വടക്കഞ്ചേരി: നിയമാനുസൃതം കച്ചവടം നടത്തി വരുന്ന വടക്കഞ്ചേരി ടൗണിലെ വ്യാപാരികളെ അവഗണിക്കുന്ന അധികൃതരുടെ നിലപാടുകൾക്കെതിരെ വ്യാപാരികൾ കടകളടച്ച് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലായിരുന്നു സമരപരിപാടികൾ. യൂണിറ്റ് പ്രസിഡന്റ് ബോബൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.ബാലമുരളി അധ്യക്ഷത വഹിച്ചു. ട്രഷറർ വി.എച്ച് അബ്ദുൾ കലാം, സന്തോഷ് അറക്കൽ, അലി മനയത്ത് എന്നിവർ പ്രസംഗിച്ചു.
ടൗണിൽ നിന്നും പ്രകടനമായാണ് നൂറ് കണക്കിന് വ്യാപാരികൾ പഞ്ചായത്ത് ഓഫീസിനു മുന്നിലെത്തിയത്. ഗെയ്റ്റിനു മുന്നിൽ വ്യാപാരികളെ പോലീസ് തടഞ്ഞു.
വാടക കുടിശികയും പിഴപലിശയും ആവശ്യപ്പെട്ട് നോട്ടീസ് അയക്കുന്ന പഞ്ചായത്ത് അധികൃതർ വ്യാപാരികളുടെ പ്രശ്നങ്ങളിൽ ഇടപ്പെട്ട് പരിഹാരം കാണുന്നില്ലെന്ന് വ്യാപാരി നേതാക്കൾ ആരോപിച്ചു. ബസ് സ്റ്റാൻഡും പഞ്ചായത്ത് അവഗണിച്ചിരിക്കുകയാണ്.
സ്റ്റാൻഡിലെ തകർന്ന റോഡുകൾ പോലും നന്നാക്കുന്നില്ല. സ്വകാര്യ ബസുകൾക്കൊപ്പം ടൗണിലുടെ പോകുന്ന എല്ലാ കെഎസ്ആർടിസി ബസുകളും സ്റ്റാൻഡിൽ കയറി പോകാൻ നടപടി എടുക്കണം. നേരത്തെയുണ്ടായിരുന്ന സ്റ്റാൻഡിലെ പഞ്ചിംഗ് സംവിധാനം പുനരാരംഭിക്കണമെന്നും വ്യാപാരി നേതാക്കൾ ആവശ്യപ്പെട്ടു.
ടൗണിലെ പ്രധാന റോഡുകളിലെല്ലാം താല്ക്കാലിക കച്ചവടക്കാർ നിറയുകയാണ്. വഴിയോര കച്ചവടം എന്നതു മാറി ഇപ്പോൾ കച്ചവടം വഴിയിലായി മാറി. എല്ലാവിധ നിയമങ്ങളും പാലിച്ച് കച്ചവടം നടത്തുന്ന കടകൾക്ക് മുന്നിൽ അനധികൃതമായി വാഹനങ്ങളും വഴികച്ചവടക്കാരും കയേറുകയാണ്.
വഴി കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കുന്ന പഞ്ചായത്ത്, എന്നാൽ വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങളിൽ പോലും നടപടി സ്വീകരിക്കുന്നില്ലെന്ന് വ്യാപാരി നേതാക്കൾ കുറ്റപ്പെടുത്തി. പഞ്ചായത്തും പോലീസും പരസ്പരം പഴിചാരി ഉത്തരവാദിത്വത്തിൽ നിന്നും പിന്മാറുന്ന സ്ഥിതിയാണിപ്പോൾ. നാല് വർഷമായി ട്രാഫിക് റഗുലേറ്ററി കമ്മിറ്റി വിളിച്ചിട്ടില്ല.
മാലിന്യത്തിന്റെ പേരിൽ വ്യാപാരികളിൽ നിന്നും ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും പിരിവ് നടത്തുന്നതായും ഭാരവാഹികൾ ആക്ഷേപമുന്നയിച്ചു.