ചാവക്കാട്: ആറുവയസുകാരിയെ ലൈംഗികമായി ചൂഷണംചെയ്ത വ്യാജ സിദ്ധനെ പോലീസ് പിടികൂടി റിമാൻഡ് ചെയ്തു. വരോട്, മന്പറം പാപ്പ എന്നീ പേരുകളിൽ അറിയപ്പെടുന്ന പട്ടാന്പി മുതുതല സ്വദേശി മുലയ്ക്കൽ മുഹമ്മദ് വീരാവു(58)വിനെയാണ് ചാവക്കാട് ഇൻസ്പെക്ടർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
എടക്കഴിയൂരിലെ രണ്ടാം ക്ലാസുകാരിയെ ഇക്കഴിഞ്ഞ ഡിസംബറിലാണ് പീഡിപ്പിച്ചത്. കുട്ടിയുടെ പിതാവ് മരിച്ചു. രോഗശയ്യയിലുള്ള മാതാവിനുവേണ്ടി പ്രാർഥിക്കാൻ സഹോദരി എരുമപ്പെട്ടി വരവൂരിലുള്ള മുസ്ലിം പള്ളിയിൽ പ്രാർഥിക്കാൻ പോയിരുന്നു. അവിടെവച്ചാണ് സിദ്ധൻ മുഹമ്മദിനെ പരിചയപ്പെടുന്നത്.
പ്രാർഥനകളും മന്ത്രങ്ങളും ചൊല്ലി തന്റെ വിരലിൽ കിടക്കുന്ന അത്ഭുതസിദ്ധിയുള്ള മോതിരത്തിലെ കല്ല് മുത്തിക്കുന്നതു കണ്ട യുവതി തന്റെ സഹോദരിയുടെ രോഗബാധയെക്കുറിച്ച് പറഞ്ഞു. മുഹമ്മദ് തന്റെ സിദ്ധികൊണ്ട് രോഗം മാറ്റാമെന്ന് ഉറപ്പുകൊടുത്തു. സ്ഥലം അന്വേഷിച്ചറിഞ്ഞ മുഹമ്മദ് കഴിഞ്ഞ ഡിസംബറിൽ എടക്കഴിയൂരിൽ എത്തിയാണ് ബാലികയെ പീഡിപ്പിച്ചതെന്നു പോലീസ് പറഞ്ഞു.
രോഗബാധയ്ക്കു പുറമെ സാന്പത്തിക ബുദ്ധിമുട്ടും അനുഭവിക്കുന്ന കുടുംബത്തിനു സഹായം നൽകിയാണ് മുഹമ്മദ് ആദ്യദിവസം തിരിച്ചുപോയത്. പ്രാർഥനയും മന്ത്രവും നടത്തി മടങ്ങിപ്പോകുന്പോൾ പണംകൂടി കൊടുത്തതോടെ മുഹമ്മദിൽ വീട്ടുകാർക്കു വിശ്വാസമായി. വീണ്ടും എത്തിയപ്പോൾ എടക്കഴിയൂരിൽ താമസിച്ചു. തന്റെ അത്ഭുതസിദ്ധികളിലൂടെ സാന്പത്തികനേട്ടത്തിനു പുറമെ മാതാവിന്റെ രോഗം മന്ത്രവാദത്തിലൂടെ മാറ്റിത്തരാമെന്നു പറഞ്ഞാണ് വീട്ടിൽ താമസിച്ചത്.
ഡിസംബറിൽ പലപ്പോഴായി പത്തുദിവസം താമസിച്ച ഇയാൾ ആറുവയസുകാരിയെ തന്നോടൊപ്പം കിടത്തിയാണ് ഉറക്കിയതെന്നു പോലീസിനു മൊഴിനല്കി. സ്കൂളിൽവച്ച് മറ്റ് കുട്ടികളോട് ആറുവയസുകാരി പെരുമാറുന്നതു കണ്ട അധ്യാപികയ്ക്കു സംശയം തോന്നി ചോദിച്ചപ്പോഴാണ് വിവരങ്ങൾ പുറത്തായത്.
ഇതോടെ അധ്യാപിക പോലീസിൽ അറിയിച്ചു. പോലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് വീട്ടുകാർ വിവരമറിയുന്നത്. സിദ്ധൻ ഏതു നാട്ടുകാരനാണെന്നോ കൃത്യമായ പേരോ വീട്ടുകാർക്കറിയില്ല. മന്പറം ഉപ്പാപ്പ, പാപ്പ എന്നീ പേരുകളും ഫോണ് നന്പറും മാത്രമാണ് അവരുടെ കൈവശമുണ്ടായിരുന്നത്.
പോലീസ് അന്വേഷിക്കുന്പോഴേക്കും മുഹമ്മദിന്റെ മൊബൈൽ ഫോണ്നന്പർ മാറിയിരുന്നു. പെണ്കുട്ടി മജിസ്ട്രേട്ടിനു നൽകിയ മൊഴി പരിശോധിച്ചപ്പോഴാണ് കേസിന്റെ ഗൗരവം പോലീസിനു ബോധ്യമായത്.തുടർന്ന് അന്വേഷണം നടത്തിയെങ്കിലും മന്പറം ഉപ്പാപ്പയെ പിടികിട്ടിയില്ല.
പട്ടാന്പിയിൽ മുഹമ്മദ് എത്തിയ വിവരം കുന്നംകുളം അസിസ്റ്റന്റ് കമ്മീഷണർ ടി.എസ്. സിനോജിനു ലഭിച്ചു. തുടർന്നാണ് അറസ്റ്റ്. ഇൻസ്പെക്ടർ ഗോപകുമാറിനു പുറമെ എസ്ഐ മാധവൻ, എഎസ്ഐ അനിൽ മാത്യു, ഡിപിഒ റഷീദ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
മലബാർ മേഖലയിലും പാലക്കാട്, തൃശൂർ ജില്ലകളിലും വിലസിയ സിദ്ധൻ പിടിയിലാകുന്നത് ആദ്യമായാണ്.പോക്സോ വകുപ്പുപ്രകാരവും ബലാൽസംഗത്തിനുമാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.