നിലന്പൂർ: മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യത്തിനായി പാരമ്പര്യ വൈദ്യനെ നിലമ്പൂരിൽ കൊല ചെയ്യത സംഭവത്തിൽ ചുരുളഴിയുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കുറ്റകൃത്യങ്ങളുടെ പരന്പരതന്നെയാണ് ഷൈബിനുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്.
ഇതിനിടെ മുഖ്യ പ്രതി ഷൈബിൻ അഷ്റഫിന്റെ ഭാര്യയെ നിലമ്പൂർ മുക്കട്ടയിലെ വീട്ടിലെത്തിച്ച് മൊഴിയെടുത്തു.
ഷാബാ ഷെരീഫ് കൊല്ലപ്പെട്ട ദിവസം നിലമ്പൂരിലെ വീട്ടിൽ ഉണ്ടായിരുന്നുവെന്ന ഭാര്യയുടെ മൊഴിയിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. അതിനാൽ ഭാര്യയും ഈ കേസിൽ പ്രതിസ്ഥാനത്തേക്ക് എത്താനാണ് സാധ്യത.
ഇതിനിടെ മൈസൂരു സ്വദേശിയായ വൈദ്യർ ഷാബാ ഷെരീഫിനെ മുക്കട്ടയിലെ ഷൈബിൻ അഷ്റഫിന്റെ വീട്ടിൽ ചങ്ങലക്കിട്ട് പീഡിപ്പിച്ച് കൊലപ്പെടുത്തി വെട്ടിനുറുക്കി പ്ലാസ്റ്റിക്ക് ചാക്കിൽ കെട്ടി ചാലിയാർ പുഴയിൽ വലിച്ചെറിഞ്ഞ കേസിലെ കൂട്ടുപ്രതി തങ്ങളകത്ത് നൗഷാദിനെ മഞ്ചേരി കോടതിയിൽ നിന്നു പോലീസ് കസ്റ്റഡിയിൽ വാങ്ങി.
കൊല നടന്ന മുക്കട്ടയിലെ ഷൈബിൻ അഷ്റഫിന്റെ വീട്ടിലും, മൃതദേഹം വലിച്ചെറിഞ്ഞ ചാലിയാർ പുഴയിലും എത്തിച്ച് തെളിവെടുപ്പ് നടത്തും.
ഇന്നലെ നൗഷാദിനെ തെളിവെടുപ്പിന് കൊണ്ടുവരും എന്ന സൂചനയെ തുടർന്ന് മണിക്കൂറുകളോളം ജനങ്ങളും മാധ്യമ പ്രവർത്തകരുമുൾപ്പെടെ കാത്തുനിന്നിരുന്നു.
എന്നാൽ വൈകുംന്നേരം അഞ്ച് മണിയോടെയാണ് നൗഷാദിനെ നിലമ്പൂർ സ്റ്റേഷനിൽ എത്തിച്ചത്.
നിലമ്പൂർ ഡിവൈസ്എസ്പി സാജു കെ. ഏബ്രാഹം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ബിജു, പോലീസ് ഇൻസ്പെക്ടർ പി.വിഷ്ണു എന്നിവരാണ് തുടർ അന്വേഷണത്തിന് നേതൃത്വം നൽകുന്നത്,
ഷൈബിന്റെ അബുദാബിയിലെ ബിസൻസ് പങ്കാളി ഹാരിസിന്റെ മരണത്തിന് പിന്നിലും ഷൈബിനാണെന്ന് ബന്ധുക്കൾ പറയുന്നു.
കൈയിലെ ഞരമ്പ് മുറിച്ച് അത്മഹത്യ ചെയ്ത നിലയിലായിരുന്നു ഹാരീസിന്റെ മൃതദേ ഹം. എന്നാൽ ഇത് കൊലപാതകമാണെന്ന് ബന്ധുക്കൾ ഉറപ്പിച്ചു പറയുന്നു.
കൂടുതൽ കൊലപാതകങ്ങളിലേക്ക് അന്വേഷണം നീളുമെന്നാണ് സൂചന.
ബത്തേരി മൈതാന കുന്നിലെ കുടലിൽ നിന്നു 350 കോടി രൂപയോളം ആസ്തിയിലേക്ക് വളർത്ത ഷൈബിൻ അഷ്റഫിന്റെ വളർച്ച ഏറെ നിഗൂഢതകൾ നിറഞ്ഞതാണ്.
ലോറിയിൽ ക്ലീനറായും, ഓട്ടോറിക്ഷ ഡ്രൈവറായും ജോലി ചെയ്തിരുന്ന ഇയാൾ മാതാവ് വഴിയാണ് ഗൾഫിൽ എത്തിയത്.
മാതാവാണ് ആദ്യം ഗൾഫിൽ ജോലി തേടി എത്തിയത്. എണ്ണക്കമ്പനിയിൽ ജോലി എന്നാണ് പറഞ്ഞിരുന്നത്.
പത്തു വർഷങ്ങൾ കൊണ്ടുള്ള ഷൈബിന്റെ വളർച്ച അധോലോകത്തെ പോലും ഞെട്ടിക്കുന്ന തരത്തിലാണ്. 2013ലാണ് നിലമ്പൂർമുക്കട്ടയിലെ വീട് വാങ്ങിയത്.
മുഖ്യപ്രതിയായ ഷൈബിന് കുറ്റകൃത്യങ്ങൾ ചെയ്യുന്നതിൽ റിട്ട. പോലീസ് ഓഫീസറുടെ ഉപദേശമാണ് ലഭിച്ചിരുന്നതെന്നും സൂചനയുണ്ട്.
വയനാട് സ്വദേശിയായ റിട്ട. എസ്ഐ, ഏപ്രിൽ 23ന് സൈബിന്റെ മുക്കട്ടയിലെ വീട്ടിൽ കയറി ആക്രമണമുണ്ടായ ശേഷം, നിലമ്പൂരിലെ വീട്ടിലെത്തിയിരുന്നതായാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.
ഈ ഉദ്യോഗസ്ഥനാണ് കുറ്റകൃത്യങ്ങളുടെ പഴുതടയ്ക്കാൻ ഉപദേശം നൽകിയിരുന്നത്. എന്നാൽ വീട് കവർച്ചാ കേസിൽ പരാതി നൽകാനുള്ള ഷൈബിന്റെ അതിബുദ്ധി ഇയാളെ കുടുക്കുകയായിരുന്നു.