കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര സംസാരിക്കുന്നു…
സമരരംഗത്തേക്ക് ഇറങ്ങുന്നതിന്റെ പശ്ചാത്തലം എന്താണ് ?
സംരംഭക സമൂഹത്തിന്റെ നന്മയെ മുൻനിർത്തി തിരുത്തേണ്ടതിനെ തിരുത്തുവാനും തിരുത്തിക്കുവാനുമുള്ള ഒരവസരമായിട്ടാണു ഞങ്ങൾ സമരത്തെ കാണുന്നത്. വ്യാപാരസംരക്ഷണം ഞങ്ങളുടെയും ഞങ്ങളുടെ കൂടെയുള്ള ലക്ഷോപലക്ഷം ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും ഉപജീവനത്തിന്റെ സംരക്ഷണം കൂടിയാണ്. അതു കണ്ടില്ലെന്നു നടിക്കുവാൻ ഇവിടത്തെ രാഷ്ട്രീയ നേതൃത്വത്തിനോ സർക്കാരിനോ കഴിയുമെന്നു ഞങ്ങൾ കരുതുന്നില്ല.
വ്യാപാര സംരക്ഷണയാത്രയെക്കുറിച്ച് ?
ജനുവരി 29നു കാസർഗോഡ്നിന്ന് ആരംഭിച്ച് ഫെബ്രുവരി 13നു തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു സമാപിക്കും. സമാപനദിവസം സംസ്ഥാനവ്യാപകമായി കടയടപ്പു സമരം നടത്തും. സംരംഭക സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ കേരളത്തിന്റെ പൊതുസമൂഹവുമായി സംവദിച്ചുകൊണ്ടായിരിക്കും പതിനാല് ജില്ലകളിലൂടെ യാത്ര നീങ്ങുക.
ജനപ്രതിനിധികൾ, സാമൂഹ്യ, രാഷ്ട്രീയ നേതാക്കൾ എന്നിവരെ നേരിൽക്കണ്ട് സംരംഭക സമൂഹം നേരിടുന്ന വിവിധ വിഷയങ്ങളുടെ രൂക്ഷത അവരെ അറിയിക്കും. സംസ്ഥാനത്തെ വിവിധ സംരംഭക കൂട്ടായ്മകൾ ഞങ്ങൾ ഉയർത്തുന്ന വിഷയങ്ങളോട് ഐക്യദാർഢ്യം അറിയിച്ച് യാത്രയിൽ പങ്കാളികളാകും. ഏകോപനസമിതി എന്ന വിശാല കൂട്ടായ്മ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
വ്യാപാരമേഖലയെ പ്രതിസന്ധിയിലാക്കുന്ന സര്‍ക്കാര്‍ നയങ്ങൾ എന്തൊക്കെയാണ്?
എല്ലാ സംരംഭകരും ലാഭവും സ്വൈര്യവും അംഗീകാരവും പ്രതീക്ഷിക്കുന്നു. ഇവയില്ലാത്ത അവസ്ഥ വരുമ്പോൾ സംരംഭകമേഖലയിൽനിന്നും തൊഴിലിടങ്ങളിൽനിന്നും പിൻവാങ്ങുവാൻ സംരംഭകരും ജീവനക്കാരും നിർബന്ധിതരാകും. നമ്മുടെ യുവജനങ്ങളുടെ പലായനത്തിനു കാരണം ഒരു പരിധിവരെ നമ്മുടെ സംരംഭകർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കൂടിയാണ്.
പുതിയ നിയമനിർമാണങ്ങളും നിയന്ത്രണങ്ങളും വരുമാനം ലക്ഷ്യമിട്ടുള്ള പുതിയ നികുതി നിർദേശങ്ങളും ഏർപ്പെടുത്തുന്നതിനു മുൻപായി അത് ബന്ധപ്പെട്ടവരിൽ ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യതയും മാനസികാഘാതവും വിലയിരുത്താൻ ബന്ധപ്പെട്ടവർ തയാറാകണം. സംരംഭകരെ ഭയപ്പെടുത്തി വരുതിയിലാക്കുന്ന സമീപനം ഉപേക്ഷിക്കണം. ചെറുകിട വ്യാപാരികളാണ് നമ്മുടെ സമ്പത് വ്യവസ്ഥയുടെ നട്ടെല്ല്. അവരെ സംരക്ഷിക്കുക എന്നത് സമൂഹത്തിന്റെ ആവശ്യമാണ്. ഈ മേഖലകളിൽ മാറ്റം വരുത്തിയേ മതിയാകൂ.
സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ മാത്രമാണോ പ്രതിസന്ധി സൃഷ്ടിക്കുന്നത്?
