ആലപ്പുഴ: സംസ്ഥാനത്ത് മേയ് 30 വരെ ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിലും തുടർച്ചയായി മൂന്നാഴ്ചയിലധികമായി വ്യാപാര സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നതിനാലും വ്യാപാരി സമൂഹം കടുത്ത ആശങ്കയിലും പ്രതിസന്ധിയിലുമാണെന്നും ദുരിതമനുഭവിക്കുന്ന വ്യാപാര മേഖലയ്ക്ക് ലോക്ഡൗണിൽ ഇളവ് അനുവദിക്കണമെന്നും ഓൺലൈൻ ആയി കൂടിയ കേരള വ്യാപാര വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ധീൻ അധ്യക്ഷത വഹിച്ചു.
ലോക്ക്ഡൗൺ നാളുകളിൽ അവശ്യസർവീസ് കൂടാതെ മറ്റ് വ്യാപാര സ്ഥാപനങ്ങളും ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും തുറക്കാൻ അനുവദിക്കണമെന്നും, പൊതുജനങ്ങളുമായി ഏറ്റവും കൂടുതൽ ഇടപഴകുന്ന വിഭാഗമായ വ്യാപാരികളെ കോവിഡ് വാക്സിനേഷന്റെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും തദ്ദേശ-സ്വയംഭരണ സ്ഥാപനങ്ങളുടെയും,
വിവിധ കോർപ്പറേഷനുകളുടെയും കീഴിലുള്ള കെട്ടിടങ്ങളിലെ ലോക്ക്ഡൗൺ കാലത്തെ വാടക ഒഴിവാക്കായതു പോലെ, എല്ലാ സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങളുടെയും കടമുറികളുടെയും ഒരു മാസത്തെ വാടക ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ആവശ്യപ്പെട്ടു.
കൂടാതെ ഡി ആൻഡ് ഒ ലൈസൻസ് ഉൾപ്പെടെ വിവിധ ലൈസൻസുകൾ പുതുക്കുന്നതിന് പിഴയില്ലാതെ ആറ് മാസത്തെ കാലാവധി അനുവദിക്കുക, ജിഎസ്ടി റിട്ടേൺ സമർപ്പിക്കുന്നതിനു സാവകാശം നൽകുകയും തീയതി നീട്ടി നൽകുകയും ചെയ്യുക, എല്ലാത്തരം നികുതികൾക്കും ഇളവ് അനുവദിക്കുക,
വൈദ്യുതിചാര്ജ്ജില് പ്രത്യേക ഇളവുകളും, അടയ്ക്കുന്നതിനുള്ള തീതിയും നീട്ടി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു. ഓൺലൈൻ കുത്തക കമ്പനികൾ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുകയാണ്.
ഇതിനെതിരേ സർക്കാർ ഇതുവരെ ഒരുനടപടിയും സ്വീകരിച്ചിട്ടില്ല. സംസ്ഥാന പോലീസ് മേധാവി ഇവർക്ക് കൊടുത്ത അനുവാദം പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.സംസ്ഥാന ട്രഷറർ ദേവസ്യാ മേച്ചേരി സ്വാഗതം ആശംസിച്ചു. മലപ്പുറം ജില്ലാ പ്രസിഡന്റ് കുഞ്ഞാവുഹാജി,
തൃശൂർ ജില്ലാ പ്രസിഡന്റ് അബ്ദുൾ ഹമീദ്, വയനാട് ജില്ലാ പ്രസിഡന്റ് വാസുദേവൻ, പത്തനംതിട്ട ജില്ലാ പ്രസിഡന്റ്് എ. ജെ. ഷാജഹാൻ, കൊല്ലം ജില്ലാ പ്രസിഡന്റ്് ദേവരാജൻ, കാസർഗോഡ് ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെരീഫ്, കോട്ടയം ജില്ലാ പ്രസിഡന്റ് തോമസ്കുട്ടി, എറണാകുളം ജില്ലാ പ്രസിഡന്റ് പി. സി. ജേക്കബ്, ഇടുക്കി ജില്ലാ പ്രസിഡന്റ്് ദിവാകരൻ, കോഴിക്കോട് ജില്ലാ സെക്രട്ടറി സേതുമാധവൻ തുടങ്ങിയവർ സംസാരിച്ചു.