തൃശൂർ: റോഡരികിൽ കവടി കളിച്ച് വ്യാപാരികളുടെ പ്രതിഷേധ സമരം. വ്യാപാര മാന്ദ്യംമൂലം പ്രതിസന്ധിയിലായ വ്യാപാരികളെ സംരക്ഷിക്കാനോ വ്യാപാരം മെച്ചപ്പെടുത്താനോ സർക്കാർ ഒരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് വ്യത്യസ്തമായ സമരം നടത്തിയത്.
പാരി വ്യവസായി ഏകോപന സമിതി തൃശൂർ നായരങ്ങാടി ആറാം പൂളിലെ വ്യാപാരികളാണു കടകൾ തുറന്നുവച്ചുകൊണ്ട് ഈ സമരം നടത്തിയത്. കോർപറേറ്റുകൾക്ക് ഇളവുകളും ഉത്തേജനങ്ങളും പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ വ്യാപാരികളേയും കർഷകരേയും വിസ്മരിച്ചെന്നും ഈ അടിസ്ഥാന മേഖലകൾക്കാണു സഹായം വേണ്ടതെന്നും ഉദ്ഘാടനം ചെയ്ത ഏകോപന സമിതി ജില്ലാ ട്രഷറർ ജോർജ് കുറ്റിച്ചാക്കു ഓർമിപ്പിച്ചു.
പ്രതിഷേധ യോഗത്തിൽ വ്യാപാരി നേതാക്കളായ എൻ.ഐ. വർഗീസ്, സുബ്രഹ്മണ്യൻ, ആൻഡ്രൂസ് മഞ്ഞില, സ്റ്റീഫൻ, ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.