പത്തനംതിട്ട: മൈലപ്രയിൽ പട്ടാപ്പകൽ കടയ്ക്കുള്ളിൽ കെട്ടിയിട്ടു വ്യാപാരി പുതുവേലില്‍ ജോര്‍ജ് ഉണ്ണൂണ്ണിയെ (73) ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേരെ തമിഴ്നാട്ടില്‍നിന്ന് അന്വേഷണസംഘം പിടികൂടി.
മുരുകന്, ബാലസുബ്രഹ്ണ്യം എന്നിവരെയാണ് ഡിവൈഎസ്പി എസ്. നന്ദകുമാറും സംഘവും തെങ്കാശിയില്‍നിന്നു കസ്റ്റഡിയിലെടുത്തത്. ഇവരെ പത്തനംതിട്ടയിലെത്തിച്ചു ചോദ്യം ചെയ്തുവരുന്നു.
സംഘത്തിനു വേണ്ട ഒത്താശ ചെയ്തു നല്കിയ പത്തനംതിട്ട സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവറും കേസില്‍ പ്രതിയാകുമെന്നാണു സൂചന. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഓട്ടോറിക്ഷ ഡ്രൈവറില്‍നിന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് തമിഴ്നാട് സ്വദേശികളിലേക്ക് അന്വേഷണം നീണ്ടത്.
കഴിഞ്ഞ ഡിസംബര്‍ 30നു പട്ടാപ്പകലാണ് മൈലപ്ര പോസ്റ്റ് ഓഫീസ് പടിക്കല്‍ വ്യാപാരസ്ഥാപനം നടത്തിവന്ന ജോര്‍ജ് ഉണ്ണൂണ്ണിയെ കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഒരാഴ്ചയ്ക്കുശേഷമാണ് പ്രതികളെ പിടികൂടുന്നത്. 30ന് ഉച്ചയ്ക്കുശേഷമാണ് കൊലപാതകം നടന്നത്. ജോര്‍ജിന്റെ കഴുത്തില്‍ കിടന്ന ഒമ്പത് പവൻ സ്വര്‍ണമാല നഷ്ടപ്പെട്ടിരുന്നു. കടയില്‍നിന്നു പണവും നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കരുതുന്നത്.
മോഷണം ലക്ഷ്യമാക്കിയുള്ള കൊലപാതകമാണെന്നു തന്നെയാണ് പോലീസ് നിഗമനം. മോഷണശ്രമം തടഞ്ഞ ജോര്‍ജിനെ കെട്ടിയിട്ടും വായില്‍ തുണി തിരുകിയും ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് സൂചനകള്‍.
പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും മോഷണ മുതല്‍ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.വൈകുന്നേരത്തോടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമെന്നാണ് പോലീസ് പറയുന്നത്.