കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരവേ ഏറ്റുമുട്ടി വ്യാപാരികളും മുഖ്യമന്ത്രിയും. മുഖ്യമന്ത്രിയുടെ മാസ് ഡയലോഗില്‍ വ്യാപാരികള്‍ ആകെ പ്രതിഷേധത്തിലാണ്.
സര്‍ക്കാരില്‍ നിന്നും അപ്രതീക്ഷിത നീക്കമുണ്ടായെങ്കിലും നാളെ മുതല്‍ കടകള്‍ തുറക്കുമെന്ന തീരുമാനത്തില്‍ നിന്നും പിന്നോട്ടുപേകേണ്ടെന്ന നിലപാടിലാണ് വ്യാപാരികള്‍.
കടതുറക്കുന്നതുമായി ബന്ധപ്പെട്ട് “മനസിലാക്കി കളിച്ചാല്‍ മതിയെന്ന’ മുഖ്യമന്ത്രിയുടെ പരാമര്‍ശം വ്യാപാരികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്.
അതേസമയം വ്യാപാരികള്‍ കടകള്‍ തുറന്നാല്‍ സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷ സാധ്യതയുണ്ടാകുമെന്ന പോലീസ് മുന്നറിയിപ്പ് ലഭിച്ചതുകൊണ്ടാണ് മുഖ്യമന്ത്രി ശക്തമായ നിലപാട് എടുത്തതെന്നാണ് വിവരം.
നിലവില്‍ മുഖ്യമന്ത്രി ഡല്‍ഹിയിലാണ് ഉള്ളത്. ഡി കാറ്റഗറിയില്‍ പെട്ട സ്ഥലങ്ങളില്‍ യാതൊരു ഇളവും നല്‍കേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍ ഇപ്പോഴും.
സംസ്ഥാനത്തെ പലഭാഗങ്ങളിലും ഇപ്പോഴും ടിപിആര്‍ 15 ശതമാനത്തിന് മുകളിലാണ്. ഇവയെല്ലാം ഡി കാറ്റഗറിയിലുമാണ്. ഈ സാഹചര്യത്തില്‍ കടകള്‍ തുറക്കാന്‍ അനുവദിക്കരുതെന്ന് ഉദ്യോഗസ്ഥരും വിദഗ്ദ സമിതിയും ഇന്നലെയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ കൂടിയാണ് കടകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുവദിക്കാത്തത്.അതേസമയം എ,ബി,സി കാറ്റഗറിയില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയിട്ടുമുണ്ട്. പെരുന്നാള്‍ കണക്കിലെടുത്ത് എല്ലാ കടകളും എല്ലാ ദിവസവും തുറക്കാന്‍ സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് വ്യാപാരികളുടെ തീരുമാനം.
കോഴിക്കോട്ടെ സമരത്തെ തള്ളുകയാണ് മുഖ്യമന്ത്രിയെന്നും വ്യാപാരികളുടെ ആവശ്യം ന്യായമെങ്കില്‍ അംഗീകരിക്കാന്‍ മടിക്കുന്നതെന്തിനെന്നും വ്യാപാരി വ്യവസായിഏകോപന സമിതി പ്രസിഡന്റ് ടി.നസറുദ്ദീന്‍ ചോദിച്ചു.
വ്യാഴാഴ്ച കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച അദ്ദേഹം ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും അറിയിച്ചു.
അദ്ദേഹം നിയോഗിക്കുന്ന പ്രതിനിധിയുമായി ഫോണിലായിരിക്കും കാര്യങ്ങള്‍ സംസാരിക്കുകയെന്നാണ് അറിയുന്നത്. ഫലത്തില്‍ രണ്ടുചേരികളിലായി സര്‍ക്കാരും വ്യാപാരികളും നില്ക്കുമ്പോള് ഇതിനിടയില്‍ മനപൂര്‍വം സംഘര്‍ഷമുണ്ടാക്കാന്‍ ഒരുകൂട്ടര്‍ ശ്രമിക്കാനുള്ള സാധ്യതയുണ്ട്.
‘നമ്മുടെ സിസ്റ്റം തെറ്റാണ് സര്’ കാന്പയ്നും ഒരു ഭാഗത്ത് സോഷ്യല്‍ മീഡിയ വഴി നടക്കുന്നുണ്ട്. ഇതിന് എരിവുപകരുന്നതായിരിക്കും വ്യാപാരികളുടെ തീരുമാനമെന്നാണ് സര്‍ക്കാര്‍ നിലപാട്.അതേ സമയം വ്യാപാരികള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചതും സര്‍ക്കാരിനെ വെട്ടിലാക്കുന്നു.
കടകൾ തുറക്കുന്നത് നിയമ ലംഘനമായി കാണരുത്
കോഴിക്കോട്: കടകള്‍ തുറക്കുന്നതിനുവേണ്ടിയാണ് ഇന്ന് സർക്കാരുമായി ചര്‍ച്ച നടത്തുന്നത്. സര്‍ക്കാര്‍ എന്തുപറഞ്ഞാലും കടകള്‍ തുറക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ല.
കട തുറക്കാന്‍ കഴിയാതെ ജീവിത മാര്‍ഗം അടഞ്ഞ് ഒരു ഗതിയും പരഗതിയുമില്ലാതായ വ്യാപാരികള്‍ രണ്ടും കല്‍പ്പിച്ച് അവരുടെ കടകള്‍ തുറന്നുവെച്ചാല്‍ അവരെ നിയമം ലംഘിച്ചവരായി കാണരുത്.
കടകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ പറയുന്ന ടിപിആര്‍ മാനദണ്ഡങ്ങള്‍ തികച്ചും അശാസ്ത്രീയമാണെന്ന് കേരളത്തിലെ പ്രശസ്തരായ ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ പറയുന്നുണ്ട്. ഇതു തൊഴില്‍ എടുത്ത് ജീവിക്കാനുള്ള ഒരു വിഭാഗം മനുഷ്യരോട് കാണിക്കുന്ന അനീതിയാണ്.
രാജു അപ്സര,
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
സംസ്ഥാന ജനറല്‍ സെക്രട്ടറി