കായംകുളം: ലോക്ഡൗണിൽ ദുരിതമനുഭവിക്കുന്ന വ്യാപാരികളോടുള്ള സർക്കാർ നയത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയിലെ മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും ജൂൺ 14ന് സമ്പൂർണമായി അടച്ചിട്ട് പ്രതിഷേധ സമരം നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു. ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിന്റെ ഓൺലൈൻ യോഗമാണ്തീരുമാനം എടുത്തത്. യോഗം രാജു അപ്സര ഉദ്ഘാടനം ചെയ്തു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ കടകളും നിശ്ചിത സമയം തുറക്കാനനുവദിക്കുക, പോലീസിന്റെയും സെക്ടറൽ മജിസ്ടറേറ്റ്മാരുടെയും അന്യായമായ കടന്ന് കയറ്റം അവസാനിപ്പിക്കുക, ലോക്ഡൗൺ കാലത്തെ കട വാടക ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കുക, വ്യാപാരികൾക്ക് പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക, വൈദ്യുതി ബില്ലിലെ ലോക്ഡൗൺ കാലത്തെ ഫിക്സഡ് ചാർജ്ജ് ഒഴിവാക്കുക, ഹോട്ടലുകളിലും ബേക്കറികളിലും സാമൂഹ്യ അകലം പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി നൽകുക, ലോക്ക് ഡൗൺ കാലത്തെ ഓൺലൈൻ വ്യാപാരം നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം ചെയ്യുന്നത്.
14ന് ജില്ലയിലെ 160ൽപ്പരം യൂണിറ്റുകളിലും പ്രധാന ജംഗ്ഷനുകൾ, സർക്കാർ ഓഫീസുകൾ എന്നിവ കേന്ദ്രീകരിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമരം ചെയ്യുമെന്നും രാജു അപ്സര പറഞ്ഞു.ജില്ലാ ജനറൽ സെക്രട്ടറി വി.സബിൽരാജ് അധ്യക്ഷത വഹിച്ചു.
ട്രഷറർ ജേക്കബ് ജോൺ സ്വാഗതം ആശംസിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ വർഗീസ് വല്ലാക്കൽ, സജു പാർത്ഥസാരഥി, കെ.എസ്.മുഹമ്മദ്, ആർ.സുഭാഷ്, യു.സി. ഷാജി, വി.സി. ഉദയകുമാർ , പ്രതാപൻ സൂര്യാലയം, എ.എം.ഷെരീഫ്, ഹരിനാരായണൻ, ജില്ലാ സെക്രട്ടറിമാരായ ഐ. ഹലീൽ , മുഹമ്മദ് നജീബ്, നസീർ പുന്നക്കൽ , പി.സി. ഗോപാലകൃഷ്ണൻ ,എം.എസ്. ഷറഫുദ്ദീൻ, വേണുഗോപാലക്കുറുപ്പ്, അബ്ദുൽ റഷീദ്, എ.കെ.ഷംസുദ്ദീൻ, രക്ഷാധികാരികളായ മുസ്തഫ റാവുത്തർ, അശോകപ്പണിക്കർ, എബ്രഹാം പറമ്പിൽ, സെക്രട്ടറിയേറ്റ് അംഗങ്ങളായ സിനിൽ സബാദ്, ടി.ഡി. പ്രകാശൻ , ടോമി പുലിക്കാട്ടിൽ,സുനീർ ഇസ്മയിൽ, ബി. മെഹബൂബ് എന്നിവർ സംസാരിച്ചു.