വൈപ്പിന്‍: എടവനക്കാട് ഭാഗത്ത് കായല്‍ വെള്ളം കയറി ദുരിതമനുഭവിക്കുന്നവര്‍ക്ക് താല്കാലിക ആശ്വാസത്തിനായി തീരദേശ റോഡില്‍ കടല്തിരയിൽ അടിച്ചുകയറിയ മണല്‍ എടുക്കാന്‍ ബന്ധപ്പെട്ട അധികൃതരില്‍നിന്നു പഞ്ചായത്ത് ഇടപെട്ട് അനുമതിവാങ്ങി നല്‍കണമെന്ന് 13-ാം വാര്‍ഡിലെ ദുരിത ബാധിതര്‍ ആവശ്യപ്പെട്ടു.
തീരദേശത്തിന്റെ സംരക്ഷണത്തിനായി സ്ഥാപിച്ചിട്ടുള്ള മണല്‍ ബണ്ടിനു പുറമെ കടല്‍ അടിച്ചുകയറ്റിയിട്ടുള്ള ധാരാളം മണല്‍ തീരത്ത് അടിഞ്ഞ് കിടപ്പുണ്ട്.
കടല്‍ തന്നെ പിന്നീട് എപ്പോഴെങ്കിലും കവര്‍ന്നെടുക്കുന്ന ഈ മണല്‍ ഇവിടെനിന്നു മാറ്റുന്നതുകൊണ്ട് തീരത്തിനു ഭീഷണിയൊന്നുമുണ്ടാകില്ല. ദുരിതബാധിതര്‍ക്ക് ഇതില്‍നിന്നു മണല്‍ എടുക്കാന്‍ അനുവാദം ലഭിച്ചാല്‍ വീട്ടുവളപ്പിലേക്ക് വെള്ളം കയറാതിരിക്കാനും സ്ഥിരമായി ഉപയോഗിക്കുന്ന ഇടങ്ങളിലെ വെള്ളക്കെട്ട് നീക്കാനും തല്ക്കാലം ഉപകാരപ്പെടുമെന്നാണ് ദുരിതബാധിതര്‍ പറയുന്നു.
എടവനക്കാട് കണ്ണുപിള്ള കാപ്പ്, തോപ്പില്‍ കെട്ട് തുടങ്ങിയ ചെമ്മീന്‍ പാടങ്ങളുടെ പരിസരങ്ങളില്‍ താമസിക്കുന്നവരുടെ സ്ഥിതി വളരെ ദയനീയമാണ്. എടവനക്കാട് മൂരിപ്പാടം മേഖലയിലും വെള്ളക്കയറ്റം ജനത്തിനെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതി വേണം
വൈപ്പിന്‍: നാലുവശത്താലും വെള്ളത്താല്‍ ചുറ്റപ്പെട്ട വൈപ്പിന്‍ ദ്വീപിനെ കനത്ത വേലിയേറ്റത്തില്‍ നിന്നു രക്ഷിക്കാന്‍ കേന്ദ്ര – സംസ്ഥാന സഹായത്തോടെയുള്ള പരിഹാര പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് ഐക്യകണ്ഠേന പ്രമേയം പാസാക്കി.
ഏതെങ്കിലും ഏജന്‍സികളെക്കൊണ്ട് കൃത്യമായ പഠനംനടത്തി ശാശ്വതമായ പരിഹാരമാണ് ബ്ലോക്ക് പഞ്ചായത്ത് ആവശ്യപ്പെടുന്നത്.
ശക്തമായ വേലിയേറ്റംമൂലം വൈപ്പിന്‍ കരയിലെ ആറു പഞ്ചായത്തുകളിലെയും താഴ്ന്ന പ്രദേശങ്ങള്‍ കഴിഞ്ഞ ഒരുമാസത്തോളമായി വെള്ളത്തിനടിയിലാണ്.
കോവിഡ് ഭീഷണിക്കിടെ നൂറുകണക്കിനു വീടുകളിലും വെള്ളം കയറിയിറങ്ങുന്നു. ഇതാകട്ടെ മറ്റു പകര്‍ച്ചവ്യാധികള്‍ക്ക് വഴി തെളിക്കുന്നു. ഇതോടെ ജനജീവിതം ഇവിടെ ദുസഹമായിരിക്കുകയാണ്. മാത്രമല്ല ഇത് എല്ലാത്തരം കൃഷിളേയും മൃഗസംരക്ഷണത്തേയും പ്രതികൂലമായി ബാധിക്കുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു.
വൈസ് പ്രസിഡന്റ് കെ.എ.സാജിത്താണ് പ്രമേയം അവതരിപ്പിച്ചത്. കര്‍ഷകര്‍ ചൂഷണത്തിനു വിധേയമാകുന്ന കാര്‍ഷിക ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകരുടെ സമരത്തിനു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ബ്ലോക്ക് പഞ്ചായത്തംഗമായ ഇ.പി.ഷിബു അവതരിപ്പിച്ച പ്രമേയവും ഐക്യകണ്ഠേന പാസായി. പ്രസിഡന്റ് തുളസി സോമന് അധ്യക്ഷത വഹിച്ചു.