വൈപ്പിൻ: വൈപ്പിൻ തീരത്തെ ഉല്ലാസക്കുളികൾ അപകടക്കെണി ആകുന്നു. വളപ്പ് ബീച്ച്, ചെറായിരക്തേശ്വരി ബീച്ച് , പുതുവൈപ്പ് ബീച്ച് എന്നിങ്ങനെ വ്യത്യസ്ത ഇടങ്ങളിലായി ഇക്കഴിഞ്ഞ ദിവസം 24 മണിക്കൂറുകൾക്കുള്ളിൽ രണ്ട് അതിഥി തൊഴിലാളികൾ ഉൾപ്പെടെ മൂന്നുപേർ കുളിക്കാനിറങ്ങി കാണാതായതോടെ തീരം മരണഭീതിയാൽ വിറങ്ങലിച്ചു നിൽക്കുകയാണ്.
മൂന്നാഴ്ച മുന്പ് ഇടുക്കി സ്വദേശിയായ ഒരു ഐടിസി വിദ്യാർഥിയും രക്തേശ്വരി ബീച്ചിൽ കുളിക്കാനിറങ്ങി മുങ്ങിമരിച്ചിരുന്നു. ഇതോടെ ബീച്ചുകളിലെ സുരക്ഷപാളിച്ചയെക്കുറിച്ചും വ്യാപകമായി ആക്ഷേപം ഉയർന്നിട്ടുണ്ട്.
ചെറായി, മുനന്പം, കുഴുപ്പിള്ളി എന്നീ മൂന്ന് ബീച്ചുകൾ മാത്രമാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിലിന്റെ കീഴിൽ വരുന്ന ബീച്ചുകൾ ഇതിൽ മുനന്പത്തും, ചെറായിയിലും മാത്രമാണ് ലൈഫ് ഗാർഡുകളുടെ സേവനമുള്ളു.
ബാക്കി സന്ദർശകർ എത്തുന്ന പുതുവൈപ്പ്, എൽഎൻജി, മാലിപ്പുറം വളപ്പ്, എടവനക്കാട് ചാത്തങ്ങാട്, ചെറായി രക്തേശ്വരി, പള്ളിപ്പുറം ആറാട്ട് കടവ് എന്നീ ബീച്ചുകളിൽ ലൈഫ് ഗാർഡുകളുടെ സേവനമില്ല.
അവധി ദിവസങ്ങളിൽ എല്ലാ ബീച്ചുകളിലും സന്ദർശകരുടെ ബാഹുല്യം വളരെ കൂടുതലാണ്. പലയിടത്തും കൂട്ടമായും തനിച്ചും കടലിൽ കുളിക്കുന്നതും പതിവാണ്.
എന്നാൽ സന്ദർശകർ വർധിക്കുന്നതിനനുസരിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഒരു ബീച്ചിലും ഇല്ല. തീരത്തുനിന്നു പടിഞ്ഞാറോട്ടു നീന്തിയുള്ള കുളിയാണ് പലപ്പോഴും അപകടം ഉണ്ടാകുന്നത്.
പ്രധാന ബീച്ചുകളിൽ പലപ്പോഴും ലൈഫ് ഗാർഡുകളുടെ മുന്നറിയിപ്പു പോലും കുളിക്കുന്നവർ ഗൗനിക്കാറില്ല. മദ്യപിച്ച് കുളിക്കുന്നതും ഇവിടെ പതിവാണ്. ബീച്ചുകളിലൊന്നും തന്നെ കുളിക്കാനിറങ്ങുന്നവർക്കായുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ല.
സുരക്ഷയൊരുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
വൈപ്പിൻ: വൈപ്പിൻ മണ്ഡലത്തിലെ ബീച്ചുകളിൽ സുരക്ഷ ഒരുക്കാൻ മുഖ്യമന്ത്രി ടൂറിസം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അടിയന്തിര നിർദേശം നൽകിയതായി എംഎൽഎ കെ.എൻ. ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.
കഴിഞ്ഞ ദിവസം വൈപ്പിനിലെ മൂന്ന് ബീച്ചുകളിലായി കുളിക്കാനിറങ്ങിയ മൂന്നുപേർ കടൽ തിരകളിൽപെട്ട് കാണാതായ സാഹചര്യത്തിൽ തീരത്ത് സന്ദർശകർക്ക് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.