കയ്പമംഗലം: മതിലകം കൂളിമുട്ടത്തുനിന്ന് 128 കുപ്പി വ്യാജ വിദേശമദ്യം പിടികൂടി. സംഭവത്തിൽ കൂളിമുട്ടം കൂനിയാറ വീട്ടിൽ നിധേഷിനെ (27) അറസ്റ്റ് ചെയ്തു. രണ്ടാംപ്രതി ശ്രീനാരായണപുരം പഞ്ചായത്തിലെ പുതുമനപറന്പു സ്വദേശി അനിൽകുമാർ ഒളിവിലാണ്.
കറുകച്ചാൽ പള്ളിയുടെ പടിഞ്ഞാറു ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന നിധേഷിന്റെ വീടിനകത്തുനിന്ന് മാക് ഡൗൾ ബ്രാൻഡിലുള്ള 80 കുപ്പി മദ്യവും 48 കുപ്പികൾ വീടിനു പുറത്തുനിർത്തിയിട്ടിരുന്ന നാനോ കാറിൽനിന്നുമാണ് കണ്ടെടുത്തത്. ഹോളോഗ്രാം സ്റ്റിക്കർ പതിച്ച മുപ്പതിനായിരം മൂടികളും കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.
ഒർജിനലിനെപ്പോലും വെല്ലുന്ന രീതിയിലാണ് ഇയാൾ മദ്യക്കുപ്പികൾ ഒരുക്കിയിരുന്നത്. കുപ്പിയുടെ അടപ്പിൽ പ്രിന്റ് ചെയ്തിരുന്ന ഹോളോഗ്രാം സ്റ്റിക്കർ ശിവകാശിയിലാണ് പ്രിന്റ് ചെയ്തിരുന്നത്. എക്സ്സൈസ് അധികൃതർ കണ്ടെ ത്തിയിട്ടുണ്ട ്.
ഇയാളുടെ വീട്ടിൽ നിരവധിപേർ വ്യാജമദ്യം വാങ്ങാൻ എത്തിയിരുന്നു. കന്നാസിൽ നിറച്ച വ്യാജൻ നിധേഷിന്റെ വീട്ടിൽ എത്തിച്ച് ഇടനിലക്കാർ മുഖേനയായിരുന്നു വില്പന. കൂനിയാറ കോളനിയിൽ താമസിച്ചിരുന്ന പ്രതിയും ഭാര്യയും ഒരു വർഷം മുൻപാണ് വാടകവീട്ടിലേക്കു താമസം മാറിയത്.
എക്സൈസ് റേഞ്ച് ഓഫീസർ വി.പി. സുധാകരന്റെ നേതൃത്വത്തിൽ എം.കെ. കൃഷ്ണൻ, സി.ബി. ജോഷി, അബ്ദുൾ ജബ്ബാർ, അനിൽകുമാർ, സന്തോഷ് കുമാർ, ശോഭിത്, അനുരാഗ്, സിജി എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.