വൈപ്പിൻ: കഴിഞ്ഞ ഇരുപത്തിയഞ്ചു ദിനങ്ങൾക്കുള്ളിൽ വൈപ്പിൻ കരയിൽ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12. ഒരു കാലത്തും സംഭവിച്ചിട്ടില്ലാത്ത ഒരു അപകട പരന്പരയാണിത്. ഇതിൽ ആറു പേരുടെ മരണം ഒഴികെ ബാക്കി ആറും വൈപ്പിനിൽ വച്ചു തന്നെയുള്ള അപകടത്തിലാണ് മരിച്ചത്. നാലു പേരുടെ മൃതദേഹം ഇനിയും കണ്ടെത്താനായിട്ടില്ല.
പ്രളയ ദുരന്തങ്ങൾക്കിടെ കഴിഞ്ഞ മാസം 15നാണ് അപകട മരണങ്ങളുടെ തുടർക്കഥകൾ ആരംഭിക്കുന്നത്. വൈപ്പിനിൽനിന്നും മത്സ്യബന്ധനത്തിനു പോയ ബോട്ട് അർത്തുങ്കൽ ഭാഗത്ത് കടലിൽ മുങ്ങി മൂന്ന് പേരെ കാണാതായി. മാലിപ്പുറം വളപ്പ് കാട്ടാശേരി മധു-55 , നാലു തൈക്കൽ സേവ്യർ-55, സൗത്ത് പുതുവൈപ്പ് ഒറ്റതെങ്ങിൽ ബഷീർ-40 എന്നിവരെയാണ് കാണാതായത്. ഇവരെ കണ്ടെത്തും മുന്പേ 17നു വീണ്ടും ദുരന്തം വീണ്ടുമെത്തി.
പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിനുപോയ ഓച്ചന്തുരുത്ത് മറ്റപ്പിള്ളി മിഥുൻ കുമാറിനെ -21 വഞ്ചി മുങ്ങി കാണാതായി. 25 ദിനങ്ങൾ പിന്നിട്ടിട്ടും മത്സ്യതൊഴികളുടേയും മിഥുൻകുമാറിനെയും കണ്ടെത്താനായില്ല. ഇതിനിടയിലാണ് 21 നു പുലർച്ചെ സൗത്ത് പുതുവൈപ്പിൽ മത്സ്യബന്ധനത്തിനിടെ വയോധികനായ എളങ്കുന്നപ്പുഴ കച്ചാപറന്പിൽ വേലായുധൻ-76 വഞ്ചി മുങ്ങി മരിച്ചത്.
അന്നുതന്നെ രാവിലെ എടവനക്കാട് മായാബസാർ കിണറ്റുകരയിൽ മുഹമ്മദാലിയുടെ ഭാര്യ നജ്മ-52 എളങ്കുന്നപ്പുഴയിൽ ബൈക്കിൽ ബസിടിച്ച് മരിക്കുകയും ചെയ്തു. പ്രളയത്തിൽ ചെളി കയറിക്കിടന്നിരുന്ന വീട് വൃത്തിയാക്കാൻ മകനോടൊപ്പം വരുന്പോഴായിലുന്നു അപകടം. പ്രളയജലം ഇറങ്ങി ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നു കൊണ്ടിരിക്കുന്നതിനിടിയിലാണ് 27ന് വൈപ്പിൻ കരയെ ഞെട്ടിച്ചുകൊണ്ട് രണ്ട് യുവാക്കളുടെ ജീവൻ മരണം കവർന്നത്. ബൈക്ക് അപകടമായിരുന്നു.
മാലിപ്പുറം പാലത്തിൽ ബൈക്കുകളുടെ ഹാന്റിലുകൾ തമ്മിൽ കോർത്ത് ഉണ്ടായ അപകടത്തിൽ ഞാറക്കൽ നികത്തിത്തറ ശശിയുടെ മകൻ അഖിൽ-24, കുഴുപ്പിള്ളി ചെറുവൈപ്പ് തച്ചാട്ടുതറ പരേതനായ സോമന്റെ മകൻ അജിത്ത് ലാൽ-19 എന്നിവരുടെ ജീവനുകളാണ് മരണം കവർന്നത്. അടുത്ത മരണം സേലത്തിനടുത്തായിരുന്നു. എടവനക്കാട് കണക്കശേരി പരേതനായ ജോസിയുടെ മകൻ നിഖിൽ-21 നെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി.
അജ്ഞാത ജഡമായി റെയിൽവേ പോലീസ് മൃതദേഹം സംസ്കരിച്ചെങ്കിലും അന്വേഷിച്ചെത്തിയ ബന്ധുക്കൾ വസ്ത്രങ്ങളും ബാഗും കണ്ട് ആളെ തിരിച്ചറിയുകയായിരുന്നു. ദുരന്തങ്ങൾ ഒന്നിനു പുറകെ വന്നുകൊണ്ടിരിക്കെ അടുത്ത അപകടമരണവും എത്തി. പള്ളിപ്പുറം കുളങ്ങരവീട്ടിൽ കെ.എസ്.
മൈക്കിൾ-79 എന്ന വയോധികൻ മരണമടഞ്ഞു. കഴിഞ്ഞ മാസം 13ന് പുലർച്ചെ കോവിലകത്തും കടവിൽ ബൈക്ക് ദേഹത്തിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇദ്ദേഹം 31നു രാത്രി മരണമടയുകയായിരുന്നു. ഈ ശ്രേണിയിലെ പതിനൊന്നാമൻ കുഴുപ്പിള്ളി ചക്കാലക്കൽ ജോസഫ്-52 ആണ്. തടിപ്പണിക്കാരനായിരുന്ന ഇയാൾ ആലങ്ങാട് വെള്ളം കയറിയ പ്ലൈവുഡ് വ്യാപാരശാല വൃത്തിയാക്കിക്കൊണ്ടിരിക്കെ പ്ലൈവുഡ് കെട്ട് തലയിൽ വീണ് മരിച്ചു.
അപകട പരന്പരയുടെ അവസാനത്തെ കണ്ണി സിഎംഎഫ്ആർഐ ജീവനക്കാരനായ ചെറായി തത്തങ്ങാടി ഡാന്റീഷിന്റെ മകൻ ജിതീഷ്-24 ആണ്. കോഴിക്കോട് പയ്യോളിയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ബൈക്കിടിച്ചാണ് മരണം സംഭവിച്ചത്. ഇങ്ങിനെ അപകടമരണങ്ങൾ പതിവില്ലാത്തവിധം തുടർക്കഥപോലെ തുടരുന്ന സാഹചര്യത്തിൽ വൈപ്പിൻ നിവാസികൾ ഭീതിയിലാണ്.