ടി. വിവിധ ഡിപ്ലോമ, ഡിഗ്രി, ബി.ടെക് കോഴ്സുകളുടെ വ്യാജസർട്ടിഫിക്കറ്റുകൾ പോലീസ് പിടിച്ചെടുത്തു. കൂടാതെ മാർക്ക് ലിസ്റ്റുകൾ, സീലുകൾ, കംപ്യൂട്ടറുകൾ, ലാപ്ടോപ്പ്, പ്രിന്റർ എന്നിവയും കണ്ടെടുത്തു.
വിദേശരാജ്യങ്ങളിൽ ജോലിക്കായാണ് ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റ് വാങ്ങിയിരുന്നത്. ഇത്തരത്തിൽ പഠിതാക്കളുടെ പേര് രേഖപ്പെടുത്തിയ 51 സർട്ടിഫിക്കറ്റുകൾ, മൂന്ന് വർഷത്തെ മാർക്ക് ലിസ്റ്റുകൾ എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടും. ഇവരിൽ നിന്നും വ്യാജ സർട്ടിഫിക്കറ്റുകൽ കരസ്ഥമാക്കിയ ചിലരെക്കുറിച്ചുള്ള വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവർ താമസിക്കുന്ന കുട്ടമശേരിയിലെ വീട്ടിലും പോലീസ് ഇന്നലെ റെയ്ഡ് നടത്തിയിരുന്നു.
വീട്ടുപേരിൽ കുടിലിൽ എന്നാണെങ്കിലും പ്രതികളുടെ ജീവിതം ആഢംബര വീടുകളിലായിരുന്നു. അഞ്ച് വർഷം മുന്പാണ് ഇവർ കുട്ടമശേരിയിൽ വാടകയ്ക്ക് താമസിക്കാനെത്തിയത്. ഒരുവർഷം മുന്പ് ഇവിടെനിന്നും താമസം മാറിയിരുന്നു. എന്നാൽ ഇവർ വാടകയ്ക്ക് താമച്ചിരുന്ന കുട്ടമശേരി ഭാഗം സുരക്ഷിതമാണെന്ന് മനസിലാക്കിയ സംഘം ഇവിടെ തന്നെ ഒരു ആഢംബര വീട് സ്വന്തമായി വാങ്ങുകയും ചെയ്തു.
ഒരാഴ്ച മുന്പായിരുന്നു ഇവിടത്തെ ഗൃഹപ്രവേശം. ആഢംബര കാറുകളിലും ബൈക്കുകളിലും സഞ്ചരിച്ചിരുന്ന ഇവർ നാട്ടുകാരുമായി കൂടുതൽ സൗഹൃദം സ്ഥാപിച്ചിരുന്നില്ല. ആലുവ ഡിവൈഎസ്പി വിദ്യാധരന്റെ നിർദേശപ്രകാരം ആലുവ ഈസ്റ്റ് എസ്ഐ ഒ.എൻ.എസ്. സലീഷ്, എസ്ഐ പി.കെ. മോഹിത് എന്നിവർ റെയ്ഡിന് നേതൃത്വം നല്കി.