കോഴിക്കോട്: കര്‍ഷക സംഘടനകളെ ഉള്‍പ്പെടുത്തി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കം നടക്കുന്നത്.
ഈ മാസം അവസാനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ടി.നസറുദ്ദീന്‍ പറഞ്ഞു.
കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക, വ്യാപാര ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചാണു പാര്‍ട്ടി രൂപീകരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുമെന്നും എല്ലാ മുന്നണികളോടും സമദൂരം പാലിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
പാര്‍ട്ടി രൂപവത്കരണവുമായി ബന്ധപ്പെട്ടു കര്‍ഷക സംഘടനകളുമായുള്ള പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അടുത്തയാഴ്ച ചേരുന്നുണ്ട്.
സെക്രട്ടേറിയറ്റില്‍ ഔദ്യോഗിക പ്രഖ്യാപനം സംബന്ധിച്ചു തീരുമാനമുണ്ടാവുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി കെ.സേതുമാധവന് പറഞ്ഞു. ഒരു ലക്ഷം പേരെ പാര്‍ട്ടിയില്‍ അണിനിരത്താനാവുമെന്നാണ് ഭാരവാഹികള്‍ പ്രതീക്ഷിക്കുന്നത്.