സ്വന്തംലേഖകന്‍
കോഴിക്കോട് : സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷമായി പടരുന്ന സാഹചര്യത്തില്‍ വ്യാപാരികള്‍ ആശങ്കയില്‍. ഓണത്തോടനുബന്ധിച്ച് കടകമ്പോളങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് വീണ്ടും രോഗവ്യാപനം രൂക്ഷമായത്. ഇതോടെ വിവിധ തദ്ദേശസ്ഥാനപനങ്ങളില് ലോക്ഡൗണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു.
ഇതോടെയാണ് വ്യാപാരികള്‍ വീണ്ടും ആശങ്കയിലായത്.തുറക്കാന്‍ അനുമതി ലഭിച്ചെങ്കിലും ഓണത്തിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ വ്യാപാരമേഖലയ്ക്ക് സാധിച്ചിരുന്നില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജുഅപ്സര രാഷ്ട്രദീപികയോട് പറഞ്ഞു.
മുന്കാലങ്ങളിലുള്ളത്ര കച്ചവടം ഓണവിപണിയില്‍ അനുഭവപ്പെട്ടിട്ടില്ല. വരുംദിവസങ്ങളില്‍ കൂടുതല്‍ കച്ചവടമുണ്ടാകുമെന്ന പ്രതീക്ഷയിലിരിക്കെയാണ് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായത്.കൂടുതല്‍ സ്ഥലങ്ങളില്‍ വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാന്‍ സാധിക്കാത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്.
പ്രതിവാര രോഗ വ്യാപന തോത് (ഡബ്ല്യുഐപിആര്‍) ഏഴിന് മുകളിലായാല്‍ ലോക്ഡൗണ്‍ എന്നാണിപ്പോള്‍ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ 10 ആയിരുന്നു പരിധി. പിന്നീടത് എട്ടാക്കി കുറച്ചു. ഏഴിലേക്ക് മാറ്റിയത് ഏറെ പ്രയാസമുണ്ടാക്കുന്നതാണ്. നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പടര്‍ന്നത് വ്യാപാരികള്‍ കാരണമല്ലെന്ന്
കോവിഡ് അതിരൂക്ഷമായി പടര്‍ന്നത് വ്യാപാരസ്ഥാപനങ്ങള്‍ തുറന്നതുകൊണ്ടോ വ്യാപാരികള്‍ കാരണമോ അല്ലെന്ന് വ്യാപാര സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. ഓണാഘോഷങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍ രോഗവ്യാപനം കൂടിയത്. വ്യാപാരസ്ഥാപനങ്ങള്‍ക്ക് പുറമേ മറ്റെല്ലാ മേഖലയും തുറന്നുപ്രവര്‍ത്തിച്ചിട്ടുണ്ട്.
വാക്സിനേഷന് കേന്ദ്രങ്ങളിലെല്ലാം ഇപ്പോഴും തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇവിടങ്ങളില്‍ നിന്നെല്ലാം വ്യാപനമുണ്ടാവാം. കൂടാതെ വിവാഹ ചടങ്ങുകള്‍ പരിമിതപ്പെടുത്തിയെങ്കിലും ഇപ്പോഴും പലയിടത്തും മാനദണ്ഡങ്ങള്‍ ലംഘിക്കുന്നുണ്ട്. ബസുകളിലും സമാനമായ സ്ഥിതിയാണ്.
വസ്തുത ഇങ്ങനെയാണെന്നിരിക്കെ വ്യാപാരമേഖലയില്‍ മാത്രം നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് ശരിയായ നടപടിയല്ല. ഇക്കാര്യം സര്‍ക്കാറിനെ അറിയിക്കുമെന്നും സംഘടനാ നേതാക്കള്‍ വ്യക്തമാക്കി. കടകള്‍ അടച്ചിടുന്നത് രോഗവ്യാപനം കൂട്ടും.
തുറന്ന പ്രദേശങ്ങളിലേക്ക് ആളുകള്‍ കൂട്ടമായി എത്താന്‍ ഇതിടയാക്കുമെന്നും അതിനാല്‍ കച്ചവട സ്ഥാപനങ്ങളെല്ലാം തുറക്കാനുള്ള അനുമതി നല്‍കണമെന്നുമാണ് വ്യാപാരികള്‍ പറയുന്നത്.