റിച്ചാർഡ് ജോസഫ്
തിരുവനന്തപുരം: ശംഖുമുഖത്തെ വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിൽ പറന്നിറങ്ങിയ വിമാനത്തിൽ നിന്നും ഡോക്ടർമാർ ചടുലവേഗത്തിൽ പുറത്തിറങ്ങി; കൂടെ ഒരു ആശുപത്രിയും! ദുരന്തമുഖത്തേക്കു പാഞ്ഞെത്തിയ വിദഗ്ധഡോക്ടർമാരും നഴ്സുമാരും ചേർന്ന് പരിക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി. അതേസമയത്തു തന്നെ പരിക്കേറ്റവർക്ക് വിദഗ്ധചികിത്സ നൽകാൻ സമീപത്ത് ഒരു അത്യാധുനിക ആശുപത്രിയും ഉയർന്നു.
മണിക്കൂറുകൾക്കകം. ടെക്നിക്കൽ ഏരിയക്കു സമീപമുള്ള വ്യോമസേന മൈതാനമായിരുന്നു ആ ’സാങ്കൽപ്പിക’ ദുരന്തസ്ഥലം. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്ന് ശംഖുമുഖത്തേക്ക് ആശുപത്രി പറന്നെത്തിയത് മൂന്നു മണിക്കൂർ കൊണ്ടാണ്. രാജ്യത്തെവിടെയും വിമാനത്തിലെത്തിച്ചു സജ്ജീകരിക്കാവുന്ന ആശുപത്രി സജ്ജമാക്കിരിയിക്കുന്നത് ഇന്ത്യൻ വ്യോമസേനയാണ്.
പെട്ടികളിലാക്കി വ്യോമസേനയുടെ വിമാനത്തിൽ എത്തിക്കുന്ന ന്ധആശുപത്രിന്ധ സജ്ജീകരിക്കാൻ വേണ്ടിവരുന്നത് ആറുമണിക്കൂർ. പൂർണമായും ശീതീകരിച്ച കൂടാരത്തിലെ ആശുപത്രിയിൽ കാഷ്യാലിറ്റി മുതൽ ഓപ്പറേഷൻ തീയറ്റർ വരെ മണിക്കൂറുകൾക്കുള്ളിൽ റെഡി. അത്യാഹിതങ്ങൾ ഉണ്ടാകുന്പോൾ വ്യോമസേനയുടെ റാപിഡ് ആക്ഷൻ മെഡിക്കൽ ടീമിന്റെ പ്രവർത്തനങ്ങൾ എങ്ങനെയെന്നു വ്യക്തമാക്കുന്ന രക്ഷാ പ്രദർശനത്തിലാണ് ദുരന്ത മേഖലകളിലേക്കു ’പറന്ന്’ എത്തുന്ന ആശുപത്രികൾ പ്രവർത്തിക്കുന്നതെങ്ങനെയെന്ന് വ്യോമസേന ഇന്നലെ ലൈവ് ഡമോണ്സ്ട്രേഷൻ വഴി വിശദീകരിച്ചത്.
വിംഗ് കമാൻഡന്റ് അനു മേഘയുടെ നേതൃത്വത്തിലുള്ള 28 അംഗ സംഘത്തിനാണ് ആശുപത്രിയുടെ പൂർണ ചുമതല. ഇതിൽ ഡോക്ടർമാരും സ്പെഷലിസ്റ്റ് ഡോക്ടർമാരും നഴ്സുമാരുമെല്ലാം ഉൾപ്പെടും. ഇന്ത്യയിൽ ഇത്തരത്തിലുള്ള മൂന്നു റാപിഡ് ആക്ഷൻ യൂണിറ്റുകളാണുള്ളത്. ബാംഗളൂർ, അസം എന്നീ സ്ഥലങ്ങളിലാണ് മറ്റു രണ്ടു യൂണിറ്റുകൾ. എന്നാൽ ഗാസിയബാദിലുള്ളതാണ് ഏറ്റവും വലിയ യൂണിറ്റ്.
100 രോഗികൾക്കുള്ള ഒപി സംവിധാനം, 25 ഐപി വിഭാഗം, എട്ട് സർജറി എന്നിങ്ങനെയുള്ള സംവിധാനങ്ങളാണ് മണിക്കൂറുകൾക്കുള്ളിൽ ഇവിടെ സജജീകരിച്ചത്. ഐസിയു, ജനറൽ വാർഡ്, മെഡിക്കൽ സ്റ്റോർ, ലാബ്, ഇസിജി, എക്റേ സംവിധാനങ്ങളും റെഡി.സുരക്ഷയ്ക്കായി കത്തി മുതൽ അത്യാധുനിക ടവോർ ക്ലോഡ് വെപണ് വരെയുള്ളവയും ഇവിടെയുണ്ട്. ഒരു കിലോമീറ്റർ വരെ ദൂരത്തിലുള്ള ശത്രുക്കളെ ഇതുപോയഗിച്ച് നേരിടാനാകും.
അടിയന്തിരഘട്ടത്തിൽ എവിടെയാണ് സഹായം എത്തിക്കേണ്ടിവരികയെന്നറിയില്ല. അതുകൊണ്ടുതന്നെ എല്ലാവിധ സജ്ജീകരണങ്ങളുമായാണ് വ്യോമസേന സഹായത്തിനായി എത്തുക. മെഡിക്കൽ ടീമിന് സംരക്ഷണം നൽകുന്നത് തിരുവനന്തപുരം സ്വദേശിയായ കമാൻഡിംഗ് ഓഫീസർ ബി.പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ശത്രുക്കളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളിലോ കാട്ടിൽ വന്യജീവികളുടെ അക്രമണം ഉണ്ടാകുന്ന അവസരങ്ങളിലോ ആണ് തോക്കുകളും മറ്റും ഉപയോഗിക്കേിണ്ടി വരിക.
താൽക്കാലിക ആശുപത്രിയിൽ നിന്നും രോഗികളെ അത്യാവശ്യ ചികിത്സകൾക്കുശേഷം എയർ ആംബുലൻസിലാണ് ആശുപത്രികളിൽ എത്തിക്കുക. ഇതിനായി റഷ്യൻ നിർമിത എയർക്രാഫ്റ്റായ എഎൻ 32 ആണ് എത്തിച്ചിരിക്കുന്നത്. 24 രോഗികളെ കിടത്തി തുടർ ചികിത്സ നൽകി സഞ്ചരിക്കാവുന്ന തരത്തിലാണ് എയർ ആംബുലൻസ് സജ്ജീകരിച്ചിരിക്കുന്നത്. എയർ ആംബുലൻസിൽ രോഗികളെ കയറ്റി സെക്കൻഡുകൾക്കകം വിമാനം പറന്നുയർന്നു.
എയർപോർട്ടിലെ ടെക്നിക്കൽ ഏരിയയിലാണ് എയർ ആംബുലൻസ് ഒരുക്കിയിരുന്നത്. ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ആർ.കെ.എസ്. ബദൂരിയയുടെ നേതൃത്വത്തിലാണ് സംഘം ശംഖുമുഖത്തെ വ്യോമസേനാ ആസ്ഥാനത്തെത്തിയത്. ദുരന്തമുഖത്ത് വ്യോമസേനയുടെ സേവനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് ഈ പരിശീലന പരിപാടി സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം നടത്തിയ സംവേദന വ്യോമഭ്യാസത്തിലൂടെ ദുരന്തങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സാധിച്ചു. പല ദുരന്തങ്ങളിലും അടിയന്തിര സാഹചര്യങ്ങളിലും ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തുന്നത് വ്യോമസേനായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.