അമ്പലപ്പുഴ : വർധിപ്പിച്ച വാടക നൽകിയില്ലെന്നാരോപിച്ച് വ്യാപാരിയെ മർദിച്ച് കെട്ടിട ഉടമ കട അടച്ചുപൂട്ടിയതായി പരാതി. അമ്പലപ്പുഴ എഎസ് ഇലക്ട്രിക്കൽ സ്ഥാപന ഉടമ സുഭാഷ് എസ്.നായരെയാണ് കെട്ടിട ഉടമ അമ്പലപ്പുഴ കിഴക്കേനട അശ്വനി ഭവനിൽ ജയകുമാർ മർദിച്ചതായി പോലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ മൂന്നര വർഷമായി ജയകുമാറിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ സുഭാഷ് ഇലക്ട്രിക്കൽ ഉത്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനം നടത്തി വരികയാണ്.
മുൻകാല പ്രാബല്യത്തോടെ 15 ശതമാനം വാടക വർധിപ്പിച്ച് നൽകണമെന്ന് കഴിഞ്ഞ ദിവസം കെട്ടിട ഉടമ അറിയിച്ചു. എന്നാൽ ന്യായമായ വർധനവ് നൽകാമെന്ന് സുഭാഷ് പറഞ്ഞെങ്കിലും അംഗീകരിക്കാതെ കെട്ടിട ഉടമ കച്ചവടം തടസപ്പെടുത്തി കട മറച്ചുകെട്ടി.
ഇത് നീക്കം ചെയ്തതിനെ ചൊല്ലി ബുധനാഴ്ച രാവിലെ വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന്സുഭാഷിനെ മർദിച്ച് അവശനാക്കി കട പൂട്ടുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. വ്യാപാരിയെ മർദിച്ചതിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായിഏകോപന സമിതി പ്രതിഷേധ മാർച്ച് നടത്തി.
അമ്പലപ്പുഴ കച്ചേരി മുക്കിൽ നിന്നാരംഭിച്ച മാർച്ച് സ്ഥാപനത്തിനു മുമ്പിൽ സമാപിച്ചു. കെട്ടിടം ഉടമ സ്ഥാപനം താഴിട്ടു പൂട്ടിയത് സംഘടനയുടെ നേതൃത്വത്തിൽ തുറന്ന് പ്രവർത്തിക്കുവാനുള്ള സൗകര്യം ഒരുക്കി. പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശനിയാഴ്ച കടകൾ അടച്ച് ഹർത്താലാചരിച്ച് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തുമെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സെക്രട്ടറി മുജീബ് റഹ്മാൻ പറഞ്ഞു.
തോമസ് കണ്ടഞ്ചേരി, അഹ്മദ്, മനോജ്, അൻസാരി, ജമാൽ അരീപുരം, മാവാഹിബ്, ജീലാനി, സദർ, സുരേഷ് കാമേഴം, മുത്തലിബ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.