പാട്ടിന്റെ പാലാഴിയില്‍ നീന്തിത്തുടിക്കുകയാണ് കണ്ണൂര്‍ മയ്യില്‍ കയരളം ഒറപ്പടി സ്വദേശി ജിജു ഒറപ്പടി-ശിശിരാ കാരായി ദമ്പതികളുടെ മകള്‍ വൈഗരി സാവന്‍ എന്ന പൊന്നാമ്പല. രണ്ടര വയസില്‍ തുടങ്ങിയ സംഗീത പ്രണയം ആസ്വാദകര്‍ ഏറ്റെടുത്തതിലൂടെ അഞ്ഞൂറിലേറെ വേദികളാണ് ഈ കൊച്ചുമിടുക്കി കീഴടക്കിയത്.
വൈഗരി പിച്ചവയ്ക്കാന്‍ തുടങ്ങിയത് സംഗീതത്തിന്റെ അകമ്പടിയിലാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സജീവമായിരുന്ന ഒറപ്പടി കലാ കൂട്ടായ്മയുടെയും അഥീന നാടക നാട്ടറിവ് വീടിന്റെയും പരിശീലനങ്ങള്‍ നടന്നിരുന്നത് ഈ വീട്ടിലാണ്.
നാടന്‍ കല-നാടക-സിനിമാ പ്രവര്‍ത്തകനാണ് പിതാവ് ജിജു ഒറപ്പടിയെന്നതാണ് ഈ വീട് കാലാകാരന്മാരുടെ കേന്ദ്രവും പരിശീലനകളരിയുമായി മാറാന്‍ കാരണം. കലാ കൂട്ടായ്മയുടെ പാട്ടുകളുടെ ഈരടികള്‍ അങ്ങനെയാണ് വൈഗരിയുടെ ചുണ്ടുകളില്‍ തത്തിക്കളിക്കാന്‍ തുടങ്ങിയത്. ക്രമേണ സംഗീതത്തിന്റെ ആരോഹണങ്ങളും അവരോഹണങ്ങളും ശ്രുതിയുമെല്ലാം വൈഗരിയുടെ കളിക്കൂട്ടുകാരായി മാറി.
രണ്ടാം വയസില്‍ ആദ്യവേദി
കയരളം ഒറപ്പടിയില്‍ നടന്ന ഒരു സാംസ്കാരിക പരിപാടിക്കിടയില്‍ തനിക്കും പാടണമെന്ന രണ്ടുവയസുകാരി വൈഗരിയുടെ വാശിക്ക് വഴങ്ങിയാണ് മാതാപിതാക്കള്‍ മനസില്ലാ മനസോടെ സമ്മതിച്ചത്. എന്നാല്‍ കൊച്ചു വൈഗരി എല്ലാവരേയും ഞെട്ടിച്ചു.
പിന്നണിക്കാരുമൊത്തുള്ള പരിശീലനമില്ലാതെയും സഭാകമ്പമില്ലാതേയും മിന്നാം മിനുങ്ങേ എന്ന പാട്ട് പാടിത്തകര്‍ത്തപ്പോള്‍ നിറഞ്ഞ കൈയടികളുടെ വേദിയായി അത് മാറുകയായിരുന്നു. പിന്നീട്, രണ്ടരവയസില്‍ ഒറപ്പടി കലാകൂട്ടായ്മയുടെ “നാട്ടുത്സവം നാടന്‍ പാട്ടു മേള’ യിലൂടെ ഉത്തര മലബാറിലെ നിരവധി വേദികളില്‍ നാടന്‍ പാട്ടുകള്‍ പാടി തുടങ്ങിയ വൈഗരി മൂന്നാം വയസില്‍ ടിവി-സിനിമാ താരങ്ങളുടെ കൂടെ മെഗാഷോകളിലും സാന്നിധ്യമായി.
പ്രളയകാലത്ത് പാട്ടുവണ്ടിയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിക്കുന്നതിനായി ഒറപ്പടി കലാകൂട്ടായ്മയുടെയും നാട്ടുകലാകാരന്മാരുടെയും പ്രവര്‍ത്തനത്തില്‍ വൈഗരിയുമുണ്ടായിരുന്നു. കൂടാതെ കോവിഡ് കാലത്ത് നവമാധ്യമങ്ങളിലൂടെ നിരവധി ഓണ്‍ലൈന്‍ തത്സമയ പരിപാടികളും അവതരിപ്പിച്ചു.
