മുണ്ടക്കയം: മലയോരമേഖലയിൽ സഹായം മേടിച്ചു തരാമെന്നു പറഞ്ഞു പറ്റിക്കൂടി സംഭവങ്ങൾ പെരുകുന്നു.
പോലീസ്, മാധ്യമ പ്രവര്‍ത്തകര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, ഭവന നിര്‍മാണ ഓഫീസ് ജീവനക്കാര്‍ തുടങ്ങിയ വിവിധ ആളുകളുടെ പേരിലാണ് വ്യാജന്മാരുടെ വിളയാട്ടം.
സാധാരണക്കാരന്റെ ആവശ്യം രഹസ്യമായി അന്വേഷിച്ചറിയുന്ന ഇത്തരക്കാര്‍ അവരുടെ സഹായ വാഗ്ദാനവുമായി എത്തിയാണ് തട്ടിപ്പ്.
വീട് അനുവദിപ്പിക്കാം!
പ്രധാന തട്ടിപ്പുകളിലൊന്നാണ് വീട് അനുവദിപ്പിക്കൽ. ഭവന രഹിതരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമായവരെ കണ്ടെത്തി സര്‍ക്കാരില്‍നിന്നു വീട് അനുവദിപ്പിക്കാമെന്നു പറഞ്ഞു ഇവര്‍ തട്ടിപ്പു നടത്തുന്നു.
ഇത്തരത്തില്‍ നിരവധി തട്ടിപ്പുകളാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ഉണ്ടായത്.
താലൂക്ക് ഓഫീസ് ജീവനക്കാരനെന്നും ഭവന നിര്‍മാണ ഉദ്യോഗസ്ഥരെന്നും പറഞ്ഞാണ് ഇവര്‍ പലപ്പോഴും വീടുകളിലെത്തുക. വയോധികരായ ആളുകളുടെ അടുത്താണ് കൂടുതല്‍ തട്ടിപ്പുകളും.
വിഹിതം അടയ്ക്കൽ!
താങ്കള്‍ക്കു സര്‍ക്കാരില്‍നിന്നു വീട് അനുവദിച്ചിട്ടുണ്ടെന്നും അതു വാങ്ങിയെടുക്കാന്‍ ഏറെ കടമ്പകളുണ്ടെന്നും പറഞ്ഞു ഇവര്‍ക്കിടയില്‍ വിശ്വാസം നേടിയെടുക്കലാണ് ഇവരുടെ ആദ്യ ദൗത്യം.
ഇതില്‍ വിജയിച്ചാല്‍ അവരോടു ലക്ഷക്കണക്കിനു രൂപ സൗജന്യമായി ലഭിക്കാനായി ഗുണഭോക്തൃ വിഹിതം അടക്കണമെന്നും അതിനുളള പണം ആവശ്യപ്പെടുകയുമാണ് പതിവ്.
ഇരുപതിനായിരം മുതല്‍ അറുപതിനായിരം രൂപ വരെ ആളുകളില്‍നിന്ന് ഈടാക്കി മുങ്ങുകയാണ് ഇവരുടെ പതിവു പരിപാടി.
ആരോഗ്യ ഇന്‍ഷ്വറന്‍സും കാര്‍ഷിക സഹായവും വാഗ്ദാനംചെയ്തു തട്ടിപ്പു നടത്തുന്ന വിരുതന്മാരും ഏറെയാണ്. പോലീസ് ചമഞ്ഞു തട്ടിപ്പും കുറവല്ല.
പ്രസ് സ്റ്റിക്കറിലും!
മാധ്യമ പ്രവര്‍ത്തകര്‍ ചമഞ്ഞുളള തട്ടിപ്പാണ് മറ്റൊരു ഇനം. വാഹനങ്ങളില്‍ പ്രസ് സ്റ്റിക്കര്‍ പതിപ്പിച്ചാണ് ഇവരുടെ യാത്ര. പോലീസിന്റെ വാഹന പരിശോധനകളില്‍നിന്നു രക്ഷ നേടാനായിട്ടാണ് ഈ തന്ത്രം.
പാറമട ലോബികളടക്കമുള്ളവരെയും ബിനാമി വ്യാപാരികളെയും സമീപിച്ചു പണം തട്ടുകയെന്നതാണ് ഇവരുടെ സ്ഥിരം പരിപാടി. നിരവധി പോലീസ് സ്റ്റേഷനുകളില്‍ ഇതു സംബന്ധിച്ച പരാതിയുണ്ട്.
വായ്പ തട്ടിപ്പ്
വായ്പ സംഘടിപ്പിച്ചു നല്‍കാമെന്നു പറഞ്ഞു പണം തട്ടുന്ന നിരവധി സംഘങ്ങള്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ ചില സ്ത്രീകളും തട്ടിപ്പിനു നേതൃത്വം നല്കുന്നു.
ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റില്‍നിന്നു വായ്പ വാങ്ങി നല്‍കാമെന്നു പറഞ്ഞു ലക്ഷങ്ങള്‍ തട്ടിയ സ്ത്രീക്കെതിരേ കഴിഞ്ഞ ദിവസം മുണ്ടക്കയം പോലീസില്‍ വീട്ടമ്മമാര്‍ നല്കിയ പരാതി പോലീസ് അന്വേഷിച്ചു വരികയാണ്.
ഇത്തരം വ്യാജ ഇടപാടുകാര്ക്കെതിരേ നിരവധി തവണ താക്കീതു നല്‍കിയിട്ടും തട്ടിപ്പു തുടരുകയാണ്.