ന്യൂഡൽഹി: 2016ൽ ബംഗാൾ ഉൾക്കടലിന് മുകളിൽ കാണാതായ ഇന്ത്യൻ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. എഎൻ-32 വിമാനത്തിന്റെ അവശിഷ്ടങ്ങൾ ചെന്നൈ തീരത്തുനിന്ന് 310കി.മീ. അകലെ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി നിയോഗിച്ച സമുദ്ര ഗവേഷണ വാഹനമാണ് കണ്ടെത്തിയത്.
വിമാനത്തിൽ വ്യോമസേനയിലെയും സൈന്യത്തിലെയും തീരസംരക്ഷണ സേനയിലെയും 29 ഉദ്യോഗസ്ഥരുണ്ടായിരുന്നു. ഇതിൽ കോഴിക്കോട് സ്വദേശികളായ സജീവ് കുമാർ, വിമൽ എന്നിവരുമുണ്ടായിരുന്നു. കടലിനടിയിൽ തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളുടെ ചിത്രങ്ങൾ ലഭിച്ചതായി അധികൃതർ വ്യക്തമാക്കി.
മറ്റ് വിമാനാപകടങ്ങൾ ഈ മേഖലയിൽ നടന്നിട്ടില്ലാത്ത സാഹചര്യത്തിലും, വിമാനം തകർന്ന ഭാഗത്തിന് സമീപം തന്നെ അവശിഷ്ടങ്ങൾ കണ്ടത്തിയതിനാലും ഇത് വ്യോമസേനയുടെ എഎൻ-31 വിമാനത്തിന്റെതാണെന്ന് സ്ഥിരീകരിച്ചതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ചെന്നൈയിലെ താംബരം വ്യോമസേനാ താവളത്തിൽ നിന്ന് 2016 ജൂലൈ 22നാണ് രാവിലെ 8 മണിയോടെ അന്റോനോവ് എഎൻ-32 വിമാനം പറന്നുയർന്നത്. ആർഡമാൻ നിക്കോബാർ ദീപസമൂഹത്തിലെ പോർട്ട് ബ്ലെയറിലേക്കുള്ള യാത്രയിൽ ജീവനക്കാരുൾപ്പെടെ 29പേരാണുണ്ടായിരുന്നത്.
ബംഗാൾ ഉൾക്കടലിന് മുകളിൽവച്ച് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. തുടർന്ന് തിരച്ചിലിനായി 16കപ്പലുകളും അന്തർവാഹിനിയും ആറ് വിമാനങ്ങളും വിന്യസിച്ചു. എന്നാൽ ഈ തിരച്ചിൽ അന്ന് ഫലം കണ്ടില്ല.