കോവിഡ് 19 ഭീതിയെ തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിയവെ ജോഗിംങ്ങിന് പോയ യുവതിയോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ചൈന. ഇവര്‍ക്ക് ജോലിയും നഷ്ടമായി. വീട്ടില്‍ തന്നെ കഴിയണമെന്ന് നിര്‍ദ്ദേശിച്ച ആരോഗ്യ പ്രവര്‍ത്തകരോട് ഇവര്‍ തട്ടിക്കയറിയിരുന്നു. “എനിക്ക് ഓടണം, വ്യായാമം ചെയ്യണം. രോഗം ബാധിച്ചാല്‍ എന്നെ ആര് നോക്കും?. നിങ്ങള്‍ വരുമോ?’. രോഷാകുലയായ ഇവര്‍ ഇങ്ങനെ പറഞ്ഞാണ് ആരോഗ്യ പ്രവര്‍ത്തകരോട് തട്ടിക്കയറിയത്.
പുറത്തിറങ്ങിയ സമയം ഇവര്‍ മാസ്ക്ക് ധരിച്ചിരുന്നില്ല. ബെയ്ജിംഗിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. രാജ്യാന്തരയാത്രികര് കൊറോണ വൈറസ് ലക്ഷണങ്ങള്‍ ഇല്ലെങ്കിലും നിര്‍ബന്ധമായും ക്വാറന്റൈനിൽ കഴിയണമെന്ന് ചൈന അറിയിച്ചിരുന്നു. ക്വാറന്റൈൻ നടപടികള്‍ കര്‍ശനമായും അനുസരിക്കണമെന്ന് വീട്ടിലെത്തി അറിയിച്ച പോലീസ് ഉദ്യോഗസ്ഥരോടും ഇവർ തട്ടിക്കയറി.
തനിക്ക് ഓസ്ട്രേലിയന്‍ പാസ്പോര്‍ട്ട് ഉോണ്ടെന്ന് പറഞ്ഞ യുവതിയോട് നിങ്ങള്‍ ചൈനക്കാരിയോ വിദേശിയോ എവിടെ നിന്നുള്ളതാണെങ്കിലും ചൈനയിലെ നിയമങ്ങള്‍ അനുസരിക്കണമെന്ന് പോലീസ് പറഞ്ഞു. ഇത് നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കുവാനാണെന്നും പോലീസ് വ്യക്തമാക്കി.
വീഡിയോ പുറത്തായതിനെ തുടര്‍ന്ന് ഈ യുവതിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ജര്‍മന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബയറിലെ ജീവനക്കാരിയാണ് ഇവര്‍. സംഭവം വലിയ വിവാദമായതിനെ തുടര്‍ന്ന് കമ്പനി ഇവരെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. കൂടാതെ ഇവരുടെ വര്‍ക്ക് വീസ ചൈനീസ് ഇമിഗ്രേഷന്‍ പിന്‍വലിച്ചു. വീസയ്ക്ക് സെപ്റ്റംബര്‍ വരെ കാലാവധിയുണ്ടായിരുന്നു. കൂടാതെ ചൈനയില്‍ നിന്നും പോകണമെന്നും ഇവരോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.