കോഴിക്കോട് : കോവിഡ് തീര്‍ത്ത പ്രതിസന്ധികളില്‍ നിന്ന് കരകയറാനാവാത്ത സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ മുഴുവന്‍ കടകളും തുറന്നുപ്രവര്‍ത്തിക്കുമെന്ന് വ്യാപാരികള്‍. ജില്ലയില്‍ കണ്ടെയ്ന്മെന്റ് സോണുകളില്‍ ഉള്‍പ്പെടെ എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കാനാണ് തീരുമാനം.
പ്രതിവാര കോവിഡ് വ്യാപനക്കണക്കിന്റെ അടിസ്ഥാനത്തില്‍ കണ്ടെയ്ന്മെന്റ് സോണുകള്‍ തീരുമാനിച്ചതോടെ ജില്ലയില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും ഇപ്പോള്‍ കടകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യമാണ്. രോഗവ്യാപനം കുറയ്ക്കാന്‍ കടകള്‍ മാത്രമടച്ചിട്ടതുകൊണ്ട് പ്രയോജനമില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ഇത് പ്രതിസന്ധിയിലായ വ്യാപാരമേഖലയെ കൂടുതല്‍ ദുരിതത്തിലാക്കും. ജീവിക്കാന്‍ പോലും മറ്റു മേഖലകള്‍ തേടേണ്ട അവസ്ഥയിലാണ് വ്യാപാരികള്‍.ഈ സാഹചര്യം നിലനില്‍ക്കെയാണ് ഇന്നലെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ പങ്കെടുത്ത യോഗത്തില്‍ കടകള്‍ തുറക്കാന്‍ തീരുമാനിച്ചത്.
ജൂലൈ 26ന് മിഠായിത്തെരുവില്‍ പൊട്ടിപ്പുറപ്പെട്ട സമരം സംസ്ഥാനമാകെ പടര്‍ന്നിരുന്നു. പിന്നീട് സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയായിരുന്നു. ഞായര്‍ ഒഴികെ എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം അഞ്ചു മുതലാണ് നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ചത്.
ജനസംഖ്യാടിസ്ഥാനത്തില്‍ പ്രതിവാര രോഗസ്ഥിരീകരണക്കണക്ക് നോക്കി നിയന്ത്രണം വീണ്ടും നടപ്പാക്കാന്‍ ആരംഭിച്ചതോടെ മിക്ക പ്രദേശങ്ങളിലും കടകള്‍ തുറക്കാന്‍ കഴിയാത്ത അവസ്ഥയിലായി. ഇതു സംബന്ധിച്ച് കളക്ടര്‍ക്ക് നിവേദനം നല്‍കുമെന്നും വ്യാപാരി സംഘടനാ പ്രതിനിധികള്‍ അറിയിച്ചു. അതേസമയം ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ തുറന്ന പോരിലേക്ക് നീങ്ങാനാണ് വ്യാപാരികളുടെ തീരുമാനം.