പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു നിർണായക തെളിവായ സിസിടിവിയുടെ ഹാർഡ് ഡിസ്ക് കണ്ടെത്തി.
അച്ചൻകോവിൽ ആറ്റിൽ നിന്നാണ് ഹാർഡ് ഡിസ്ക് കണ്ടെത്തിയത്. കൊല നടത്തിയ ശേഷം പ്രതികൾ ഹാർഡ് ഡിസ്ക് അവിടെ നിന്നും കൊണ്ടുപോയിരുന്നു. പ്രതികൾ ഹാർഡ് ഡിസ്ക് വലഞ്ചുഴി ഭാഗത്തു നിന്നു ആറ്റിൽ എറിഞ്ഞിട്ടുണ്ടെന്ന സംശയത്തിൽ ഡിവൈഎസ്പി യും സംഘവും കഴിഞ്ഞ മൂന്നു ദിവസമായി പ്രദേശത്ത് തെരച്ചിൽ നടത്തുകയായിരുന്നു.
ഡിസംബർ 30 ന് വൈകിട്ടാണ് മൈലപ്രയിലെ വ്യാപാരി 73 കാരനായ ജോർജ് ഉണ്ണൂണ്ണിയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തോർത്തും ലുങ്കിയും ഉപയോഗിച്ച് വ്യാപാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മദ്രാസ് മുരുകൻ, സുബ്രമണ്യൻ, മുത്തുകുമാർ എന്നിവർക്ക് പുറമെ വലഞ്ചുഴി സ്വദേശികളായ ഹരീബ്, നിയാസ് എന്നിവരും കൊലപാതകത്തിലെ പ്രതികളാണ്. കൃത്യത്തിനു ശേഷം മുത്തുകുമാർ ഒളിവിൽപോയി.
കൈകാലുകൾ ബന്ധിച്ച് വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം. ജോർജിന്റെ കൊച്ചുമകനാണ് മൃതദേഹം കണ്ടത്. വീട്ടിലേക്ക് കൂട്ടികൊണ്ടുപോകാന് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ ജോർജിനെ കണ്ടെത്തിയത്.
വിവരം ഉടൻ തന്നെ പോലീസിൽ അറിയിച്ചു. കട പോലീസ് സീല്‍ ചെയ്തിരുന്നു. കടയില്‍ നിന്ന് പണവും ജോര്‍ജിന്റെ കഴുത്തിൽ കിടന്ന മാലയും നഷ്ടപ്പെട്ടു. വ്യാപാരിയുടെ മുഖത്തു ക്ഷതമേറ്റിട്ടുണ്ടെന്നും വാരിയെല്ലുകളിലൊന്നിൽ പൊട്ടലുള്ളതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.