തൃശൂർ: സ്ഥിരതിയില്ലാത്ത വരുമാനവും ഉൽപന്നങ്ങൾക്ക് വേണ്ടത്ര വിലയില്ലാത്തതും ജനങ്ങളെ കാർഷിക രംഗത്തു നിന്ന് അകറ്റുകയാണെന്ന് ഗവർണർ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. തുഛമായ വരുമാനം കൊണ്ട് കർഷകർക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകാത്ത സാഹചര്യമുണ്ട്. തൃശൂർ തേക്കിൻകാട് മൈതാനിയിൽ ആരംഭിച്ച വൈഗ 2020 കാർഷിക മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.
രാജ്യത്തെ 61 ശതമാനം ജനങ്ങളും കൃഷിയെ ആശ്രയിച്ചാണ് കഴിയുന്നത്. 2022 ആകുന്പോഴേക്കും കർഷകരുടെ വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചിട്ടുണ്ട്. കാർഷിക രംഗത്തെ ടെക്നോളജി വർധിപ്പിച്ച് നിലവാരം വർധിപ്പിക്കാൻ സാധിച്ചാൽ മാത്രമേ കർഷക രംഗത്ത് വിപ്ലവങ്ങൾ സൃഷിക്കാൻ സാധിക്കൂ. കൃഷിയെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന കൃഷി മന്ത്രിയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് ഗവർണർ സൂചിപ്പിച്ചു.
കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു.ചേനയിൽ നിർമിച്ച നിലവിളക്കിലാണ് ഗവർണർ വൈഗയുടെ തിരി തെളിയിച്ചത്. സ്റ്റേജിൽ വച്ചിരുന്ന വഴുതന ചെടിയിൽ വെള്ളമൊഴിച്ച ശേഷമാണ് നിലവിളക്ക് കൊളുത്തിയത്.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ്, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ, ഗവ ചീഫ് വിപ് കെ. രാജൻ, മേയർ അജിത വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കോർപറേഷൻ കൗണ്‍സിലർ എം.എസ്.സന്പൂർണ, നബാർഡ് ചീഫ് ജനറൽ മാനേജർ ആർ. ശ്രീനിവാസ്, കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ. നിർമൽ ബാബു, കാർഷികോൽപ്പന്ന കമ്മീഷണർ ദേവേന്ദ്ര കുമാർ സിംഗ്, സ്പെഷ്യൽ സെക്രട്ടറി ആൻഡ് കൃഷി ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ തുടങ്ങിയവർ പങ്കെടുത്തു.