അല്ല. വിദേശ സ്വദേശ കുത്തകകൾക്കും ഓൺലൈൻ ഭീമൻമാർക്കും നമ്മുടെ കമ്പോളങ്ങൾ അടിയറ വച്ചതിന് ഉത്തരവാദികൾ കേന്ദ്രമാണ്. ഒരു ഭീമൻ മാൾ നമ്മുടെ ഒരു പട്ടണത്തിൽ വരുമ്പോൾ നൂറുകണക്കിന് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു എന്നു കൊട്ടിഘോഷിക്കാറുണ്ട്. എന്നാൽ അതുമൂലം തൊഴിൽ നഷ്ടപ്പെട്ടു കടക്കെണിയിലാകുന്ന പതിനായിരക്കണക്കിനു ചെറുകിട വ്യാപാരികളുടെയും അവിടെ പണിയെടുത്തിരുന്ന ലക്ഷക്കണക്കിനു ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും കഥകൾ പുറത്തുവരാറില്ല. സംരംഭകർക്കു ദോഷമായി വരുന്ന ഓരോ നിയമവും ആരാണോ ഉണ്ടാക്കുന്നത് അവരെല്ലാം ഈ ദുസ്ഥിതിക്ക് ഉത്തരവാദികളാണ്.
ജിഎസ്ടിയെക്കുറിച്ച്?
ജിഎസ്ടി ഒരു ബാലികേറാമലയാണ്. ഒരു വ്യാപാരി തന്റെ വ്യാപാരത്തിനായി ചെലവിടുന്ന സമയത്തെക്കാൾ കൂടുതൽ സമയം തന്റെ സ്ഥാപനത്തിന്റെ നികുതി സംബന്ധമായ വിഷയങ്ങൾക്കു വേണ്ടി ചെലവിടേണ്ടി വരുന്നു. ജിഎസ്ടി ഉണ്ടാക്കുന്ന പ്രശ്നങ്ങൾ അറിയാൻ കോടതികളിൽ ഇതുസംബന്ധമായ കേസുകളുടെ എണ്ണം നോക്കിയാൽ മതിയാകും. ജിഎസ്ടി നിയമത്തിൽ മാറ്റം വരുത്താനുള്ള അധികാരം രാജ്യത്തു ജിഎസ്ടി കൗൺസിലിനു മാത്രമാണ്. കൗൺസിലിലെ സംസ്ഥാനത്തിന്റെ ഏക പ്രതിനിധി ധനകാര്യമന്ത്രിയാണ്.
ജിഎസ്ടി നിയമത്തിൽ അടിയന്തരമായി ഉണ്ടാക്കേണ്ട മാറ്റങ്ങൾ ഏകോപനസമിതി അക്കമിട്ടു നിരത്തിയിട്ടുള്ളതാണ്. അവയ്ക്ക് പരിഹാരമുണ്ടാക്കുവാൻ സംസ്ഥാനത്തിന്റെ ഇടപെടൽ അനിവാര്യമാണ്. കേന്ദ്ര മോട്ടോർ വാഹനനിയമത്തിലെ ചില നിർദേശങ്ങൾ നിർമാണ മേഖലയെയാകെ സ്തംഭിപ്പിക്കുന്നതാണ്. ഫുഡ് സേഫ്റ്റി നിയമത്തിലും കാലോചിതമായ മാറ്റം വരുത്തുവാൻ ഇരു സർക്കാരുകൾക്കും ഉത്തരവാദിത്വമുണ്ട്. ഇവർ പരസ്പരം പഴിചാരുന്നതിനിടയിൽ തകരുന്നത് ഇവിടുത്തെ ചെറുകിട ഇടത്തരം സംരംഭകരാണ്.
ജനങ്ങള്‍ക്കിടയിൽ വലിയ സ്വീകാര്യതയുള്ള ഓണ്‍ലൈന്‍ വ്യാപാരത്തെ എന്തുകൊണ്ടാണ് എതിര്‍ക്കുന്നത്?
ജനങ്ങളുടെ സ്വീകാര്യത സൗകര്യം മുൻനിർത്തിയുള്ളതാണ്. പക്ഷേ നമ്മുടെ കടകൾ നിലനിന്നു പോകേണ്ടത് സമ്പത് വ്യവസ്ഥയ്ക്ക് ആവശ്യമാണ്. കെട്ടിട നികുതി, ലൈസൻസ് ഫീസ്, തൊഴിൽ നികുതി, പരസ്യ നികുതി ഇവയിൽനിന്നുമുള്ള വരുമാനമാണ് തദ്ദേശ സ്ഥാപനങ്ങളെ നിലനിർത്തുന്നത്.
ജിഎസ്ടി വരുമാനം സംസ്ഥാനത്തെയും. എന്നാൽ, ഓൺലൈൻ വ്യാപാരം വലിയതോതിൽ നികുതി വെട്ടിപ്പിനു വഴിയൊരുക്കുന്നു. സർക്കാരുകൾ ഓൺലൈൻ വ്യാപാരത്തിന് ആവശ്യമായ നിയന്ത്രണങ്ങൾ കൊണ്ടുവരണം. ഏകോപനസമതി എന്നും നാടിന്റെ നന്മയെ മുൻനിർത്തിയാണു തീരുമാനങ്ങൾ എടുക്കുന്നത്.
