തൃശൂർ: ജില്ലയിൽ വ്യാജ ഡോക്ടർമാരെ കണ്ടെത്താൻ ആരോഗ്യവകുപ്പ് റെയ്ഡ് ആരംഭിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും നാൽപതിലധികം പരാതികൾ ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചതെന്ന് ഡിഎംഒ ഡോ. കെ.കെ.റെജീന പറഞ്ഞു. ആരോഗ്യവകുപ്പിലെ 66 ജീവനക്കാർ 21 സംഘങ്ങളായി തിരിഞ്ഞാണ് മിന്നൽ പരിശോധന നടത്തുന്നത്.
പല സ്ഥലങ്ങളിലും ബോർഡുവച്ചുവരെ വ്യാജ ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നുണ്ടെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. പനിയും മറ്റു രോഗങ്ങളും പടർന്നു പിടിക്കുന്ന സമയമായതിനാൽ ഏതെങ്കിലും ഡോക്ടർമാരെ കണ്ട് മരുന്നുവാങ്ങി കഴിക്കുന്ന രീതിയാണ് ആളുകൾ സ്വീകരിക്കുന്നത്.
ഡോക്ടർമാർ വ്യാജനാണോ എന്നു പരിശോധിക്കാൻ പൊതുജനങ്ങൾക്ക് സാധിക്കാത്ത സാഹചര്യമാണ്. മുറിവൈദ്യൻമാർ മരുന്നു നിർദ്ദേശിച്ച് കൂടുതൽ അപകടങ്ങളിലേക്ക് കാര്യങ്ങൾ എത്തിക്കുന്ന സാഹചര്യമുണ്ടെന്ന സൂചന ലഭിച്ചതും മിന്നൽ പരിശോധന നടത്താൻ കാരണമായി. പരിശോധന വൈകിട്ടു വരെ തുടരും. പരിശോധന നടത്തുന്നതറിഞ്ഞ് ചില സ്ഥലങ്ങളിൽ ഡോക്ടർമാർ രോഗികളെ കാണാൻ എത്തിയിട്ടില്ലെന്നും പറയുന്നു.