ആലപ്പുഴ: ദേശീയപാത വികസനത്തിന് വ്യാപാരികൾക്കുള്ള പുനരധിവാസ പാക്കേജും നഷ്ടപരിഹാരവും നൽകാതെ കുടിയൊഴിപ്പിക്കാൻ അധികാരികളുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായാൽ ചെങ്ങറ മോഡൽ സമരം ആവർത്തിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു.
ദേശീയപാത വികസനത്തിൽ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ സമര പ്രഖ്യാപന കണ്വൻഷൻ ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന് വ്യാപാരികൾ എതിരല്ല. എന്നാൽ വികസനത്തിന്റെ പേരിൽ ഉപജീവന മാർഗം നഷ്ടപ്പെട്ട് ആത്മഹത്യയിൽ അഭയം തേടാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള സർക്കാർ നീക്കം അനുവദിക്കാൻ കഴിയില്ല.
ഈ വിഷയത്തിൽ അനുകൂല നിലപാട് സർക്കാർ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ ഹൈവേ ഉപരോധമുൾപ്പെടെയുള്ള ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് കണ്വൻഷൻ ഐക്യകണ്ഠേന തീരുമാനിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി വി.സബിൽരാജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് പ്രതാപൻ സൂര്യാലയം, ജില്ലാ ഭാരവാഹികളായ ജേക്കബ് ജോണ്. വർഗ്ഗീസ് വല്ലാക്കൽ, കെ.എസ്.മുഹമ്മദ്, സജു പാർത്ഥസാരഥി, വി.സി.ഉദയകമാർ ഹരിനാരായണൻ, ആർ.സുഭാഷ്, തോമസ് കണ്ടഞ്ചേരി, പി.സി.ഗോപാലകൃഷ്ണൻ, മുജീബ് റഹ്മാൻ, എ.കെ.ഷംസുദ്ദീൻ, മുഹമ്മദ് നജീബ്, നസീർ പുന്നക്കൽ, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് സുനീർ ഇസ്മയിൽ, സെക്രട്ടറി പീയൂഷ്, ട്രഷറർ ജോസ് കൂന്പയിൽ തുടങ്ങിയവർ പ്രസംഗിച്ചു.