തിരുവനന്തപുരം: വ്യാപാരി സമൂഹത്തിന്റെ വിവിധ ആവശ്യങ്ങൾ അംഗീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചുള്ള കടയടപ്പ് സമരം സംസ്ഥാനത്ത് തുടങ്ങി. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് കടയടപ്പ് സമരം. ഏകോപന സമിതിയില്‍ അംഗത്വമുള്ള കടകളൊന്നും തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് ഏകോപനസമിതി നേതാക്കള്‍ അറിയിച്ചു.
അതേസമയം, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര നയിച്ച വ്യാപാരസംരക്ഷണ ജാഥ ഇന്നു തിരുവനന്തപുരത്തു സമാപിക്കും. ജനുവരി 29നാണ് കാസര്‍ഗോഡുനിന്ന് ജാഥ ആരംഭിച്ചത്. എല്ലാ ജില്ലകളിലൂടെയും സഞ്ചരിച്ചാണ് ജാഥ ഇന്ന് തിരുവനന്തപുരത്ത് സമാപിക്കുന്നത്. വൈകുന്നേരം അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം രാജു അപ്സര നിർവഹിക്കും.സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ അധ്യക്ഷത വഹിക്കും.
സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യാ മേച്ചേരി, സംസ്ഥാന ട്രഷറർ ദേവരാജൻ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി. കുഞ്ഞാവുഹാജി മുഖ്യ പ്രഭാഷണം നടത്തും. സമ്മേളനത്തിൽ എകെസിഡിഎ സംസ്ഥാന പ്രസിഡന്റ് എ.എൻ. മോഹൻ, കെഎച്ച് ആർഎ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ, സംരക്ഷണയാത്ര കോർഡിനേറ്റർമാരായ കെ.വി. അബ്ദുൾ ഹമീദ്, ബാബു കോട്ടയിൽ, വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കളായ എം.കെ. തോമസുകുട്ടി, പി.സി. ജേക്കബ്, എ.ജെ.ഷാജഹാൻ, കെ.കെ. വാസുദേവൻ, സണ്ണി പൈന്പിള്ളിൽ, കെ.അഹമ്മദ് ഷെരീഫ്, പി.കെ. ബാപ്പു ഹാജി, സബിൻരാജ്, വി.എം. ലത്തീഫ്, എം.ജെ. റിയാസ്, അഷ്റഫ് മൂത്തേടത്ത്, സലിം രാമനാട്ടുകര, സുബൈദാ നാസർ, വൈ. വിജയൻ, ധനീഷ് ചന്ദ്രൻ എന്നിവർ പ്രസംഗിക്കും.
അമിതമായി വര്‍ധിപ്പിച്ച ട്രേഡ് ലൈസന്‍സ്, ലീഗല്‍ മെട്രോളജി ഫീസുകള്‍ പിന്‍വലിക്കുക, ട്രേഡ് ലൈന്‍സിന്റെ പേരില്‍ ചുമത്തുന്ന പിഴ ഒഴിവാക്കുക, പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികളെ വേട്ടയാടുന്ന പരിശോധനയും പിഴയും നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇടതുപക്ഷാഭിമുഖ്യമുള്ള വ്യാപാരി വ്യവസായി സമിതിയിൽ അംഗത്വമുള്ളവരുടെ കടകള്‍ ഇന്നു തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.