കോഴിക്കോട്: അടിവാരത്ത് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ഏഴുപേർ മരിച്ച വാർത്ത ആരുടേയും കരളലിയിക്കും. കോഴിക്കോട് മെഡിക്കൽ കോളജിൽ അപകടത്തിൽപ്പെട്ടവരെ എത്തിച്ചപ്പോഴും കൂട്ട നിലവിളിയായിരുന്നു മുഴങ്ങിയത്. എന്നാൽ ആ നിലവിളികൾക്കിടയിലും പിടിച്ചുപറിക്കായി കോപ്പുകൂട്ടുന്നവരെ എന്തു വിളിക്കും.
കൂട്ട അപകടത്തിന്റെ തിരക്കിൽ, ആുപത്രിയിലേക്ക് വേണ്ട സാധനങ്ങൾക്ക് വിലകൂട്ടി വിൽപ്പന നടത്തുന്ന കച്ചവടക്കാർ മെഡിക്കൽ കോളജിന്റെ ശാപമാകുകയാണ്. അപകടത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കൾ മൃതദേഹത്തിൽ പുതയ്ക്കുവാനുള്ള തുണിയുൾപ്പെടെയുള്ള വസ്തുക്കൾക്കായി എത്തിയപ്പോഴാണ് സമീപത്തെ കച്ചവടക്കാർ മൂന്നിരട്ടിയിലധികം വിലവാങ്ങിയത്. അന്പത് രൂപയ്ക്ക് സാധാരണ വിൽക്കുന്ന തുണിയാണ് 150 ര ൂപയ്ക്ക് വിൽപ്പന നടത്തിയത്.
കൂടാതെ ബക്കറ്റ്, മഗ്ഗ് തുടങ്ങിയവക്കും വൻവിലയാണ് ഈടാക്കിയത്. പോസ്റ്റ്മോർട്ടത്തിനുശേഷം ആവശ്യമുള്ള വസ്തുക്കൾക്കും ഇരട്ടി വില നൽകേണ്ടിവന്നു. വിസറ ശേഖരിക്കുന്ന ചെറിയ പാത്രത്തിന് 50 രൂപയാണ് ഈടാക്കിയത്. സാധാരണ 20 രൂപയ്ക്കാണ് ഇത് വിൽപ്പന നടത്തുന്നത്.
പല സ്ഥലങ്ങളിൽ നിന്നും വരുന്നവരായതിനാൽ അധികം തർക്കിക്കാതെ ഇത് നൽകുകയാണ് പതിവ്. തർക്കിക്കാൻ കഴിയുന്ന മാനസികാവസ്ഥയിലല്ലെന്നതാണ് ഇവർ മുതലെടുക്കുന്നത്. അപ്പോഴും ചോരയൂറ്റുന്ന ഈ പിടിച്ചുപറിക്ക് സാക്ഷിയാകുകയാണ് മറ്റുള്ളവർ.