ന്യൂഡൽഹി: അമേരിക്ക അഴിച്ചുവിട്ട ആഗോള വ്യാപാരയുദ്ധത്തിൽ ഇന്ത്യയും സജീവമാകുന്നു. അമേരിക്കയിൽനിന്നുള്ള 29 ഇനങ്ങൾക്ക് വർധിച്ച ചുങ്കം ഓഗസ്റ്റ് നാലിനു നിലവിൽവരുമെന്ന് ഇന്ത്യ അറിയിച്ചു. ഇതേത്തുടർന്ന് ഇന്ത്യയുമായി ചർച്ചയ്ക്ക് അമേരിക്ക തയാറായി.യൂറോപ്യൻ യൂണിയൻ അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്നുമുതൽ ഉയർന്ന ചുങ്കം ഈടാക്കും. ചൈന രണ്ടാം ഘട്ടമായി പ്രഖ്യാപിച്ച പിഴച്ചുങ്കങ്ങൾ ഈയാഴ്ച നടപ്പിൽവരും.
അമേരിക്കയുടെ വ്യാപാരകമ്മി ഇല്ലാതാക്കുകയും അമേരിക്കയിൽ ഉത്പാദനവും തൊഴിലും കൂട്ടുകയും ചെയ്യാൻ ഉദ്ദേശിച്ചാണു പ്രസിഡന്റ് ഡോണൾഡ് ട്രംപ് “യുദ്ധം’ തുടങ്ങിയത്. അമേരിക്കയിലേക്കുള്ള സ്റ്റീലിന് 25ഉം അലുമിനിയത്തിന് പത്തും ശതമാനം ഇറക്കുമതിച്ചുങ്കം ചുമത്തി. മാർച്ച് എട്ടിനായിരുന്നു ഇത്.
ഏപ്രിലിൽ ചൈന അമേരിക്കൻ സാധനങ്ങൾക്കു ചുങ്കം കൂട്ടി. പിറ്റേന്ന് അമേരിക്ക ചൈനയിൽനിന്നുള്ള 5000 കോടി ഡോളറിന്റെ ഇറക്കുമതിക്കുകൂടി പിഴച്ചുങ്കം പ്രഖ്യാപിച്ചു. തുടർന്നു ചർച്ച നടന്നെങ്കിലും ഫലമുണ്ടായില്ല. ചൈന തിരികെ ചുങ്കം ചുമത്തി. ഈ മാസം മൂന്നാംവട്ടവും ഇരുരാജ്യങ്ങളും ചുങ്കം കൂട്ടി.
ഇന്ത്യയിൽനിന്ന് 24.1 കോടി ഡോളറിന്റെ കയറ്റുമതിക്കാണ് അമേരിക്ക പിഴച്ചുങ്കമിട്ടത്. ഇന്ത്യ തത്തുല്യ തുകയ്ക്കുള്ള ഇറക്കുമതിക്ക് ചുങ്കം കൂട്ടും.ഇന്ത്യയുമായുള്ള വ്യാപാരത്തർക്കങ്ങൾ ചർച്ചചെയ്യാൻ അമേരിക്കൻ വാണിജ്യ പ്രതിനിധി മാർക്ക് ലിൻസ്കോട്ട് ഈ മാസാവസാനം ഡൽഹിയിലെത്തും.
ഇന്ത്യ ചുങ്കം കൂട്ടുന്ന സാധനങ്ങളുടെ പട്ടിക നേരത്തേ പ്രസിദ്ധപ്പെടുത്തിയിരുന്നു.ഇതിനിടെ അമേരിക്കൻ ഫെഡറൽ റിസർവ് (ഫെഡ്) ചെയർമാൻ ജെറോം പവൽ വ്യാപാരയുദ്ധത്തെ വിമർശിച്ചു രംഗത്തുവന്നു. വ്യാപാരനയത്തിലെ മാറ്റം സാന്പത്തികവളർച്ചയെ ബാധിക്കുമെന്ന് അദ്ദേഹം പോർച്ചുഗലിലെ ഒരു സമ്മേളനത്തിൽ പറഞ്ഞു. നയമാറ്റത്തെത്തുടർന്നു പല കന്പനികളും അമേരിക്കയിൽ മൂലധനനിക്ഷേപം നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കാൻ ആരംഭിച്ചു. ഇത് മുൻപുണ്ടാകാത്തതാണെന്നു പവൽ പറഞ്ഞു.
അമേരിക്കൻ പിഴച്ചുങ്കത്തിനെതിരേ കാനഡയുടെ പിഴച്ചുങ്കം ജൂലൈ ഒന്നിനു നടപ്പിൽവരും. മെക്സിക്കോ നടപടിയെടുക്കുമെന്നു പറഞ്ഞിട്ടേ ഉള്ളൂ. നടപടി ആയില്ല. ജപ്പാൻ ഇതുവരെ പകരത്തിനു പകരം ചെയ്യുമെന്നു പറഞ്ഞെങ്കിലും എന്നത്തേക്ക് എന്ന് അറിയിച്ചിട്ടില്ല.
ചൈനയിൽനിന്ന് 20,000 കോടി ഡോളറിന്റെ (13.5 ലക്ഷം കോടി രൂപ) ഇറക്കുമതിക്കുകൂടി തിങ്കളാഴ്ച രാത്രി അമേരിക്ക പിഴച്ചുങ്കം ചുമത്തി. പത്തു ശതമാനമാണ് ചുമത്തിയത്. ചൈന ഇതിനു പകരം ചുങ്കം കൂട്ടിയാൽ മറ്റൊരു 20,000 കോടി ഡോളർ ഇറക്കുമതിക്കുകൂടി അമേരിക്ക പിഴച്ചുങ്കം ചുമത്തുമെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞിരുന്നു.