നെടുമ്പാശേരി: പ്രളയത്തെത്തുടർന്നു വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെട്ട മലബാർ മേഖലയിലെ വ്യാപാരികൾക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റി ഒരു കോടി രൂപ സഹായം നൽകുമെന്ന് ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് പറഞ്ഞു. പ്രളയ ബാധിതരെ സഹായിക്കാനായി രൂപീകരിച്ച “മലബാർ മേഖലയിലെ വ്യാപാരികൾക്കൊരു കൈത്താങ്ങ്’പദ്ധതിയുടെ ജില്ലാതല ഉത്ഘാടനം നെടുമ്പാശേരിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഓഗസ്റ്റ് 17 മുതൽ 24 വരെ ജില്ലയിലെ 250 യൂണിറ്റുകളിൽ നിന്നായി 45,000 അംഗങ്ങളുടെ ഒരു ദിവസത്തെ വരുമാനം സംഭാവനയായി സ്വീകരിച്ചാണ് ഫണ്ട് സമാഹരിക്കുന്നത്. ദുരന്തനിവാരണ അഥോറിറ്റിക്കു കീഴിൽ വ്യാപാര സ്ഥാപനങ്ങൾക്ക് നഷ്ടപരിഹാരം നല്കാൻ വ്യവസ്ഥ ഇല്ലാത്തതിനാൽ കഴിഞ്ഞ പ്രളയത്തിൽ വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെട്ടവർക്ക് സർക്കാർ ധനസഹായം ലഭിച്ചിരുന്നില്ല.
ഇതേതുടർന്ന് ജില്ലാ കമ്മിറ്റി 75 ലക്ഷം രൂപ വ്യാപാരികൾക്കായി സമാഹരിച്ചപ്പോൾ പ്രധാന സഹായം ചെയ്തവരാണ് മലബാറിലെ വ്യാപാരികൾ. അതോടൊപ്പം സർക്കാർ സ്ഥാപനങ്ങളും, സംഘടനകളും പ്രളയ ബാധിതരെ സഹായിക്കാനായി രംഗത്തിറങ്ങുമ്പോൾ ആവശ്യമായ സഹായം ചെയ്യാൻ വ്യാപാരികൾ തയ്യാറാകണമെന്നും ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ആവശ്യപ്പെട്ടു.
നെടുമ്പാശേരി മേഖല കമ്മിറ്റി ഒന്നാം ഘട്ടമായി ഒരു ലക്ഷം രൂപ ജില്ലാ പ്രസിഡന്റിനു കൈമാറി. യോഗത്തിൽ മേഖല പ്രസിഡന്റ് സി.പി. തരിയൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.ജെ . റിയാസ്, വർക്കിംഗ് പ്രസിഡന്റ് ടി.ബി. നാസർ, ജില്ലാ വൈസ് പ്രസിഡന്റ് ഇ.എം. നസീർ ബാബു, കെ.ജെ. പോൾസൺ, കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, ഷാജി മേത്തർ, ടി.ആർ. ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.