മണ്ണാർക്കാട്: വ്യാപാരികളെ തകർക്കുന്ന നഗരസഭയുടെ ഏകാധിപത്യ ഭരണത്തിന് എതിരെ പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ണാർക്കാട് യൂണിറ്റ് രംഗത്ത്. ബസ് സ്റ്റാൻഡിലെ നഗരസഭയുടെ കെട്ടിടത്തിലേക്ക് വൈദ്യുതി പുനസ്ഥാപിച്ചില്ലെങ്കിൽ നഗരസഭയിലേക്ക് മാർച്ച് നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ പറഞ്ഞു.
മണ്ണാർക്കാട് നഗരസഭയുടെ ഏകാധിപത്യ ഭരണത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ രംഗത്തെത്തി ഇത് വലിയ പ്രശ്നങ്ങൾക്ക് വഴിയൊരുക്കി ഇരിക്കുകയാണ്. ഇതോടെ ബസ് സ്റ്റാന്റിലെ കെട്ടിടം പൊളിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമുയർന്നു. നഗരസഭയുടെ അപ്രതീക്ഷിതമായ നടപടി മനുഷ്യത്വരഹിതമാണെന്ന് ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബാസിത് മുസ്ലീം പത്ര സമ്മേളനത്തിൽ പറഞ്ഞു .
ചെറുകിട വ്യാപാരികളോടുള്ള പ്രതികാരമെന്നോണം കെട്ടിടത്തിലേക്കുള്ള വിദ്യുച്ഛക്തി വിച്ഛേദിച്ചു. ഇത് പുനസ്ഥാപിച്ചില്ലെങ്കിൽ നഗരസഭയിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും. കെട്ടിടം പൊളിക്കുന്നതിനായി ബലക്ഷയമെന്ന കാരണം ദുരൂഹതയുണർത്തുന്നു.
ഇത് ഉന്നത സമിതി പരിശോധിക്കണമെന്ന ആവശ്യമുയർന്നു. കക്ഷി ഭേദമെന്യെ കൗണ്‍സിലർമാർ ഒന്നിച്ചത് അംഗീകരിക്കാനാവില്ല. പൊളിക്കുന്നതിന് പകരം ഇത് നവീകരിക്കുകയാണ് വേണ്ടത്. ഇതു സംബന്ധിച്ച് വ്യാപാരികളുമായി ചർച്ചക്ക് നഗരസഭ തയാറാവണം.
പൊളിക്കൽ നടപടികളുമായി നീങ്ങിയാൽ കൗണ്‍സിലർമാരുടെ ജനവിധി വ്യാപാരികൾ തീരുമാനിക്കുമെന്നും ബാസിത് മുസ്ലീം മുന്നറിയിപ്പു നൽകി. കെട്ടിടമൊഴിയാൻ മാർച്ച് 31 വരെ സമയമുണ്ടായിട്ടും വൈദ്യുതി വിച്ഛേദിച്ചത് തീർത്തും പ്രതിഷേധാർഹമാണെന്ന് വ്യാപാരികളും പറഞ്ഞു. കെ.വി.വി.ഇ. എസ് യൂണിറ്റ് സെക്രട്ടറി രമേഷ് പൂർണ്ണിമ, ജോണ്സണ്, ഡേവിസണ്‍, ഷമീർ, ഹരിഹരൻ, റഷീദ് തുടങ്ങിയവർ പങ്കെടുത്തു.