പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സനുമായുള്ള ബന്ധത്തിന്റെ പേരില്‍ സമൂഹത്തിന്റെ നാനാതുറയിലുള്ള പ്രമുഖര്‍ ആരോപണം നേരിടുമ്പോള്‍ വിഷയത്തില്‍ യാതൊരുവിധ പ്രതികരണവും നടത്താതെ മൗനം പാലിക്കുകയാണ് സിനിമ മേഖലയിലെ വനിത സംഘടന.
ഇപ്പോള്‍ ഇവര്‍ക്കെതിരേ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ വ്യാസന്‍. ഫേസ്ബുക്കിലാണ് വ്യാസന്‍ തന്റെ പ്രതികരണം കുറിച്ചത്.
‘മോന്‍സന്റേ കൂടെ ദിലീപ് നില്‍ക്കുന്ന ഒരു ചിത്രം ഉണ്ടായിരുന്നെങ്കില്‍.. കാണാതെ പോയ ഒരു വനിതാ സംഘടനയുടെ ശബ്ദമെങ്കിലും കേള്‍ക്കാമായിരുന്നു’ എന്നാണ് വ്യാസന്‍ കുറിച്ചത്.
വ്യാസന്റെ പരാമര്‍ശത്തിന് നിരവധി പ്രതികരണവുമായി ആരാധകര്‍ കമന്റ് ബോക്‌സിലെത്തി. പറഞ്ഞത് സത്യമാണെന്നും പറഞ്ഞത് ഇഷ്ടപ്പെട്ടെന്നും കമന്റ് ബോക്‌സില്‍ ചിലര്‍ വ്യക്തമാക്കി.
എന്നാല്‍, മോന്‍സന്റെ കഥ സിനിമയാക്കി ദിലീപിനെ നായകനാക്കാമെന്നാണ് ഒരാള്‍ കുറിച്ചത്. അതേസമയം, ‘സെലക്ടീവ് പ്രതികരണ’മാണ് ആ സംഘടനയുടേതെന്ന് ഒരാള്‍ ആരോപിച്ചു.
ദിലീപ് നായകനായ ‘ശുഭരാത്രി’യുടെ സംവിധായകനാണ് വ്യാസന്‍. 2017ല്‍ പുറത്തിറങ്ങിയ അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയാണ് വ്യാസന്‍ ആദ്യമായി സംവിധാനം ചെയ്തത്. അതിനു ശേഷം 2019ല്‍ പുറത്തിറങ്ങിയ സിനിമയാണ് ശുഭരാത്രി.
ഇതില്‍ ദിലീപും അനു സിത്താരയുമാണ് നായകവേഷങ്ങളില്‍ എത്തിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് വ്യാസന്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സിനിമയിലെ വനിത സംഘടന ഈ വിഷയത്തില്‍ ദിലീപിനെതിരെ ശക്തമായ നിലപാട് ആയിരുന്നു എടുത്തത്.
എന്നാല്‍, സിനിമയിലെ പ്രമുഖരായ പല താരങ്ങളും പുരാവസ്തു തട്ടിപ്പില്‍ അറസ്റ്റിലായ മോന്‍സന്റെ ‘മ്യൂസിയ’ത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
ഉന്നതരായ പല രാഷ്ട്രീയക്കാരും പൊലീസ് ഉദ്യോഗസ്ഥരും ഇത്തരത്തില്‍ മോന്‍സന്റെ ‘പുരാവസ്തു’ ശേഖരം കാണാന്‍ എത്തിയിരുന്നു. എന്നാല്‍, ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ സിനിമയിലെ വനിത സംഘടനയുടെ പ്രതിനിധികള്‍ തയ്യാറായിട്ടില്ല.
പുരാവസ്തു സൂക്ഷിപ്പുകാരനാണെന്ന വ്യാജേന സമൂഹത്തിലെ ഉന്നതന്‍മാരെയും സെലിബ്രിറ്റികളെയും പറ്റിച്ച മോന്‍സന്‍ മാവുങ്കല്‍ സാമ്പത്തികതട്ടിപ്പില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് അറസ്റ്റിലായത്.
സമൂഹത്തിലെ ഉന്നതരായ പലരും മോന്‍സന്‍ മാവുങ്കലിന്റെ വീട്ടിലെ ‘പുരാവസ്തു’ ശേഖരം കാണാന്‍ എത്തിയിരുന്നു. സംസ്ഥാന പൊലീസ് മേധാവി ആയിരുന്ന ലോക്‌നാഥ് ബെഹ്‌റയും ഇതില്‍ ഉള്‍പ്പെടുന്നു.