സ്വന്തം ലേഖകൻ
തൃശൂർ: ഡോക്ടർ ചമഞ്ഞ് വീടുകളിലെത്തി പ്രായമായ സത്രീകളെ കബളിപ്പിച്ച് സ്വർണം കവരുന്ന യുവാവിനെ ഷാഡോ പോലീസ് അറസ്റ്റു ചെയ്തു. ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി ആലപ്പുഴ വീട്ടിൽ ഷൈനാണ് (34)അറസ്റ്റിലായത്.പ്രായമായ സ്ത്രീകൾ താമസിക്കുന്ന വീടുകളിലെത്തി ആരോഗ്യവകുപ്പിൽ നിന്നാണെന്നും ആയുർവേദ ഡോക്ടറാണെന്നും പറഞ്ഞു വിശ്വസിപ്പിച്ച് ചികിത്സിക്കാനാണെന്ന വ്യാജേന ദേഹപരിശോധന നടത്തി സ്ത്രീകളുടെ സ്വർണം കവർന്ന നിരവധി കേസുകളിൽ പ്രതിയാണിയാൾ.
പ്രായമായ സ്ത്രീകൾ താമസിക്കുന്ന വീട്ടിലെത്തി ആരോഗ്യവകുപ്പിൽ നിന്നും വയസായ ആളുകൾക്ക് ചികിത്സാ ധനസഹായമായി മുപ്പതിനായിരം രൂപ പാസായിട്ടുണ്ടെന്നും റേഷൻ കാർഡും ആധാറും പരിശോധിക്കണമെന്നും അതിനു മുന്പ് അസുഖ വിവരങ്ങൾ രേഖപ്പെടുത്താനായി ദേഹപരിശോധന നടത്തണമെന്നും പറഞ്ഞാണ് ഇയാൾ തട്ടിപ്പ് നടത്താറുള്ളത്.
ദേഹപരിശോധനക്ക് കട്ടിലിൽ കിടക്കുന്പോൾ മാല ഉൗരിവെക്കാനാവശ്യപ്പെടുകയും കണ്ണടച്ച് കിടക്കാൻ ആവശ്യപ്പെട്ട ശേഷം സ്ത്രീകളറിയാതെ മാലയുമായി കടന്നുകളയുകയുമാണ് ഇയാൾ ചെയ്യാറുള്ളത്.മറ്റു ചിലയിടത്ത് ആയുർവേദ ഡോക്ടറാണെന്നും പറഞ്ഞെത്തിയാണ് തട്ടിപ്പ്. ഷൈൻ കെട്ടിട നിർമാണ തൊഴിലാളിയാണെങ്കിലും മൂന്നുവർഷമായി ഇയാൾ യാതൊരു ജോലിക്കും പോയിരുന്നില്ല. ധൂർത്തടിച്ചിട്ടുള്ള ആഢംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നത്.
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ രാഹുൽ.ആർ.നായരുടെ നിർദ്ദേശാനുസരണം തൃശൂർ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സിനോജ്, തൃശൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പി.വാഹിദ്, ഈസ്റ്റ് സിഐ കെ.സി.സേതു, എസ്ഐ ശശികുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ സതീഷ് പുതുശ്ശേരി, ഷാഡോ പോലീസ് അംഗങ്ങളായ എഎസ്ഐ മാരായ എൻ.ജി.സുവ്രതകുമാർ, പി.എം.റാഫി, കെ.ഗോപാലകൃഷ്ണൻ, വിനയൻ സിപിഒമാരായ ടി.വി.ജീവൻ, പി.കെ.പഴനിസ്വാമി, എം.സ്. ലിഗേഷ് , വിപിൻദാസ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘമാണ് കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.