കോഴിക്കോട്: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അയവുവരുത്തി കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തിന്മേല് വ്യാപാരി നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനനന്തപുരത്ത് ചര്‍ച്ച നടത്തും. ചർച്ചയിൽ ബക്രീദ്, ഓണം വിപണികളെ മുന്നില്‍ കണ്ടുകൊണ്ടുള്ള ഇളവുകൾ അനുവദിക്കുമെന്നാണ് സൂചന.
അശാസ്ത്രീയമായ കോവിഡ് മാനദണ്ഡങ്ങൾമൂലം കടകൾ തുറക്കാനാകാതെ വലയുന്ന വ്യാപാരികൾ ഇന്നലെ മുതൽ നടത്താനിരുന്ന സമരം പൊടുന്നനെ പിൻവലിച്ചതിൽ വ്യാപാരികൾക്കിടയിൽ അതൃപ്തിയുണ്ടായിരുന്നു.
വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി.നസിറുദ്ദീൻ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചുവെന്ന് ന്യായം പറഞ്ഞ് സമരം അവസാനിപ്പിക്കുകയായിരുന്നു.
വ്യാപാരി നേതാക്കളോടോ മറ്റു സംഘടനകളോടോ ആലോചിക്കാതെ പ്രസിഡന്റ് ഏകപക്ഷീയമായി തീരുമാനമെടുക്കുകയായിരുന്നുവെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.
ബുധനാഴ്ച രാവിലെ 11ന് കോഴിക്കോട് കളക്ടറുമായി വ്യാപാരി നേതാക്കൾ നടത്തിയ സമവായ ചർച്ചയിൽ സമരത്തിൽനിന്ന് പിൻവാങ്ങില്ലെന്ന നിലപാടിലായിരുന്നു വ്യാപാരികൾ.
ചർച്ചയിൽ കളക്ടറുമായി ഉടക്കി പുറത്തിറങ്ങിയ നേതാക്കൾ വൈകുന്നേരത്തോടെ ടിവി ചാനൽവഴിയാണ് സമരം അവസാനിപ്പിച്ചതായുള്ള പ്രസിഡന്റിന്റെ പ്രസ്താവന കാണുന്നത്. ഇതാണ് വ്യാപാരികളിൽ ചിലരെ പ്രകോപിപ്പിച്ചത്.
മുഖ്യമന്ത്രി നേരിട്ടുവിളിച്ചുവെന്നാണ് നസിറുദ്ദീൻ അവകാശപ്പെടുന്നത്. എന്നാൽ ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് യാതൊരു സ്ഥിരീകരണവും വന്നിട്ടില്ല.
മുഖ്യമന്ത്രിക്കുവേണ്ടി ചില സിപിഎംനേതാക്കൾ നസിറുദ്ദീനുമായി കരാറിലായതാണെന്നും ഇവരാണ് ചർച്ചയ്ക്ക് കളമൊരുക്കിയതെന്നുമാണ് വിമർശനം. സമരം പൊളിക്കാൻ സിപിഎം നസിറുദ്ദീനെ വിലയ്ക്കെടുത്തതാണെന്നാണ് ഇവരുടെ വാദം.
ഇടതു വ്യാപാരി സംഘടനയായ വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറിയും മുൻ സിപിഎം എംഎൽഎയുമയ വി.കെ.സി.മമ്മദ്കോയയും സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.