വടകര: ഓവുചാലിലേക്ക് മലിനജലം ഒഴുക്കിയതിന്റെ പേരിൽ ഹോട്ടലുകൾ അടച്ചുപൂട്ടിയ നടപടിയിൽ പ്രതിഷേധം. വടകരയിലെ ഹോട്ടലുകളും കൂൾബാറുകളും അടച്ചിട്ടു. മുനിസിപ്പൽ അധികൃതർക്കെതിരെ വ്യാപാരികൾ നഗരത്തിൽ പ്രകടനം നടത്തി.മലിനജലം ഒഴുക്കിയതായി കണ്ടെത്തിയ പുതിയ സ്റ്റാന്റ് പരിസരത്തെ സസ്യ, സിൽവർ, ശ്രീമണി, ഗ്രിഫി, ഗായത്രി ഹോട്ടലുകളും സിറ്റി ലോഡ്ജുമാണ് അധികൃതർ അടച്ചൂപൂട്ടിയത്.
പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങൾ മുന്നറിയിപ്പില്ലാതെ ബലംപ്രയോഗിച്ച് പൂട്ടിയത് അംഗീകരിക്കാനാവില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കി. ഭക്ഷണ സാധനങ്ങൾ തയാറാക്കി ഹോട്ടലുകൾ പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് പൂട്ടിയത്.
ഓവുചാലിലൂടെ കരിന്പനത്തോടിലേക്ക് കക്കൂസ് മാലിന്യം ഉൾപെടെ എത്തുന്നതിനെതിരായ നടപടിയുടെ ഭാഗമായാണ് സ്ഥാപനങ്ങൾ അടച്ചൂപൂട്ടിയത്. കരിന്പനപ്പാത്ത് എത്രയോ കാലമായി പ്രതിഷേധം നടക്കുകയാണ്. കുടിവെള്ളം പോലും മലിനമാകുന്ന സ്ഥിതിയാണ് കരിന്പനപ്പാലം ഭാഗത്ത്.
ഇതിനു പരിഹാരം കാണുന്നതിന്റെ ഭാഗമായി വ്യാപാരസ്ഥാപനങ്ങളിലെ മലിനജലം ഓവുചാലിലേക്ക് ഒഴുക്കി വിടുന്നത് മുനിസിപ്പൽ അധികൃതർ തടയുകയുണ്ടായി. കരിന്പനത്തോട് മാലിന്യമുക്തമാക്കുന്നതിനു നാട്ടുകാരും അധികാരികളും കൊണ്ടുപിടിച്ച് ശ്രമം നടക്കുന്പോഴാണ് പുതിയ സ്റ്റാന്റിലെ ചില സ്ഥാപനങ്ങളിൽ നിന്നുള്ള മലിനജലം കരിന്പനത്തോടിൽ എത്തുന്നതായി അറിയുന്നത്. ഇ
തേ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയിൽ മുനിസിപ്പൽ അധികാരികൾ ചൊവാഴ്ച ഈ ഭാഗത്ത് പരിശോധന നടത്തുകയുണ്ടായി. പലസ്ഥാപനങ്ങളിലെയും സെപ്റ്റിക് ടാങ്കിൽ നിന്നുള്ള മലിനജലം ഉൾപെടെ നേരിട്ട് ഓടയിലേക്ക് ഒഴുക്കിവിടുന്നതായി പരിശോധനയിൽ കണ്ടെത്തി.
ഈ സാഹചര്യത്തിൽ നഗരസഭാ അധികൃതർ തന്നെ വ്യാപാര സ്ഥാപനങ്ങൾ അടച്ചൂപൂട്ടുകയായിരുന്നു. മലിനജലം നേരിട്ട് ഓടയിലേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തിയെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ മുനിസിപ്പൽ സെക്രട്ടറി കെ.യു.ബിനി പറഞ്ഞു.