കൊല്ലം :വിമാന അപകടത്തില്‍ മരണമടഞ്ഞ കൊല്ലം അഞ്ചല്‍ ആലഞ്ചേരി വിജയവിലാസത്തില്‍ സാര്‍ജന്റ് അനൂപ് കുമാറിന്റെ മൃതദേഹം എത്രയും വേഗം നാട്ടില്‍ എത്തിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.
വ്യോമസേനയുടെ ചരക്കുവിമാനം കാണാതായി എട്ട് ദിവസത്തിന് ശേഷം ചൈന അതിര്‍ത്തിയില്‍ നിന്നും 16 കി.മി അകലെമാറിയാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന മൂന്ന് മലയാളികളടക്കം 13 പേരും മരിച്ചതായാണ് വ്യോമസേന സ്ഥിരീകരിച്ചിരിക്കുന്നത്.
വ്യോമസേനയുടെ വിമാനങ്ങള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്നതിനെ സംബന്ധിച്ച് വിശദമായ അന്വേഷം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടിക്കടി ഉണ്ടാകുന്ന വിമാനാപകടങ്ങള്‍ മൂലം നിരവധി വ്യോമസേനാ ഉദ്ദ്യോഗസ്ഥരുടെ ജീവനാണ് കഴിഞ്ഞ കുറെ കാലമായി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വിമാനാപകടത്തെ കുറിച്ച് ഒരു ഉന്നതതല അന്വേഷണം ആവശ്യമാണ്.
മരണപ്പെട്ട അനൂപ് കുമാറിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ഭാര്യക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു. അനൂപ് കുമാറിന്റെ നിര്യാണത്തില്‍ കുടുംബത്തോടൊപ്പം ദു:ഖത്തില്‍ പങ്കുചേരുന്നതായും എം.പി അറിയിച്ചു.