കായംകുളം : നവംബർ മൂന്നിന് രാവിലെ പത്ത് മണി മുതൽ പന്ത്രണ്ട് മണി വരെ സംസ്ഥാന വ്യാപകമായി പതിനായിരം കേന്ദ്രങ്ങളിൽ വ്യാപാരികൾ സൂചനാ പ്രതിഷേധ ധർണ്ണ നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദീൻ ജനറൽ സെക്രട്ടറി രാജു അപ്സര എന്നിവർ അറിയിച്ചു .
അഞ്ച് പേരടങ്ങുന്ന അംഗങ്ങൾ സംഘമായ് തിരിഞ്ഞ് യൂണിറ്റുകളിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്ക് മുമ്പിലും പ്രധാനജംഗ്ഷനുകളിലും കോവി ഡ് പ്രോട്ടോക്കോൾ പാലിച്ച് ധർണ്ണ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു .
സൂചനാ സമരത്തിന് ശേഷം അനുകൂല നിലപാടുണ്ടായില്ലെങ്കിൽ അനിശ്ചിത കാലത്തേക്ക് സംസ്ഥാന വ്യാപകമായി കടകൾ അടച്ചിട്ട് പ്രതിഷേധ സമര രംഗത്തേക്കിറങ്ങുമെന്നും ടി. നസറുദീനും രാജു അപ്സര യും വ്യക്തമാക്കി.
കോവിഡ് പ്രതിസന്ധിയിൽ പെട്ട് തകർന്ന് കൊണ്ടിരിക്കുന്ന വ്യാപാര മേഖലയെ സംരക്ഷിക്കണമെന്നും കേന്ദ്ര , സംസ്ഥാന സർക്കാരുകളുടെ വ്യാപാര ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് പ്രക്ഷോഭ സമര പരിപാടികൾ നടത്താൻ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തീരുമാനിച്ചതെന്നും ഇവർ പറഞ്ഞു .
കോവിഡ് 19 നെ സർക്കാർ ധനസമാഹരണത്തിനുള്ള മാർഗ്ഗമാക്കി സർക്കാർ മാറ്റി , പോലീസ് ഉൾപ്പെടെയുള്ള വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർക്ക് പിരിച്ചെടുക്കാനുള്ള തുകക്ക് ടാർജറ്റ് നിശ്ചയിച്ച് കൊണ്ട് അവരെ കയറൂരി വിട്ട് വ്യാപാരികളിൽ നിന്നും അന്യായമായ മായ പിഴ ഈടാക്കിക്കൊണ്ടിരിക്കുകയാണന്ന് സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ആരോപിച്ചു .
കണ്ടയ്മെന്റ് സോണുകൾ മൈക്രോ കണ്ടയ്മെന്റ് സോണുകളായ് മാറ്റുകയും കടകൾ തുറക്കുന്നതിനും അടക്കുന്നതിനുമുള്ള സമയക്രമം സംസ്ഥാനത്ത് ഒരു പോലെ നടപ്പിലാക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു .
സെക്ടറൽ മജിസ്ട്രേറ്റ് മാരുടെ അനാവശ്യ കടന്ന് കയറ്റം അവസാനിപ്പിക്കുക, അനധികൃത വഴിയോര വാണിഭങ്ങൾ നിരോധിക്കുക, ലൈസൻസ് ഫീസിലെ വൻ തോതിലുള്ള ഫൈൻ ഒഴിവാക്കുക, പുതുക്കിയ വാടകക്കുടിയാൻ നിയമം ഉടൻ നടപ്പിലാക്കുക,
റോഡ് വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പ് വരുത്തുക, തുടങ്ങി പതിനൊന്ന് ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് പ്രതിഷേധ സമരമെന്നും രാജു അപ്സര അറിയിച്ചു .