“പൊന്നാമ്പല’ എന്ന പേരില്‍ കോവിഡ് ബോധവല്‍ക്കരണ നാടകം ഓണ്‍ലൈനിലൂടെ അവതരിപ്പിച്ച് ശ്രദ്ധേയമായതിലൂടെയാണ് വൈഗരി കലാസ്വാദകരുടെ പൊന്നാമ്പലയായി മാറിയത്. മുന്ന, വെളുത്ത മധുരം എന്നീ സിനിമകളിലും ചെറിയ വേഷങ്ങളിലൂടെ ഈ കൊച്ചു കലാകാരി തന്റെ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.
സിനിമാ ഗാനങ്ങളും നാടന്‍ പാട്ടുകളും വഴങ്ങും
ഇപ്പോള്‍ കണ്ണൂര്‍ അഥീന നാടക-നാട്ടറിവ് വീടിന്റെ “നാട്ടുമൊഴി’, “പാട്ടുറവ’ എന്നീ നാടന്‍പാട്ടു മേളകളിലെയും അഥീന ഫോക്ക് മെഗാഷോയിലെയും ശ്രദ്ധേയമായ താരമായി മാറിയിരിക്കുകയാണ് പൊന്നാമ്പല.
തനതു പാട്ടായ കാലെ കാല കുംഭ, തില്ലേലെ ലേലേലോ പുള്ളേ റങ്ക് മാ, തുഞ്ചന്‍ പറമ്പിലെ പഞ്ചവര്‍ണക്കിളി, താ തമ്പി തരികിട തോം, ഒന്നാനാം നല്ലൊരിളം കവുങ്ങ്, ഒന്നാം മണിക്കിണറ്റില്, പിള്ളേരാണ് പിള്ളേരാണ് എന്നിവയാണ് പൊന്നാമ്പലിനെ വേദികളില്‍ തിളങ്ങാനിടയാക്കിയ പാട്ടുകള്‍.
നിങ്ങള്‍ നിങ്ങളെ മാത്രം, നമ്മളല്ലാതെ മറ്റാരു സഖാക്കളെ, ഉമ്പായി കുച്ചാണ്ട്, കൊട്ടപ്പം കൊട്ടാങ്ങളെ, ചന്ദന പൂവരമ്പിനരികരികെ, അമ്മേ നാരായണ, എന്നാലുമേ എന്റെ നാത്തൂന്മാരേ… തുടങ്ങിയ പാട്ടുകളും മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ പൊന്നാമ്പലിനെ വേദികളില്‍ ശ്രദ്ധേയയാക്കുന്നു.
ഒമ്പതിനിടയില് ദേശീയ പുരസ്കാരവും
ഒമ്പതു വയസിനിടയില്‍ കേരളത്തിലെ മിക്ക ജില്ലകളിലും മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലുമായി അഞ്ഞൂറിലേറെ വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ കരിങ്കല്‍ക്കുഴി ഭാവന തിയറ്റേഴ്സിന്റെ 2022 ലെ ഭാവന നവപ്രതിഭാ പുരസ്കാരവും ഐഎഫ്കെകെ ചലചിത്ര അക്കാദമിയുടെ അനുമോദനം പൊന്നാമ്പലിന്‍ ലഭിച്ചിരുന്നു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അന്തേവാസികള്‍ക്കായി പാട്ടുകള്‍ പാടിയതിന് ജയില്‍ സൂപ്രണ്ടിന്റെ അനുമോദനവും ആദരവും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരള ഫോക്ലോര് അക്കാദമിയും കൊക്കാനിശേരി ബ്രദേഴ്സ് ക്ലബും ചേര്‍ന്ന് പയ്യന്നൂരില്‍ സംഘടിപ്പിച്ച നാടന്‍കളി പഠന ക്യാമ്പില്‍ പൊന്നാമ്പലിന്റെ സംഗീതാഭിരുചിക്ക് ഓലപീപ്പി അവാര്‍ഡും ലഭിച്ചു.
2023ല്‍ കലാഭവന്‍ മണി ഫൗണ്ടേഷന്റെ പ്രഥമ ബാല്യശ്രീ പുരസ്കാരം, അഭിനയത്തിന് ഭരത് പി.ജെ. ആന്റണി സ്മാരക ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. നാടന്‍ കലാ അക്കാദമി അവാര്‍ഡ് ജേതാക്കളായ റംഷി പട്ടുവം, ശരത് കൃഷ്ണന് എന്നിവര്‍ ചേര്‍ന്നാണ് പൊന്നാമ്പലക്ക് ഇപ്പോള്‍ പരിശീലനം നല്‍കുന്നത്.