നിലന്പൂർ: പാരന്പര്യവൈദ്യനെ ഒരു വർഷത്തോളം തടങ്കലിൽ വച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി ചാലിയാർ പുഴയിലെറിഞ്ഞ കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങും.
കോടതി റിമാൻഡ് ചെയ്ത പ്രതികളെ കൂടുതൽ ചോദ്യംചെയ്യേണ്ടതുണ്ടെന്നു പോലീസ് പറഞ്ഞു.
നിലന്പൂർ സ്വദേശിയും വയനാട്ടിൽ വ്യവസായിയുമായ പ്രവാസി ഷൈബിൻ അഷ്റഫ്, ഷൈബിന്റെ മാനേജരായ ബത്തേരി കൈപ്പഞ്ചേരി പൊന്നക്കാരൻ ഷിഹാബുദീൻ (36), തങ്ങളകത്ത് നൗഷാദ് (41), നിലന്പൂർ മുക്കട്ട നടുതൊടിക നിഷാദ് എന്നിവരാണു റിമാൻഡിലായത്.
പ്രധാന പ്രതി ഷൈബിന്റെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നു പോലീസ് പറഞ്ഞു.
നിലന്പൂരിലാണു മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. മുക്കട്ടയിലെ പ്രവാസി വ്യവസായിയായ കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫിന്റെ വീട് കയറി കവർച്ച നടത്തിയ കേസിന്റെ അന്വേഷണമാണ് ഒടുവിൽ കൊലപാതക കേസായി മാറിയത്.
നിലന്പൂർ മുക്കട്ടയിലെ ഷൈബിന്റെ വീട്ടിൽവച്ച് 2020 ഒക്ടോബറിലാണ് പാരന്പര്യ വൈദ്യൻ മൈസൂരു രാജീവ് നഗർ സ്വദേശി ഷാബാ ഷെരീഫ്(60) അതിദാരുണമായി കൊല്ലപ്പെട്ടത്.
മൂലക്കുരുവിന്റെ ചികിത്സയ്ക്കുള്ള ഒറ്റമൂലിരഹസ്യം മനസിലാക്കാൻ ഷാബാ ഷെരീഫിനെ 2019 ഓഗസ്റ്റിൽ തട്ടിക്കൊണ്ടുവന്ന് ഷൈബിന്റെ വീടിന്റെ ഒന്നാം നിലയിൽ പ്രത്യേക മുറിയിൽ ചങ്ങലയിൽ ബന്ധിച്ച് പാർപ്പിച്ചു.
മരുന്നിന്റെ രഹസ്യം മനസിലാക്കി വിറ്റ് പണം സന്പാദിക്കുകയായിരുന്നു ലക്ഷ്യം. ക്രൂരമായി പീഡിപ്പിച്ചിട്ടും ഷാബാ ഷെരീഫ് രഹസ്യം വെളിപ്പെടുത്തിയില്ല.
ഒടുവിൽ മർദിച്ചും കാലിൽ ഉരുട്ടിയും കൊലപ്പെടുത്തി. മൃതദേഹം വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കി കാറിൽ കയറ്റി പുലർച്ചെ ചാലിയാറിൽ എറിഞ്ഞതായി അന്വേഷണത്തിൽ കണ്ടെത്തി.
ഷൈബിന്റെ മാനേജരായ ഷിഹാബുദീൻ, നൗഷാദ്, നിഷാദ് എന്നിവരുടെ സഹായത്തോടെയാണു മൃതദേഹം കഷണങ്ങളാക്കിയത്.
ഷൈബിനും നിഷാദും ചേർന്നാണു വെട്ടിനുറുക്കിയ മൃതദേഹം കാറിൽ കൊണ്ടുപോയി പുഴയിലെറിഞ്ഞത്.
പിന്നിൽ രണ്ടു കാറുകളിൽ ഷിഹാബുദീൻ, നൗഷാദ് എന്നിവർ അകന്പടി പോയി. പുലർച്ചെ തിരികെ വീട്ടിലെത്തിയ പ്രതികൾ തെളിവുകൾ നശിപ്പിക്കുകയുംചെയ്തു.
മൈസൂരുവിലെ ലോഡ്ജിൽ നിന്നു രോഗിയെ ചികിത്സിക്കാനെന്ന പേരിലാണു ഷാബാ ഷെരീഫിനെ നിലന്പൂരിൽ എത്തിച്ചത്.
അദ്ദേഹത്തെ കാണാതായതിനു ബന്ധുക്കളുടെ പരാതിയിൽ മൈസൂരു സരസ്വതീപുര പോലീസ് സ്റ്റേഷനിൽ കേസുണ്ട്.
മാർച്ചിൽ പ്രതികളിൽ ചിലർ ഷൈബിനെ വീട്ടിൽ കയറി ആക്രമിക്കുകയും കവർച്ച നടത്തുകയും ചെയ്തിരുന്നു.
ഷൈബിന്റെ പരാതിയിൽ ബത്തേരി സ്വദേശികളുൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
അതിനിടെ മാർച്ച് 19ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലെത്തി നൗഷാദിന്റെ നേതൃത്വത്തിൽ പരാതിക്കാരനെതിരേ ഗുരുതര ആരോപണമുന്നയിച്ച് തീ കൊളുത്തി ആത്മഹത്യാശ്രമം നടത്തിയിരുന്നു.
ഈ സംഭവത്തിൽ തിരുവനന്തപുരം കന്റോണ്മെന്റ് പോലീസ് നൗഷാദ് ഉൾപ്പെടെ അഞ്ചുപേരെ കസ്റ്റഡിയിലെടുത്ത് നിലന്പൂർ പോലീസിനു കൈമാറിയിരുന്നു.
ഈ സമയം നൗഷാദ് പോലീസിനു കൈമാറിയ പെൻഡ്രൈവിലാണു കൊലപാതകം സംബന്ധിച്ച നിർണായക വിവരങ്ങളുണ്ടായിരുന്നത്.
പ്രതികൾ കുറ്റം സമ്മതിച്ചതായി മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ദാസ് പറഞ്ഞു.
ഷൈബിന്റെ ഭാര്യയടക്കം സംഭവ കാലയളവിൽ ഈ വീട്ടിൽ താമസിച്ചിരുന്നെന്നാണു പോലീസിന് ലഭിച്ച വിവരം, കുറ്റകൃത്യത്തിൽ അവരുടേതടക്കമുള്ള പങ്ക് വെളിപ്പെടണമെങ്കിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.