പീറ്റര്‍ ഏഴിമല
പയ്യന്നൂര്‍: തുടര്‍ച്ചയായ രണ്ടു പ്രളയവും കോവിഡിനെ തുടർന്നുണ്ടായ ഈ വര്‍ഷത്തെ ലോക്ക്ഡൗണും മൂലം വ്യാപാര സമൂഹം പ്രതി സന്ധിയിൽ. ഇത് അക്ഷരാര്‍ഥത്തില്‍ വ്യാപാരികളുടെ നടുവൊടിച്ചിരിക്കുകയാണ്. എന്തുചെയ്യണമെന്നറിയാതെ, മുന്നോട്ട് എങ്ങനെ എങ്ങോട്ട് പോകുമെന്നറിയാതെ കുഴങ്ങുകയാണ് കേരളത്തിലെ വ്യാപാര സമൂഹം.
കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിൽ കലിതുള്ളിയെത്തിയ പ്രകൃതിയുടെ സംഹാരതാണ്ഡവം വ്യാപാര സമൂഹത്തിന് വരുത്തിയ നഷ്ടങ്ങള്‍ ഭീകരമായിരുന്നു. അതിനിടയിലും പ്രളയ ദുരിതബാധിതരുടെ സങ്കടങ്ങളുടെ കടലാഴങ്ങള്‍ ഹൃദയത്തിലേറ്റി അവര്‍ക്ക് താങ്ങും തണലുമാകാന്‍ മുന്നിട്ടുനിന്നതും വ്യാപാരികളാണ്.
കൂടാതെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും പ്രളയബാധിതരെ സഹായിക്കാനായി സമീപിച്ചപ്പോഴും ആ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഐക്യദാർഡ്യവുമായി കൂടെനില്‍ക്കാനും വ്യാപാര സമൂഹം മടിച്ചില്ല. ഇതിനിടയിൽ ഒരുശതമാനം പ്രളയസെസും വ്യാപാരികള്‍ നല്‍കേണ്ടിവന്നു. നഷ്ടങ്ങളുടെ ദുര്‍ദിനങ്ങള്‍ മാറിയെന്നാശ്വസിച്ചു വന്നപ്പോഴാണ് നാട് കോവിഡിന്റെ പിടിയിലാകുന്നത്.
വിഷു-ഈസ്റ്റര്‍ വിപണി ലക്ഷ്യമിട്ട് പുതിയ സ്റ്റോക്കുകളുമായുള്ള കാത്തിരിപ്പിനിടയിലാണ് കോവിഡ് കടന്നുവന്നത്.ഇതോടെ എല്ലാ കണക്കുകൂട്ടലുകളും തകിടം മറിഞ്ഞു. കഴിഞ്ഞ മാര്‍ച്ച് 24 മുതല്‍ പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണിന് സമീപ ദിവസങ്ങളിലായി ചില ഇളവുകള്‍ പ്രഖ്യാപിച്ചതോടെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി വ്യാപാര സ്ഥാപനങ്ങള്‍ തുറന്നിരുന്നു.
എങ്കിലും രണ്ടുമാസത്തോളമായി വേലയും കൂലിയുമില്ലാതായതോടെ കീശ കാലിയായ ജനവിഭാഗങ്ങള്‍ വ്യാപാര സ്ഥാപനങ്ങളിലേക്കെത്തിയില്ല. പലവ്യഞ്ജന കടകളിലേക്ക് മാത്രമാണ് ആളുകളെത്തിയത്. സുമനസുകളായ ചില കെട്ടിടയുടമകള്‍ രണ്ടുമാസത്തെ വാടകയൊഴിവാക്കി വ്യാപാരികള്‍ക്ക് തുണയായെങ്കിലും വാടക കിട്ടാതെ തരമില്ല എന്ന നിലപാടിലാണ് കൂടുതല്‍ പേരും.
ഇതിന് പുറമെ തൊഴിലാളികളുടെ വേതനത്തിനും വൈദ്യുതി ബില്ലടയ്ക്കാനുള്ള പണത്തിനുമായി ചക്രശ്വാസം വലിക്കുകയാണ് പലരും.
വ്യാപാര സ്ഥാപനങ്ങള്‍ക്കായി വായ്പയെടുത്ത പണം ബാങ്കില്‍ തിരിച്ചടക്കുന്നതിന് കാലയിളവ് അനുവദിച്ചത് പലര്‍ക്കും ആശ്വാസമാണ്. പക്ഷേ പലിശ കയറിക്കൊണ്ടിരിക്കുന്നത് വ്യാപാരികള്‍ക്ക് മറ്റൊരു തലവേദനയായി മാറിയിരിക്കുന്നു.
ഈ ദുരിതമെല്ലാമനുഭവിക്കുന്നത് കേരളത്തിലെ പത്തര ലക്ഷത്തോളം വ്യാപാരികളാണ്.വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും അവരുടെ ആശ്രിതരുമുള്‍പ്പെടെ അന്‍പത് ലക്ഷത്തോളം ആളുകളും ഇതിന്റെ പാര്‍ശ്വഫലം അനുഭവിക്കേണ്ടി വരുന്നുവെന്ന അവസ്ഥയുമുണ്ട്. പ്രളയദുരിതം ആവര്‍ത്തിക്കാനുള്ള സാധ്യതയെയും ഭീതിയോടെയാണ് വ്യാപാരികള്‍ കാണുന്നത്.
പറഞ്ഞറിയിക്കാനാവാത്ത പ്രതിസന്ധിയിലായ വ്യാപാരികള്‍ക്ക് താങ്ങാകാനുള്ള പദ്ധതികളൊന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്ന സങ്കടത്തോടൊപ്പം എല്ലാ ആവശ്യങ്ങള്‍ക്കും സമീപിക്കാറുള്ള രാഷ്ട്രീയ പാർട്ടികളും ഇവരുടെ ദുരിതങ്ങളുടെ ആഴം കാണുന്നില്ലെന്ന പരിഭവവും ഇവര്‍ക്കുണ്ട്.