ന്യൂഡൽഹി: പതിനായിരക്കണക്കിനു കോടി രൂപയുടെ വായ്പാതട്ടിപ്പു നടത്തി രാജ്യം വിട്ട വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ 9,371.17 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പൊതുമേഖലാ ബാങ്കുകൾക്കും സർക്കാരിനും കൈമാറി.
വിവാദ വ്യവസായികളുടെ വിദേശത്തുള്ള സ്വത്തുവകകൾ അടക്കം 18,170.02 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. വായ്പാ തട്ടിപ്പിലൂടെ സംഭവിച്ച നഷ്ടത്തിന്റെ 80.45 ശതമാനം വരുമിത്.
കള്ളപ്പണം തടയൽ നിയമമനുസരിച്ചു പിടിച്ചെടുത്ത സ്വത്തുക്കളിൽ 329.67 കോടി രൂപ സർക്കാരിലേക്കു കണ്ടുകെട്ടുകയായിരുന്നു.
9,041.5 കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകൾക്ക് കൈമാറിയത്. ബാങ്കുകൾക്കു സംഭവിച്ച മൊത്തം നഷ്ടത്തിന്റെ 40 ശതമാനമാണിത്.
സാന്പത്തികതട്ടിപ്പു നടത്തി ഒളിച്ചോടുന്നവരുടെ പിന്നാലെതന്നെയുണ്ടെന്നും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി നഷ്ടം നികത്തുമെന്നും ധനമന്ത്രി നിർമല സീതാരാമൻ ട്വിറ്ററിൽ പ്രതികരിച്ചു.
വായ്പാതട്ടിപ്പിനുശേഷം രാജ്യംവിട്ട വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ തട്ടിപ്പുകളിലൂടെ പൊതുമേഖലാ ബാങ്കുകൾക്ക് മൊത്തം 22,585.83 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
സിബിഐ രജിസ്റ്റർ ചെയ്ത കേസിനു പിന്നാലെ എൻഫോഴ്സ്മെന്റ് ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനായി രാജ്യത്തിനകത്തും പുറത്തും വലവിരിച്ച് എല്ലാ ഇടപാടുകളും പരിശോധിച്ചു.
മൂന്നുപേരെയും രാജ്യത്തേക്കു തിരികെയെത്തിക്കുന്നതിനായി യുകെ, ആന്റിഗ്വ തുടങ്ങിയ രാജ്യങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.
നീരവ് മോദിയെയും വിജയ് മല്യയെയും മുംബൈയിലെ പ്രത്യേക കോടതി, സാന്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ടവരായി പ്രഖ്യാപിച്ചിരുന്നു.
വിജയ് മല്യയെ ഇന്ത്യക്കു കൈമാറാൻ യുകെയിലെ വെസ്റ്റ്മിൻസ്റ്റർ കോടതി ഉത്തരവിടുകയും യുകെ ഹൈക്കോടതി ഇത് ശരിവയ്ക്കുകയും ചെയ്തിരുന്നു.
യുകെ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്യുന്നതിൽ നിന്നു വിലക്കുകയും ചെയ്തു. ഇതോടെ മല്യയെ ഇന്ത്യയിലേക്കു തിരിച്ചെത്തിക്കുന്ന കാര്യത്തിൽ ഉറപ്പായി.