നിഷ്പക്ഷതയാണ് ഏകോപനസമിതിയുടെ രാഷ്ട്രീയ നിലപാടെന്നു വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് സംഘടന കത്തയച്ചത് വിവാദമായല്ലോ?
നല്ല കാര്യങ്ങൾ ആരുചെയ്താലും അതിനെ അംഗീകരിക്കുവാൻ ഏകോപന സമിതി എക്കാലവും തയാറായിട്ടുണ്ട്. ഏകോപനസമിതിയുടെ സംസ്ഥാന പ്രസിഡന്റ് ആയിരിക്കുമ്പോൾതന്നെ ഭാരതീയ ഉദ്യോഗ് വ്യാപാർ മണ്ഡലിന്റെ ദേശീയ ഉപാധ്യക്ഷൻ കൂടിയാണ് ഞാൻ.
വ്യാപാരികൾക്ക് നന്മ ഉണ്ടാകുന്ന തീരുമാനം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും രാഷ്ട്രീയ പരിഗണകൾക്കതീതമായി അഭിനന്ദിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന മന്ത്രിസഭായോഗം വാണിജ്യവകുപ്പ് രൂപീകരിക്കും എന്ന തീരുമാനമെടുത്തു. വ്യാപാര സംരക്ഷണ യാത്ര ഉയർത്തുന്ന ഒന്നാമത്തെ ആവശ്യമായിരുന്നു വ്യാപാര മന്ത്രാലയം എന്നത്. അത് അംഗീകരിച്ച സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുമ്പോൾ അതിൽ രാഷ്ട്രീയം കാണേണ്ടതില്ല.
ഹരിതകര്‍മസേനയുടെ രസീതും വ്യാപാര ലൈസന്‍സ് പുതുക്കലും വലിയ പ്രശ്നമായിരുന്നല്ലോ?
ഇക്കാര്യത്തിൽ സർക്കാർ അനുഭാവപൂർവമായ സമീപനം കൈക്കൊണ്ടേ മതിയാകൂ. ഹരിതകർമ സേനയുടെ സേവനം വഴി മാലിന്യ നിർമാർജനം ആവശ്യമില്ലാത്ത സ്ഥാപനങ്ങൾ പോലും യൂസർ ഫീ നൽകണമെന്ന നിബന്ധന ഏകപക്ഷീയമാണ്. മാലിന്യ നിർമാർജന മേഖലയിൽ മറ്റ് ഒട്ടനവധി വിഷയങ്ങൾ ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. എല്ലാ മുൻവിധികളും മാറ്റിവച്ച് സർക്കാർ ചർച്ചയ്ക്കു തയാറാകുകയും അവ അടിയന്തരമായി പരിഹരിക്കുകയും വേണം.
ഹോട്ടലുകളിലെ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനകളെ എങ്ങനെ കാണുന്നു?
ഒറ്റപ്പെട്ട ദൗർഭാഗ്യകരകരമായ സംഭവങ്ങളെ സാമാന്യവൽക്കരിക്കുവാൻ ഇവിടത്തെ രാഷ്ട്രീയ നേതൃത്വവും മാധ്യമങ്ങളും തല്പരകക്ഷികളും മത്സരിച്ചിറങ്ങിയതിന്റെ ഫലമാണ് ഇവിടെ കണ്ടത്. യാതൊരു പ്രാഥമിക അന്വേഷണവും നടത്താതെയും കേവലം പബ്ലിസിറ്റിക്കുവേണ്ടിയും സമൂഹത്തിൽ ഭീതി ജനിപ്പിക്കുംവിധം തത്സമയ മീഡിയ കവറേജോടുകൂടിയ കോമ്പിംഗ് ഓപ്പറേഷനുകൾക്ക് ഏകോപന സമിതിഎതിരാണ്.
മുൻപ് ലൈസൻസ് മാത്രം മതിയെന്ന് പറഞ്ഞിട്ടുള്ള സ്ഥാപനങ്ങളിൽ എത്തി കൗശലപൂർവം അവരെ രജിസ്ട്രേഷൻ പരിധിയിലേക്ക് കൊണ്ടെത്തിക്കുന്ന ഉദ്യോഗസ്ഥരെ സർക്കാർ നിലക്കു നിർത്തേണ്ടതാണ്. ഇതുവഴി പൊടുന്നനെ ഉണ്ടാകുന്ന അധിക ബാധ്യതകൾ ആര് വഹിക്കും? പണിയെടുക്കൂ, പിഴയടക്കൂ എന്ന സമ്പ്രദായവുമായി മുന്നോട്ടുപോകുവാൻ ആകില്ല.
നൗഷാദ് മാങ്കാംകുഴി