അഞ്ചല്‍ : അഞ്ചല്‍, ഏരൂര്‍ പ്രദേശങ്ങളില്‍ നാഡി ചികിത്സയുടെ മറവില്‍ നാട്ടുകാരെ ചികിത്സിക്കുകയും ചികിത്സയുടെ പേരില്‍ വന്‍ തുക കൈപ്പറ്റി മുങ്ങുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. തെലുങ്കാന സ്വദേശി ലക്ഷ്മണ് രാജ് എന്നയാളാണ് നാട്ടുകാരെ നാഡി ചികിത്സയുടെ പേരില്‍ കബളിപ്പിച്ചത്.
പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഏരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആണ് കേസ് അന്വേഷിക്കുക്കത്. വേഗത്തില്‍ അസുഖങ്ങള്‍ സുഖപ്പെടുത്തുമെന്ന് വിശ്വസിപ്പിച്ചു മരുന്നുകളില്‍ അമിതമായ ലവില്‍ മെര്‍ക്കുറി ചേര്‍ത്ത് നാട്ടുകാരെ കബളിപ്പിക്കുകയായിരുന്നു വ്യാജ വൈദ്യന് ചെയ്തിരുന്നത്.
ഇയാള്‍ ചികിത്സിച്ച നാലുവയസുകാരന് അടക്കമുള്ളവര്‍ ഗുരുതാരവസ്ഥയില്‍ ആശുപത്രിയിലായതോടെയാണ് വ്യാജ വൈദ്യനെയും ചികിത്സകളേയും കുറിച്ച് പുറംലോകം അറിയുന്നത്. ചികിത്സയുടെ മറവില്‍ ഇയാള്‍ ലക്ഷങ്ങള്‍ പലരില്‍ നിന്നുമായി തട്ടിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പരാതികള്‍ എത്തിയതോടെ പോലീസ് കേസ് എടുത്തു.
ഇതോടെ ഇയാളും കൂട്ടാളികളും ഒളിവില്‍ പോയിരിക്കുകയാണ്. ഒന്നിലധികം ആളുകള്‍ ഇത്തരത്തില്‍ ചികിത്സയുടെ മറവില്‍ പല സ്ഥലങ്ങളില്‍ നിന്നുമായി പണം തട്ടിയിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ തട്ടിപ്പിന് പിന്നില്‍ കൂടുതല്‍ സംഘം പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തെക്കുറിച്ചറിഞ്ഞ ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജില്ല മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്ത് നേരിട്ടെത്തി നാട്ടുകാരില്‍ നിന്നും വിവരം ശേഖരിച്ചുവരികയാണ്