വടകര: കോടതി വിധിയുടെ മറവില്‍ കെട്ടിട ഉടമ നടത്തിയ അതിക്രമത്തില്‍ വ്യാപാരികളുടെ പ്രതിഷേധം. വൈക്കിലശേരി റോഡിലെ എവര്‍ഷൈന്‍ ബില്‍ഡിംഗ് മെറ്റീരിയല്‍സ് എന്ന കടയുടെ രണ്ട് മുറികള്‍ കെട്ടിട ഉടമയുടെ പരാതി പ്രകാരം കോടതി ഒഴിപ്പിച്ചിരുന്നു. എന്നാല്‍ ബാക്കിയുള്ള മൂന്ന് മുറികളില്‍ കച്ചവടം ചെയ്യുന്ന ആളെ ഉടമയും സംഘവും ഭീഷണിപ്പെടുത്തുകയും ഒഴിയാന്‍ വേണ്ടി എടച്ചേരി പോലിസില്‍ പരാതി നല്‍കുകയും ചെയ്തു.
പോലിസെത്തി കട തുറന്നപ്പോഴാണ് കടയിലെ പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങള്‍ നഷ്ടപ്പെട്ടതായി കടയുടമ കെ.ഇ. ഇസ്മായില്‍ അറിയുന്നത്. രാത്രിയുടെ മറവില്‍ പൂട്ടുപൊളിച്ച് സാധനങ്ങള്‍ കടത്തിയതാണെന്നാണ് വ്യാപാരി പറയുന്നത്.
സംഭവത്തില്‍ ഓര്‍ക്കാട്ടേരിയിലെ വ്യാപാരികള്‍ സംരക്ഷണ സമിതിയുടെ പേരില്‍ പ്രതിഷേധിച്ചു. വ്യാപാരിക്കെതിരെ അന്യായമായി കെട്ടിട ഉടമ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ ശക്തമായ സമരപരിപാടികള്‍ നടത്താനും നിയമപരമായി നേരിടാനും വ്യാപാരി സംരക്ഷണ സമിതി തീരുമാനിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ ഓര്‍ക്കാട്ടേരിയില്‍ പ്രകടനം നടത്തി. കെ.കെ.റഹീം, ഇ.വാസു, ടി.എന്‍.കെ.പ്രഭാകരന്, അശോകന്, വാസു ആരാധന, കെ.എം.ചന്ദ്രന്, പി.കെ.നാണു, റിയാസ് കുനിയില്‍, അഭിലാഷ് കോമത്ത് എന്നിവര്‍ നേതൃത്വം നല്കി.