മുംബൈ: അമേരിക്കയും ചൈനയും തമ്മിലുള്ള വാണിജ്യയുദ്ധം രൂക്ഷമാകുന്നതിന്റെ ആശങ്കയിൽ കന്പോളങ്ങൾ തകർന്നു. ഇന്ത്യൻ ഓഹരികൾ ഉച്ചവരെ പിടിച്ചുനിന്നെങ്കിലും യൂറോപ്യൻ വിപണികൾ വളരെ താഴെ തുടങ്ങിയതു ക്ഷീണമായി. സൂചികകൾ ഒരുശതമാനത്തിലധികം താണു.
രണ്ടു ദിവസമായി ഉയർന്നുനിന്ന ബാങ്ക് ഓഹരികൾ വീണ്ടും ഇടിഞ്ഞു. ആക്സിസ് ബാങ്ക് 2.61 ശതമാനം താണു. ഐസിഐസിഐ ബാങ്ക് 1.95 ശതമാനം താഴോട്ടുപോയി.
ലോഹ കന്പനികൾ, ഗൃഹോപകരണ കന്പനികൾ എന്നിവയ്ക്കും വലിയ ഇടിവു നേരിട്ടു. റിലയൻസ്, മാരുതി, ഭാരതി എയർടെൽ, ബജാജ് ഓട്ടോ തുടങ്ങിയവയും താഴോട്ടായിരുന്നു.
ഇന്നു പ്രഖ്യാപിക്കുന്ന റിസർവ് ബാങ്ക് പണനയത്തെപ്പറ്റി വിപണിയിൽ ആശങ്കയില്ല. റീപോ നിരക്കു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യില്ലെന്നാണു വിലയിരുത്തൽ.
വിലക്കയറ്റത്തെപ്പറ്റിയുള്ള റിസർവ് ബാങ്കിന്റെ പ്രവചനത്തിലാണു കന്പോളത്തിന്റെ കണ്ണ്.മുംബൈ വിപണിയിൽ സ്വർണവില 10 ഗ്രാമിന് 190 രൂപ കൂടി 30910 രൂപയായി. ഡോളറിനു 15 പൈസ വർധിച്ച് 60.155 രൂപയായി.
ഏഷ്യയിൽ ജപ്പാനിലെ നിക്കൈ ഒഴികെ എല്ലാ സൂചികകളും താണു. യൂറോപ്പിൽ ഒരു ശതമാനം താണാണു വ്യാപാരം തുടങ്ങിയത്. അമേരിക്കയിൽ ഡൗജോൺസ് സൂചിക തുടക്കത്തിൽ ഒന്നര ശതമാനം താഴ്ചയിലായിരുന്നു.