പാലക്കാട്: ഇന്ത്യൻ മാർക്കറ്റിലേക്കു നിയന്ത്രണങ്ങളില്ലാതെ ബഹുരാഷ്ട കുത്തകക്കന്പനികൾക്കു കടന്നുവരാൻ അവസരം നല്കുന്ന ഇന്ത്യൻ നിയമങ്ങൾ ചില്ലറവില്പന മേഖലയിലെ വ്യാപാരികളെ പ്രതിസന്ധിയിലാക്കുമെന്നു യൂത്ത് വിംഗ് സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു.
കേരളത്തിൽ ഓരോ ഗ്രാമത്തിലും കുത്തക കോർപറേറ്റ് കന്പനികളുടെ സൂപ്പർമാർക്കറ്റ് ശൃംഖലകൾ കടന്നുവരികയാണ്. അതിസന്പന്നരായ കോർപറേറ്റുകളോടു മത്സരിക്കാൻ കഴിയാത്ത ചെറുകിട സ്ഥാപനങ്ങളെല്ലാം വിപണിയിൽ പുറംതള്ളപ്പെടും. ഇന്ത്യയിലെ അന്പതു കോടിയിലധികം വരുന്ന ജനങ്ങൾ ആശ്രയിക്കുന്ന ഈ തൊഴിൽമേഖലയെ സംരക്ഷിക്കേണ്ടത് ഇന്ത്യൻ സമൂഹത്തിന്റെ അടിയന്തര ഉത്തരവാദിത്വമാണ്.
കാർഷിക മേഖലയിൽ ആത്മഹത്യ ചെയ്യുന്ന കർഷകരുടെ എണ്ണം വർധിച്ചുവരികയാണ്. കർഷകരും ചെറുകിട വ്യാപാരികളും സംയുക്തമായി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് നിസാർ കോട്ടയ്ക്കൽ അധ്യക്ഷത വഹിച്ചു.
ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ബാബു കോട്ടയിൽ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർപേഴ്സണ് പ്രമീള ശശിധരൻ, രാജു അപ്സര, ദേവസ്യ മേച്ചേരി, പി.എം.എം. ഇബ്രാഹിം, കെ.വി.അബ്ദുഹമീദ്, കെ. സേതുമാധവൻ, എ.എം.എ. ഖാദർ, സി. ഗോപകുമാർ, സി. ദേവരാജൻ, പെരിങ്ങമല രാമചന്ദ്രൻ, വൈ. വിജയൻ, ഷാജഹാൻ, കുഞ്ഞാവു ഹാജി, സൗമിനി മോഹൻദാസ് പങ്കെടുത്തു.
മണികണ്ഠൻ കാസർഗോഡ് സ്വാഗതവും പ്രജിത്ത് പട്ടാന്പി നന്ദിയും പറഞ്ഞു.നേരത്തെ വിക്ടോറിയ കോളജ് പരിസരത്തുനിന്നാരംഭിച്ച ബ്ലൂ വോളന്റിയർ മാർച്ചിൽ ആയിരക്കണക്കിനു യൂത്ത് വിംഗ് പ്രവർത്തകർ പങ്കെടുത്തു.