മുംബൈ/ലണ്ടൻ: അമേരിക്ക – ചൈന വ്യാപാരയുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ആഗോള കന്പോളങ്ങൾ തകർച്ചയിൽ. യൂറോപ്യൻ, ഏഷ്യൻ ഓഹരിക്കന്പോളങ്ങളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരികളും ഇടിഞ്ഞു. ഡോളർ വില 39 പൈസ കണ്ടു വർധിച്ച് 68.38 രൂപയായി. സർവകാല റിക്കാർഡായ 68.88 രൂപയിലെത്താൻ ഡോളറിന് 50 പൈസ കൂടി വർധിച്ചാൽ മതി.
യുദ്ധം വ്യാപിക്കുന്നു.
ചൈനീസ് ഇറക്കുമതിക്ക് അമേരിക്ക രണ്ടുതവണ ചുങ്കം വർധിപ്പിച്ചിരുന്നു. ആദ്യം സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്ക് യഥാക്രമം 25-ഉം പത്തും ശതമാനം പിഴച്ചുങ്കം ചുമത്തി. പിന്നീട് 5000 കോടി ഡോളറിന്റെ ഇറക്കുമതിക്ക് 25 ശതമാനം പിഴച്ചുങ്കം കൂട്ടി. രണ്ടിനും ചൈന ബദൽ നടപടികളും പ്രഖ്യാപിച്ചു.
ഇപ്പോൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറയുന്നത് ചൈനയിൽനിന്നുള്ള 20,000 കോടി ഡോളറിന്റെ ഇറക്കുമതിക്ക് പത്തു ശതമാനം പിഴച്ചുങ്കം ചുമത്തുമെന്നാണ്. തിരിച്ചടിക്കു തങ്ങൾ തയാറെന്നു ചൈനയും പറഞ്ഞു.ഇങ്ങനെ വ്യാപാരയുദ്ധം വ്യാപിക്കുന്നത് അമേരിക്കയെയും ചൈനയെയും മാത്രമല്ല ബാധിക്കുക. എല്ലാ രാജ്യങ്ങളുടെയും വളർച്ച തടസപ്പെടും.
മാന്ദ്യത്തിലേക്ക്
ചൈനീസ് കയറ്റുമതി കുറയാനിടയാക്കിയാൽ ധാതുക്കൾ അടക്കം ചൈന വാങ്ങുന്ന അസംസ്കൃത വസ്തുക്കൾക്കെല്ലാം വില കുറയും. ഇന്നലെത്തന്നെ ലോഹത്തിനും ഇരുന്പയിരിനും മറ്റും രണ്ടു മുതൽ ആറു വരെ ശതമാനം വിലയിടിഞ്ഞു. ഇത് അത്തരം പദാർഥങ്ങൾ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളെ ക്ഷീണത്തിലാക്കും.
അമേരിക്കയിലാകട്ടെ കാർഷികോൽപന്നങ്ങൾ അടക്കമുള്ളവ വിപണിയില്ലാതെ വിലത്തകർച്ച നേരിടും. ചൈനയിൽ ഇപ്പോൾത്തന്നെ കിട്ടാക്കടങ്ങൾകൊണ്ടു ബുദ്ധിമുട്ടുന്ന ബാങ്കുകളും പ്രശ്നത്തിലാകും. ലോകത്തിന്റെ ഫാക്ടറിയായി മാറിയ ചൈന തകരുന്നത് വീണ്ടുമൊരു ആഗോളമാന്ദ്യം കൂടി ക്ഷണിച്ചുവരുത്തും.
കറന്റ് അക്കൗണ്ട് കമ്മി
ഇന്ത്യയും അമേരിക്കയോടു വ്യാപാരയുദ്ധം തുടങ്ങേണ്ടിവന്നു. ഇതിന്റെ പ്രത്യാഘാതം അറിയാനിരിക്കുന്നതേ ഉള്ളൂ. എന്തായായും കയറ്റുമതി രംഗത്തുവലിയ ഭീഷണി ഉറപ്പാണ്.രാജ്യത്തിന്റെ വിദേശനാണ്യ ഇടപാടുകളുടെ ബാക്കിപത്രമായ കറന്റ് അക്കൗണ്ട് രണ്ടരശതമാനം കമ്മിയിലേക്കാണു നീങ്ങുന്നത്. ഇത് അത്ര ആരോഗ്യകരമല്ല. അമേരിക്ക പലിശ കൂട്ടി വരുന്നതുമൂലം വിദേശ നിക്ഷേപകർ രാജ്യം വിട്ടുപോകുന്നുമുണ്ട്. ഇതും കറന്റ് അക്കൗണ്ട് കമ്മി കൂട്ടും.
ഇതേച്ചൊല്ലിയുള്ള ആശങ്കയിലാണു രൂപ താഴോട്ടു നീങ്ങുന്നത്. ഡോളർ 68 രൂപയ്ക്കു മുകളിലായി. റിസർവ് ബാങ്ക് ഗണ്യമായി ഡോളർ ഇറക്കിയിട്ടും ഇന്നലെ വിലത്തകർച്ച നിയന്ത്രിക്കാനായില്ല.
ചൈനീസ് ഓഹരി സൂചികകൾ ഇന്നലെ നാലുശതമാനത്തിലേറെ താണിരുന്നു. ഒടുവിൽ മൂന്നു ശതമാനം നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനം വരെ താന്നിട്ട് അല്പം മെച്ചപ്പെട്ടു. ശരാശരി 0.80 ശതമാനം താഴ്ചയിലാണ് സൂചികകൾ.