സ്വന്തം ലേഖകൻ
കണ്ണൂർ: കടയിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവർ വാക്സിനെടുക്കുകയോ, ആർടിപിസിആർ ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് കാണിക്കുകയോ ചെയ്യണമെന്ന സർക്കാർ ഉത്തരവിനെതിരേ കണ്ണൂരിൽ വ്യാപാരികളുടെ ഇടയിൽ വ്യാപക പ്രതിഷേധം. കടയിൽ ആരു വന്നാലും സാധനങ്ങൾ കൊടുക്കുമെന്നാണ് വ്യാപാരി സംഘടനകളുടെ നിലപാട്.
“ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട് ആരെങ്കിലും കടകളിൽ പരിശോധന നടത്താൻ ശ്രമിച്ചാൽ അവരെ കർശനമായി നേരിടുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി രാഷ്ട്രദീപികയോട് പറഞ്ഞു. കർശനമായ നിയമങ്ങൾ വ്യാപാരികൾക്കുമേൽ അടിച്ചേൽപിക്കാനാണ് സർക്കാരിന്റെ നീക്കം.
കോവിഡ് വരുന്നതിന്റെ ഉത്തരവാദികൾ വ്യാപാരികളാണെന്നാണ് സർക്കാർ വരുത്തി തീർക്കുന്നത്. ഇതിനു കനത്ത വില നല്‍കേണ്ടി വരും. പുറത്തിറങ്ങുന്നവരെ പരിശോധിക്കേണ്ടത് ആരോഗ്യവകുപ്പും പോലീസുമാണെന്നും വ്യാപാരികളല്ലെന്നും ദേവസ്യ മേച്ചേരി പറഞ്ഞു.
വ്യാപാരികൾക്കു പോലും മുഴുവനായി വാക്സിൻ കിട്ടാത്ത സാഹചര്യത്തിൽ ഇത്തരം നിയമങ്ങൾ നടപ്പിലാക്കരുതെന്ന് വ്യാപാരി വ്യവസായ സമിതി കണ്ണൂർ വെസ്റ്റ് മേഖല സെക്രട്ടറി കുഞ്ഞു കുഞ്ഞൻ രാഷ്ട്രദീപികയോട് പറഞ്ഞു.
സർക്കാരിന്റെ നിയമങ്ങൾക്ക് എതിരല്ല, എന്നാൽ, പൊതുജനങ്ങൾ വന്ന് സാധനങ്ങൾ ചോദിച്ചാൽ സർട്ടഫിക്കറ്റ് നോക്കി കൊടുക്കാതിരിക്കാൻ പറ്റില്ലെന്നും കുഞ്ഞു കുഞ്ഞൻ പറഞ്ഞു.
ചർച്ച തുടങ്ങി
കോവിഡിന്റെ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യാപാരി സംഘടനാ നേതാക്കളുമായി ജില്ലാകളക്ടര്‍ ടി.വി. സുഭാഷിന്റെ അധ്യക്ഷതയില്‍ ചർച്ച ആരംഭിച്ചിട്ടുണ്ട്.
മാറ്റങ്ങൾ ഇങ്ങനെ
വ്യാപാരസ്ഥാപനങ്ങള്‍, പൊതുഗതാഗത സംവിധാനങ്ങള്‍, ഓഫീസുകള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കും.
വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാരും സന്ദര്‍ശകരും 15 ദിവസം മുമ്പ് ചുരുങ്ങിയത് ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവരോ ഒരു മാസം മുമ്പ് രോഗമുക്തി നേടിയവരോ 72 മണിക്കൂറിനിടയിലെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവരോ ആയിരിക്കണം. ഇവിടങ്ങളില്‍ 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന തോതില്‍ മാത്രമേ ആളുകള്‍ക്ക് പ്രവേശനം അനുവദിക്കാവൂ.
ഓരോ സ്ഥാപനത്തിന്റെയും സ്ഥലവിസ്തൃതിയും ജീവനക്കാരുടെ എണ്ണവും പരിഗണിച്ച് ഒരു സമയത്ത് അനുവദിക്കാവുന്ന ഉപഭോക്താക്കളുടെ എണ്ണം തദ്ദേശസ്ഥാപനതലത്തില്‍ നിജപ്പെടുത്തി സ്ഥാപനത്തിനു പുറത്ത് ബോര്‍ഡ് സ്ഥാപിക്കണം. ഇതില്‍ കൂടുതല്‍ ആളുകള്‍ വരുന്നപക്ഷം അവര്‍ക്ക് സാമൂഹ്യ അകലം പാലിച്ച് പുറത്ത് കാത്തുനില്‍ക്കുന്നതിനുള്ള സൗകര്യമൊരുക്കണം.
ഇതിനായി താത്കാലിക പന്തല്‍ പോലുള്ള സൗകര്യങ്ങള്‍ ഒരുക്കാവുന്നതാണ്. തിരക്ക് കൂടിയ സ്ഥാപനങ്ങളില്‍ നേരത്തെ ടോക്കണ്‍ ബുക്ക് ചെയ്ത് അനുവദിക്കപ്പെട്ട സമയത്ത് മാത്രം ഉപഭോക്താക്കള്‍ വരുന്ന സംവിധാനത്തെക്കുറിച്ചും ആലോചിക്കണം. പരമാവധി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം.
സ്ഥാപനത്തില്‍ സാമൂഹ്യ അകലം പാലിക്കല്‍, മാസ്ക് ധാരണം, സാനിറ്റൈസര്‍ ഉപയോഗം തുടങ്ങിയ കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം സ്ഥാപന ഉടമകള്‍ക്കായിരിക്കും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ നിശ്ചിതദിവസത്തേക്ക് അടപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.
ഗ്രാമങ്ങളിലും നഗരങ്ങളിലും നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ പോലീസ് പരിശോധന കര്‍ശനമാക്കണം. ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുന്നതിന് അങ്കണവാടിവര്ക്കര്മാരെ നിയോഗിക്കും.
പലയിടത്തും പല നിയമങ്ങൾ
ജില്ലയിൽ രാവിലെ ഏഴുമുതൽ ഒൻപതുവരെയാണ് വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനസമയം നിജപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ചില തദ്ദേശസ്ഥാപനങ്ങൾ തോന്നിയ രീതിയിലാണ് പ്രവർത്തന സമയം മാറ്റിയിരിക്കുന്നത്. രാത്രി ഏഴും, എട്ടുമായി പ്രവർത്തന സമയം കുറച്ച തദ്ദേശസ്ഥാപനങ്ങളുണ്ട്.
ബിവറേജിലും ബസിലും സർട്ടിഫിക്കറ്റ് വേണ്ട
ബിവറേജിൽ സാമൂഹ്യ അകലം പാലിക്കാതെയുള്ള ക്യൂ നില്ക്കുന്നതിനും ബസുകളിൽ തിങ്ങി നിറഞ്ഞ് യാത്ര ചെയ്യുന്നതിനും വാക്സിനും വേണ്ട, ആർടിപിസിആർ സർട്ടിഫിക്കറ്റും വേണ്ട.